1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2015

സ്വന്തം ലേഖകന്‍: യെമനില്‍ പ്രസിഡന്റ് ഹാദിക്കെതിരെ ഷിയ വിമതര്‍ നടത്തുന്ന ആഭ്യന്തര യുദ്ധം ശക്തമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജരോട് ഉടന്‍ രാജ്യം വിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചു. യെമനില്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സലെയെ പിന്തുണയ്ക്കുന്ന സൈന്യം ബുധനാഴ്ച ഏദനിലെ തെക്കന്‍ തുറമുഖം പിടിച്ചടക്കി.

നേരത്തെ തലസ്ഥാനത്തു നിന്ന് കലാപകാരികള്‍ തുരത്തിയ പ്രസിഡന്റ് ഹാദി അഭയം പ്രാപിച്ചിരുന്ന നഗരമാണ് ഏദന്‍. എന്നാല്‍ അബ്ദുള്ള സലെയെ പിന്തുണക്കുന്ന കലാപകാരികള്‍ തൊട്ടടുത്ത് എത്തിയതോടെ ജീവന്‍ രക്ഷിക്കാനായി പ്രസിഡന്റ് ഹാദി പലായനം ചെയ്തതായാണ് സൂചന. ഹാദി ഏദന്‍ നഗരത്തെ താല്‍ക്കാലിക തലസ്ഥാനമായി പ്രഖ്യാപിഛ്കതിനെ തുടര്‍ന്നാണ് വിമതര്‍ ഏദനെതിരെയുള്ള ആക്രമണം ശക്തമാക്കിയത്.

3500 ഓളം ഇന്ത്യക്കാര്‍ വിവിധ രംഗങ്ങളിലായി യെമനില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 2500 ഓളം പേരും തലസ്ഥാനമായ സനായിലാണ്. യെമനില്‍ നേഴ്‌സുമാരായി ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷാപ്രശ്‌നങ്ങളെ വിലയിരുത്തി ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് കേന്ദ്രം ഇത്തരത്തില്‍ രാജ്യം വിടാന്‍ ആഹ്വാനം ചെയ്യുന്നതെന്ന് വിദേശകാര്യ വക്താവ് സയ്ദ് അക്ബറുദീന്‍ അറിയിച്ചു.

മതിയായ യാത്രാരേഖകളും മറ്റു സേവനങ്ങളും ആവശ്യമുള്ളവര്‍ക്ക് സനായിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം. അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി എംബസി ഹെല്‍പ് ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ കലാപ ബാധിത പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കായി എംബസി അധികൃതരുമായി തുടര്‍ച്ചയായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.