1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2021

സ്വന്തം ലേഖകൻ: യെമനിലെ 35 പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഭാഗ്യം കടാക്ഷിച്ചത് തിമിംഗല ഛർദി അഥവാ ആംബർഗ്രിസിന്റെ രൂപത്തിൽ. ഏദെൻ കടലിടുക്കിൽ ചത്തുകിടന്ന സ്പേം തിമിംഗലത്തിന്റെ ശരീരത്തിനുള്ളിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾക്ക് 127 കിലോയോളം വരുന്ന ആംബർഗ്രിസ് ലഭിച്ചത്. തെക്കൻ യെമനിലെ സിറിയയിലുള്ള ജനങ്ങളുടെ ഉപജീവനമാർഗം മത്സ്യബന്ധനമാണ്. ഏറെയും പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇവരാണ് ഇപ്പോൾ കോടിപതികളായി മാറിയിരിക്കുന്നത്.

മത്സ്യബന്ധനത്തിനു പോയ ഇവർ കടലിടുക്കിൽ നിന്നാണ് അഴുകിത്തുടങ്ങിയ സ്പേം തിമിംഗലത്തിന്റെ ശരീരം കണ്ടെത്തിയത്. ശരീരം അഴുകിത്തുടങ്ങിയെങ്കിലും ശരീരത്തിൽ നിന്നും പുറത്തുവരുന്ന വേറിട്ട ഗന്ധം ഇവരെ ആകർഷിച്ചു. ഉടൻതന്നെ ഇവർ തിമിംഗലത്തിന്റെ ശരീരം കയറിൽ കെട്ടിവലിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. കരയിലെത്തി തിമിംഗലത്തിന്റെ വയർ കീറിമുറിച്ചാണ് 127 കിലോയോളം വരുന്ന ആംബർഗ്രിസ് പുറത്തെടുത്തത്.

വിവരമറിഞ്ഞെത്തിയ യുഎഇയിലെ മൊത്ത വ്യാപാരിയാണ് മത്സ്യത്തൊഴിലാളികളിൽ നിന്നും ആംബർഗ്രിസ് 10.96 കോടി രൂപയ്ക്ക് വാങ്ങിയത്. ലഭിച്ച തുക 35 പേരും തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി. തങ്ങളുടെ സമുദായത്തിലെ മറ്റുള്ളവർക്കും വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുമെന്ന് ഇവർ വ്യക്തമാക്കി.

കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ഛർദി അഥവാ ആംമ്പർഗ്രിസ് അറിയപ്പെടുന്നത്. അത്യപൂർവമാണണിത്. സ്പേം തിമിംഗലത്തിന്റെ സ്രവമാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. തിമിംഗലം ഛർദിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്. രൂക്ഷമായ ഗന്ധവും അപ്പോൾ ഇതിനുണ്ടാകും. പിന്നീടാണ് ഈ വസ്തു ഖരരൂപത്തിലെത്തുന്നത്. ഇതിന് നേരിയ സുഗന്ധവുമുണ്ടാകും. തിമിംഗല ഛർദിയിലടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആൽക്കഹോൾ പെർഫ്യൂം നിർമാണത്തിന് അത്യാവശ്യമാണ്.

2019ൽ തായ്‌ലൻഡിലുള്ള മറ്റൊരു മത്സ്യത്തൊഴിലാളിയായ ജുംറസിനും ആംമ്പർഗ്രിസ് ലഭിച്ചിരുന്നു. ആറ് കിലോയും 350 ഗ്രാമും തൂക്കമുള്ള അതിന് വിലയായി രണ്ട് കോടി 26 ലക്ഷമാണ് ലഭിച്ചത്. 2016 നവംബറിൽ ഒമാനിൽ നിന്നുള്ള മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് 80 കിലോയോളം വരുന്ന തിമിംഗല ഛർദി ലഭിച്ചിരുന്നു. ഒമാൻ സ്വദേശികളായ ഖാലി‍ദ് അൽ സിനാനിയും കൂട്ടരുമായിരുന്നു ആ ഭാഗ്യവാൻമാർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.