1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2023

സ്വന്തം ലേഖകൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാനുള്ള അമ്മയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. യെമനിലെ സാഹചര്യങ്ങള്‍ ഗുരുതരമാണെന്നും ഇന്ത്യയും യെമനും തമ്മിലുള്ള നയതന്ത്രബന്ധം സുഖകരമല്ലാത്തതിനാല്‍ സുരക്ഷ ഒരുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

‘യെമനിലേക്കുള്ള യാത്രാനുമതി തേടിക്കൊണ്ടുള്ള പ്രേമകുമാരിയുടെ അപേക്ഷ സസൂഷ്മം പരിശോധിച്ചു. പ്രശ്‌നങ്ങളെ തുടര്‍ന്ന് യെമനിലെ ഇന്ത്യന്‍ എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനാല്‍ യാത്രയ്ക്ക് സുരക്ഷയൊരുക്കാന്‍ യെമനില്‍ ഇന്ത്യക്ക് നയതന്ത്ര സാന്നിധ്യമില്ല. സനയിലെ നിലവിലെ ഭരണകൂടവുമായി ഇന്ത്യക്ക് ഔദ്യോഗിക ബന്ധമില്ല. കഴിഞ്ഞ ചില മാസങ്ങളായി മേഖലയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞിരിക്കുകയാണ്. സുരക്ഷിതമായ യാത്ര പ്രധാന വിഷയമാണ്. ഈ സാഹചര്യത്തില്‍ യാത്രയ്ക്ക് വേണ്ടിയുള്ള തീരുമാനം പുനപ്പരിശോധിക്കണം. ഈ കേസില്‍ സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്’- നിമിഷ പ്രിയയുടെ അമ്മയ്ക്ക് നല്‍കിയ മറുപടിയില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വധശിക്ഷയ്ക്ക് എതിരായ നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നാണ് യെമന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കാനായി യെമനിലേക്ക് പോകാന്‍ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. പ്രേമകുമാരിക്ക് യെമനിലേക്ക് പോകാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്നത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയ നിലവിലുള്ളത്.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.