1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2024

സ്വന്തം ലേഖകൻ: മലയാളത്തിന്റെ സ്വരവസന്തം ഡോ.കെ.ജെ.യേശുദാസിന് ഇന്ന് ശതാഭിഷേകം. ഗാനഗന്ധര്‍വന്റെ എണ്‍പത്തിനാലാം പിറന്നാള്‍ മലയാളനാടിന് ആ നാദസപര്യയ്ക്കുള്ള ഗുരുവന്ദനവേളയാണ്. കാലങ്ങളെയും തലമുറകളെയും ഒരു സ്വരംകൊണ്ട് ചേര്‍ത്തുകെട്ടിയ ആ സംഗീതജീവിതം സാര്‍ഥകമാക്കിയത് ഈ നാടിന്റെ സംഗീതാഭിരുചികളെക്കൂടിയാണ്.

ഓര്‍മകളിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന ഓരോ മലയാളിയും ജീവിതഘട്ടങ്ങളെ ഗാനങ്ങള്‍ കൊണ്ട് രേഖപ്പെടുത്തിയാല്‍ അതെല്ലാം ഈ ഒറ്റ സ്വരത്തിലാവും. ആ സ്വരസാധനയ്ക്ക് മുന്നില്‍ തോറ്റുപോയവര്‍ ഒരുപാടുണ്ട്. പോറല്‍ ഏല്‍പ്പിക്കാനാവാതെ പോയ കാലം. വിശേഷണങ്ങള്‍ ചാര്‍ത്തിനല്‍കാന്‍ പദങ്ങളില്ലാതെപോയ ഭാഷ, കീഴടക്കാനൊരുമ്പെട്ട് കീഴ്പ്പെട്ടുപോയ ഈണങ്ങള്‍.

1940 ജ​നു​വ​രി പ​ത്തി​ന് ഫോ​ര്‍ട്ട് കൊ​ച്ചി​യി​ല്‍ സം​ഗീ​ത​ജ്ഞ​നും നാ​ട​ക ന​ട​നു​മാ​യ അ​ഗ​സ്റ്റി​ന്‍ ജോ​സ​ഫി​ന്റെ​യും എ​ലി​സ​ബ​ത്ത് ജോ​സ​ഫി​ന്റെ​യും മ​ക​നാ​യി ജ​ന​നം. കാ​ട്ട​ശ്ശേ​രി ജോ​സ​ഫ് യേ​ശു​ദാ​സ് എ​ന്ന​താ​ണ് പൂ​ര്‍ണ​നാ​മം. പി​താ​വാ​യി​രു​ന്നു ആ​ദ്യ​ഗു​രു. ശെ​മ്മാ​ങ്കു​ടി ശ്രീ​നി​വാ​സ​യ്യ​രു​ടെ തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ടു​ള്ള ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ കാ​ർ​ഷെ​ഡി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ഔ​ദാ​ര്യ​ത്തി​ൽ അ​ന്തി​യു​റ​ക്കം. വ​ല്ല​പ്പോ​ഴും പി​താ​വ് അ​യ​ച്ചു​ത​രു​ന്ന പ​ണം പ്ര​തീ​ക്ഷി​ച്ച് ഹോ​ട്ട​ലി​ൽ നി​ന്ന് ഒ​രു നേ​രം ക​ട​മാ​യി കി​ട്ടി​യ ചോ​റായിരുന്നു, സം​ഗീ​ത​ത്തി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നെ​ത്തി​യ മെ​ലി​ഞ്ഞു​നീ​ണ്ട ആ ​വെ​ള്ള ഷ​ർ​ട്ടു​കാ​ര​ന് അ​ന​ന്ത​പു​രി ന​ൽ​കി​യ ഔ​ദാ​ര്യം.

ആ​കാ​ശ​വാ​ണി ഈ ​ചെ​റു​പ്പ​ക്കാ​ര​നെ ഓ​ഡി​ഷ​ൻ ടെ​സ്റ്റി​ൽ തോ​ൽ​പി​ച്ച് പ​റ​ഞ്ഞു​വി​ട്ടു. ‘ഉ​ന്ന​ത​ജാ​ത’ സം​ഗീ​ത​ജ്ഞ​രി​ൽ​നി​ന്ന് പു​ച്ഛം ക​ല​ർ​ന്ന പ​രി​ഹാ​സം കേ​ൾ​ക്കേ​ണ്ടി​വ​ന്നു. 1961ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘കാ​ൽ​പാ​ടു​ക​ള്‍’ സി​നി​മ​ക്കു വേ​ണ്ടി ‘ജാ​തി​ഭേ​ദം മ​ത​ദ്വേ​ഷം ഏ​തു​മി​ല്ലാ​തെ സ​ര്‍വ​രും സോ​ദ​ര​ത്വേ​ന വാ​ഴു​ന്ന മാ​തൃ​കാ​സ്ഥാ​ന​മാ​ണി​ത്…’ എ​ന്ന വ​രി​ക​ള്‍ ആ​ല​പി​ച്ചു​കൊ​ണ്ട് 21ാം വ​യ​സ്സി​ൽ ച​ല​ച്ചി​ത്ര​ലോ​ക​ത്തെ​ത്തി. എം.​ബി. ശ്രീ​നി​വാ​സ​ൻ ന​ൽ​കി​യ ആ ​അ​വ​സ​ര​ത്തി​ലൂ​ടെ യേ​ശു​ദാ​സ് എ​ന്ന കാ​ലാ​വ​സ്ഥ പി​റ​ക്കു​ക​യാ​യി​രു​ന്നു.

