1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2015

സ്വന്തം ലേഖകന്‍: ചൊവ്വാഴ്ച സൗദി അറേബ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി സഖ്യസേന യെമനിലെ ഹൗതി ശക്തി കേന്ദ്രങ്ങളില്‍ വീണ്ടും വ്യോമാക്രമണം തുടങ്ങി. അതേസമയം പുറത്താക്കപ്പെട്ട പ്രസിഡന്റിനെ അനുകൂലിക്കുന്നവരും ഹൗതി തീവ്രവാദികളും തമ്മിലുള്ള കരയുദ്ധം ശക്തി പ്രാപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ സൗദി ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് അമേരിക്കയും ഇറാനും സ്വാഗതം ചെയ്തിരുന്നു. മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന്റെ ആദ്യമടിയാണിതെന്ന് അന്താരാഷ്ട്ര സമൂഹം സൗദിയെ പ്രശംസിക്കുകയും ചെയ്തു.

എന്നാല്‍ യെമന്‍ പ്രശ്‌നത്തില്‍ ഒരു രാഷ്ട്രീയ പരിഹാരം എത്ര അകലെയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ആക്രമണം. യെമന്‍ തലസ്ഥാനമായ സനായിലെ സാധാരണക്കാരുടെ അവസ്ഥ അതിഭീകരമാണ് എന്നാണ് റെഡ് ക്രോസിന്റെ അഭിപ്രായം.

സൗദി വ്യോമാക്രമണം പൂര്‍ണമായി നിര്‍ത്തിയാല്‍ മാത്രമേ ചര്‍ച്ചകള്‍ക്കു തയ്യാറാകൂ എന്നാണ് ഹൗതികളുടെ നിലപാട്. സനായിലും തുറമുഖ നഗരമായ ഏദനിലും കനത്ത പോരാട്ടം തുടരുകയാണ്. പലയിടത്തും ഔദ്യോഗിക സേനയില്‍ നിന്ന് ഹൗതികള്‍ക്ക് കനത്ത പ്രതിരോധം നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം മേഖലയിലൂടെ കടന്നു പോയ ഇറാന്റെ ഒരു സംഘം ചരക്കു കപ്പലുകള്‍ ഹൗതികള്‍ക്ക് ആയുധകള്‍ കൈമാറിയെന്ന് അമേരിക്ക ആരോപിച്ചു. ഷിയാ വംശജരായ ഹൗതികള്‍ക്ക് ഇറാന്‍ പിന്തുണയുണ്ടെന്നത് പരസ്യമായ കാര്യമാണ്. ഹൗതികള്‍ക്ക് ആയുധങ്ങള്‍ നല്‍കരുതെന്ന് അമേരിക്ക ഇറാന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.