1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2022

സ്വന്തം ലേഖകൻ: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി വിട്ട് തൃണമൂലിൽ ചേർന്ന മുൻകേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെ തിരഞ്ഞെടുത്തു. ശരദ് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗം പാർലമെന്റ് അനക്സിലാണ് ചേർന്നത്. യശ്വന്ത് സിൻഹയുടെ പേര് ചില നേതാക്കൾ മുന്നോട്ട് വെച്ചതായി നേരത്തെ സൂചനയുണ്ടായിരുന്നു.

ഗോപാൽ കൃഷ്ണ ഗാന്ധി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് പിൻമാറിയതോടെയാണ് പുതിയ പേരിലേക്ക് പ്രതിപക്ഷം നീങ്ങിയത്. എൻസിപി തലവൻ ശരദ് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരും സ്ഥാനാർഥിയാകാൻ വിസമ്മതിക്കുകയായിരുന്നു.

15ാം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപിക്ക് 13000 വോട്ട് കുറവ്. ഏകദേശം 10.86 ലക്ഷം വോട്ടുകളാണ് ആകെയുള്ളത്. അതിൽ ബിജെപിക്കും സഖ്യ കക്ഷികൾക്കും 48 ശതമാനം അഥവാ 5.26 ലക്ഷം വോട്ടാണുള്ളത്. ആകെ 50 ശതമാനത്തിലധികം വോട്ട് നേടിയാലാണ് തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുക. അതിനാൽ ഏതെങ്കിലും പ്രാദേശിക പാർട്ടിയെ കൂടെക്കൂട്ടിയാൽ ബിജെപിക്ക് ജയിക്കാനാകും.

ഒഡിഷ മുഖ്യമന്ത്രി നവീന പട്‌നായിക്കിന്റെ ബിജു ജനതാ ദളിന് ഏകദേശം 31,000, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന് ഏകദേശം 43000, ആൾഇന്ത്യാ അണ്ണാ ദ്രാവിഡ് മുന്നേറ്റ കഴകത്തിന് ഏകദേശം 15000 എന്നിങ്ങനെയാണ് വോട്ടുള്ളത്. ഇവയിൽ ചിലത് എൻഡിഎ സ്ഥാനാർഥിയെ പിന്തുണക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്.

2017ൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച രാം നാഥ് കോവിന്ദ് വിജയിച്ചത് ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ എന്നീ പാർട്ടികളുടെ പിന്തുണയോടെയാണ്. എന്നാൽ ഇക്കുറി ടിആർഎസ് തലവനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു പ്രതിപക്ഷ പാർട്ടികളെ ഏകീകരിക്കാനുള്ള പരിശ്രമത്തിലാണ്. തന്റെ പാർട്ടിയുടെ പേര് ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) എന്ന് പേര് മാറ്റി ദേശീയ രാഷ്ട്രീയത്തിൽ ഇടം കണ്ടെത്താനുള്ള ശ്രമത്തിലുമാണ്.

എംപിമാരും എംഎൽഎമാരുമടങ്ങുന്ന ഇലക്ട്രൽ കോളേജ് അടിസ്ഥാനമാക്കിയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ലോക്‌സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലെയും ഡൽഹിയിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.

രാജ്യസഭാംഗങ്ങളും ലോക്‌സഭാംഗങ്ങളും നിയമസഭാ സാമാജികരും ഉൾപ്പെടെ ആകെ 4,809 വോട്ടർമാർ അടങ്ങുന്നതാണ് ഇത്തവണത്തെ ഇലക്ടറൽ കോളജ്. സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെയും നിയമസഭാ സീറ്റുകളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് ജനപ്രതിനിധികളുടെ വോട്ടിന്റെ മൂല്യം കണക്കാക്കുക.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ബിജെപി 14 അംഗ മാനേജ്‌മെൻറ് കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ്. ജലവിഭവ മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്താണ് അധ്യക്ഷൻ. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. ജൂൺ 29ആണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. ജി. കിഷൻ റെഡ്ഡി, അശ്വനി വൈഷ്ണവ്, സർബാനന്ദ സോനോവാൾ, അർജുൻ മേഘ്‌വാൾ, ഭാരതി പവാർ എന്നിവരും ബിജെപി സമിതിയിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.