സ്വന്തം ലേഖകന്‍: ശബരിമലയിലെത്തിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് യെച്ചൂരിക്കൊപ്പം നില്‍ക്കുന്ന ചിത്രമെന്ന വ്യാജേന സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. യെച്ചൂരിയോടൊപ്പം സുഹാസിനി എന്ന തലക്കെട്ടോടെയാണു സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജചിത്രങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
‘ഇതാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍. റിപ്പോര്‍ട്ടറുമായി കെട്ടിപ്പിടിച്ചു നില്‍ക്കുന്ന നേതാവിനെയും കാണുക. സുഹാസിനി രാജിന്റെ ദൗത്യം എന്തെന്നു മനസ്സിലായോ?’ എന്ന വാക്കുകളും ചിത്രത്തിനൊപ്പമുണ്ട്. എന്നാല്‍ പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് യച്ചൂരിക്കൊപ്പമുള്ള ചിത്രമാണു സുഹാസിനിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്.
2015 ഓഗസ്റ്റില്‍ മുംബൈയിലെ ആസാദ് മൈതാനില്‍ നടന്ന സിപിഐഎം റാലിയില്‍ ഇരുവരും പങ്കെടുത്തപ്പോഴുള്ള ചിത്രമാണിത്. ചിത്രങ്ങള്‍ വ്യാജമാണെന്നു തെളിയിക്കുന്ന പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപകീര്‍ത്തിപ്പെടുത്തും വിധം തന്റെ പേരില്‍ വ്യാജചിത്രങ്ങള്‍ പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസം സുഹാസിനി പറഞ്ഞിരുന്നു.
ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി പോയതാണെന്നും ആരുടെയും വിശ്വാസം ഹനിക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നില്ലെന്നും സുഹാസിനി വ്യക്തമാക്കി. ഒക്ടോബര്‍ 18നാണ് ഇവര്‍ ശബരിമലയിലെത്തിയത്. മരക്കൂട്ടം വരെയെത്തിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്നു മടങ്ങേണ്ടി വന്നു. ജനാധിപത്യപരമായി, ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ ശബരിമല വിഷയം ചര്‍ച്ച ചെയ്തു പരിഹാരം കാണണമെന്നു സുഹാസിനി ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല