1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2023

സ്വന്തം ലേഖകൻ: യുക്രൈനിലേക്ക് റഷ്യൻ സൈന്യത്തെ അയച്ച പുതിന്റെ അനുമാനങ്ങളൊക്കെ തെറ്റുന്ന കാഴ്ചയായിരുന്നു തുടർന്നങ്ങോട്ട് കണ്ടത്. പതിനെട്ടടവും പയറ്റിയിട്ടും പുതിന്റെ സംഘത്തിന് യുക്രൈൻ സൈന്യത്തെ അവർ വിചാരിച്ച പോലെ കീഴടക്കാന്‍ കഴിഞ്ഞില്ല. ആഗോളരാജ്യങ്ങൾ റഷ്യയ്ക്കെതിരേ നിലപാട് കടുപ്പിച്ചപ്പോഴും റഷ്യ യുക്രൈനിൽ നിന്ന് പിന്മാറിയിരുന്നില്ല. സൈന്യത്തോടൊപ്പം തന്നെ പുതിൻ രാജ്യത്തെ അർധസൈനിക വിഭാഗമായ വാഗ്നറിനേയും (സ്വകാര്യ സേനയായും വിശേഷിപ്പിക്കപ്പെടുന്നു) രംഗത്തിറക്കിയതായും ആരോപണങ്ങളുയർന്നിരുന്നു.

‘രാജ്യം സ്വന്തമാക്കാൻ രാജാവിനെ വധിക്കണം’ എന്ന തന്ത്രമായിരുന്നു പുതിൻ ആദ്യം പ്രയോഗിച്ചത്, യുക്രൈനെ റഷ്യയോട് കൂട്ടിച്ചേർക്കാൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്കിയെ ഇല്ലാതാക്കണം. ഇതിനാകട്ടെ ഏർപ്പാടാക്കിയത് തന്റെ വിശ്വസ്തനായ യെവ്ഗൻസി പ്രിഗോസിൻ എന്ന വ്യവസായി രൂപീകരിച്ച റഷ്യയിലെ അർധസൈനിക വിഭാഗമായ വാഗ്നർ ഗ്രൂപ്പിനേയും.

നാനൂറോളം വാഗ്നർ രഹസ്യ സൈനികരെയാണ് സെലൻസ്കിയെ കൊല്ലാൻ വേണ്ടി റഷ്യ യുക്രൈനിലേക്ക് അയച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. റഷ്യൻ സൈന്യത്തോടൊപ്പം തന്നെ യുക്രൈനിൽ പലയിടങ്ങളിലും കൂട്ടക്കുരുതികളുമായി വാഗ്നർ സൈന്യവും ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ലോകത്തിന്റെ പല രാജ്യങ്ങളിലും വാഗ്നർ സൈനിക ചാരന്മാർ ഒളിച്ചിരിപ്പുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല.

ഇപ്പോൾ, റഷ്യയിലെ അർധസൈനികവിഭാഗമായ വാഗ്നർ ഗ്രൂപ്പിനെ അമേരിക്ക അന്താരാഷ്ട്ര കുറ്റവാളിസംഘങ്ങളുടെ പട്ടികയിൽപ്പെടുത്തിയതോടെയാണ് വീണ്ടും ഈ റഷ്യൻ അർധസൈന്യം ചർച്ചകളിൽ ഇടംപിടിക്കുന്നത്. ഗ്രൂപ്പിലെ അമ്പതിനായിരത്തോളംപേർ യുക്രൈൻ യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ടെന്നും ഇതിൽ 80 ശതമാനംപേരെയും ജയിലിൽനിന്ന് റിക്രൂട്ട് ചെയ്തതാണെന്നുമാണ് യുഎസ് ദേശീയ സുരക്ഷാവക്താവ് ജോൺ കിർബിയുടെ ആരോപണം. യുക്രൈൻ യുദ്ധത്തിന്റെ ഭാഗമായി വാഗ്നർ ഗ്രൂപ്പ് ഉത്തര കൊറിയയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നതിന്റെ ചിത്രങ്ങൾ കിർബി പുറത്തുവിടുകയും ചെയ്തു.