വ​യ​ലാ​റി​ന്റെ ശി​പാ​ർ​ശ​യി​ൽ ദേ​വ​രാ​ജ​ൻ മാ​ഷ് ‘ഭാ​ര്യ’ എ​ന്ന ചി​ത്ര​ത്തി​ൽ ന​ൽ​കി​യ ‘ദ​യാ​പ​ര​നാ​യ ക​ർ​ത്താ​വേ’ എ​ന്ന പാ​ട്ടാ​യി​രു​ന്നു വ​ഴി​ത്തി​രി​വ്. യേ​ശു​ദാ​സ്-​ദേ​വ​രാ​ജ​ൻ കൂ​ട്ട് അ​വി​ടെ തു​ട​ങ്ങി. കെ.​പി. ഉ​ദ​യ​ഭാ​നു​വി​നാ​യി മാ​റ്റി​വെ​ച്ചി​രു​ന്ന ‘അ​ല്ലി​യാ​മ്പ​ൽ ക​ട​വി​ൽ’ അ​ദ്ദേ​ഹ​ത്തി​ന് സു​ഖ​മി​ല്ലാ​ഞ്ഞ​തി​നാ​ൽ യേ​ശു​ദാ​സി​ന് വീ​ണു​കി​ട്ടി. അ​ത് കേ​ര​ള​ക്ക​ര​യാ​കെ അ​ല​യ​ടി​ച്ചു.

പി​ന്നെ, ബാ​ബു​രാ​ജി​ന്റെ ‘താ​മ​സ​മെ​ന്തേ വ​രു​വാ​ൻ’ ഒ​പ്പ​മെ​ത്തി. പി​ന്നെ പി​ന്നി​ട്ട പ​ട​വു​ക​ൾ​ക്കും നി​ല​ക്കാ​ത്ത സം​ഗീ​ത​യാ​ത്ര​ക്കും തു​ല്യ​ത​യില്ല. ലോ​കം കേ​ട്ട ഏ​റ്റ​വും മ​നോ​ഹ​ര ശ​ബ്ദ​മെ​ന്ന് ബി.​ബി.​സി​യു​ടെ വി​ശേ​ഷ​ണം. ലോ​ക​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ചേ​ക്കേ​റി​യ മ​ല​യാ​ളി കൊ​ണ്ടു​പോ​യ അ​വ​ശ്യ​വ​സ്തു​ക്ക​ളി​ലൊ​ന്ന് ദാ​സേ​ട്ട​ൻ ഗാ​ന​ങ്ങ​ളാ​യി​രു​ന്നു. ആ ​പാ​ട്ടു​കേ​ട്ട് മ​ല​യാ​ളി ഭ​വ​ന​ങ്ങ​ൾ ക​ണ്ണ​ട​ച്ച് പ്രാ​ർ​ഥി​ച്ചു, ക​ണ്ണീ​ര​ണി​ഞ്ഞു, ഉ​ന്മ​ത്ത​രാ​യി. ‘അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്തെ പ്ര​ണ​യം’ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ലും യേ​ശു​ദാ​സി​ന്റെ ഗാ​നം ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്നു.

1970ലാ​യി​രു​ന്നു പ്ര​​ഭ​​യു​മാ​യു​ള്ള വി​വാ​ഹം. വി​​നോ​​ദ്, പി​ന്ന​ണി​ഗാ​യ​ക​നും ന​ട​നു​മാ​യ വി​​ജ​​യ് യേ​ശു​ദാ​സ്, വി​​ശാ​​ൽ എ​​ന്നി​വ​ർ മ​ക്ക​ളാ​ണ്. നാട് യേ​ശു​ദാ​സ് എ​ന്ന ഇ​തി​ഹാ​സ​ത്തി​ന്റെ ശ​താ​ഭി​ഷേ​ക​ം ആ​ഘോ​ഷി​ക്കു​മ്പോ​ൾ ഭൂ​ഖ​ണ്ഡ​ങ്ങ​ൾ​ക്ക​പ്പു​റ​ത്താ​ണ് അ​ദ്ദേ​ഹം. അ​മേ​രി​ക്ക​യി​ൽ​ത​ന്നെ​യാ​ണ്. ര​ണ്ട് മ​ക്ക​ളും അ​വി​ടെ​യാ​ണ്. ഡി​സം​ബ​റി​ൽ എ​ത്തു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും എ​ത്തി​യി​ല്ല. എ​ല്ലാ ജ​ന്മ​ദി​ന​ങ്ങ​ളി​ലു​മു​ള്ള മൂ​കാം​ബി​ക സ​ന്ദ​ർ​ശ​ന​വും മൂ​ന്നു വ​ർ​ഷ​മാ​യി ഇ​ല്ല.

അമ്പതിനായിരത്തിലധികം പാട്ടുകൾ യേശുദാസ് പാടിയിട്ടുണ്ടെന്നാണ് കണക്ക്. പത്മവിഭൂഷണും പത്മഭൂഷണും പത്മശ്രീയും നൽകി രാജ്യം ആദരിച്ച ശബ്ദവിസ്മയം. ലഭിച്ച പുരസ്കാരങ്ങളിലും പാടിയ പാട്ടുകളുടെ എണ്ണത്തിലും 60 പിന്നിട്ടു നീങ്ങുന്ന പാട്ടുകാലത്തിലും യേശുദാസ് അങ്ങനെ പകരക്കാരനില്ലാതെ തുടരുകയാണ്. ചിട്ടയായ ജീവിതവും സ്ഥിരോത്സാഹവും കൊണ്ട് നേടിയ നേട്ടങ്ങൾ തുടരാൻ പ്രിയഗായകന് സാധിക്കട്ടെ എന്നാണ് ലക്ഷോപലക്ഷം സംഗീതാസ്വാദകരുടെ ആശംസ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.