വൻതോതിൽ മിസൈലുകളും തോക്കുകളും വാങ്ങി റഷ്യൻ സൈന്യത്തിന്റെ വാഹനം തിരിച്ചുപോകുന്ന ദൃശ്യങ്ങൾ യുഎസ് രഹസ്യാന്വേഷണ വിഭാഗമാണ് ശേഖരിച്ചത്. ഉത്തര കൊറിയയിൽ നിന്ന് ആയുധം സ്വീകരിക്കുന്നത് യുഎൻ നയങ്ങൾക്ക് എതിരാണ്. ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കിർബി പറഞ്ഞു.

ഭീഷണിയായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വ്യാപകമായ പീഡനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടത്തുന്ന സംഘടനയാണ് വാഗ്നർ. അതിന് പിന്തുണ നൽകുന്നവരെ കണ്ടെത്താനും തകർക്കാനും ചെയ്യാവുന്നതെല്ലാം ചെയ്യും. യുക്രൈനെതിരായ യുദ്ധത്തിൽ പ്രിഗോസിൻ വ്യക്തിപരമായി തീരുമാനമെടുക്കുന്നുണ്ടെന്നും ഇത് റഷ്യൻസൈന്യത്തിനുതന്നെ ഭീഷണിയായിരിക്കുകയാണ് -കിർബി പറഞ്ഞു.

അന്താരാഷ്ട്ര കുറ്റവാളിസംഘത്തിന്റെ പട്ടികയിൽ‌പ്പെടുത്തിയതോടെ, ഇറ്റാലിയൻ മാഫിയസംഘങ്ങളുടെയും ജപ്പാൻ, റഷ്യ എന്നിവിടങ്ങളിലെ ക്രിമിനൽ ഗ്രൂപ്പുകളുടെയും കൂട്ടത്തിലായി വാഗ്നർ ഗ്രൂപ്പും. റഷ്യയിലോ മറ്റെവിടെയെങ്കിലും രജിസ്റ്റർ ചെയ്ത ഒരു കമ്പനി അല്ല വാഗ്നർ സൈന്യം. രഹസ്യസ്വഭാവം സൂക്ഷിക്കുന്ന റഷ്യയുടെ അർധസൈന്യം പോലെ പ്രവർത്തിക്കുന്ന സംഘമാണ് ഇത്.

തുടക്കത്തിൽ വാഗ്നർ സൈന്യത്തെ റഷ്യ തള്ളിപ്പറഞ്ഞുവെങ്കിലും യുക്രൈനിലെ കനത്ത പ്രഹരത്തോടുകൂടി റഷ്യയിൽ നിന്ന് പരസ്യമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് ഉൾപ്പെടെയുള്ള നടപടികളുമായി വാഗ്നർ സൈന്യം മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ആയിരത്തോളം പേരെ കഴിഞ്ഞ മാർച്ചിൽ മാത്രം വാഗ്നർ ഗ്രൂപ്പ് റിക്രൂട്ട് ചെയ്തതായി പാശ്ചാത്യരാജ്യങ്ങൾ വ്യക്തമാക്കുന്നു.

2014-ലാണ് പ്രിഗോസിൻ വാഗ്നർ ഗ്രൂപ്പ് എന്ന സ്വകാര്യ സൈനികസംഘം രൂപവത്കരിച്ചത്. 2006ൽ, അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യൂ ബുഷ് അടക്കമുള്ളവർ ക്രെംലിൻ സന്ദർശിച്ച സമയത്ത് അടുക്കളയിൽ ഷെഫ് ആയിരുന്ന ആളാണ് പ്രിഗോസിൻ. വെറും ഷെഫ് എന്നതിൽ നിന്ന് പുതിന്റെ ഏറ്റവും അടുത്ത വിശ്വസ്തൻ എന്നതലത്തിലേക്ക് പിന്നീട് പ്രിഗോസിൻ വളരുകയായിരുന്നു.

250 പേരുമായി തുടങ്ങിയ സംഘം എട്ടുവർഷംകൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള സംഘമായി മാറി. ദിമിത്രി ഉത്കിനാണ് സൈന്യത്തിന്റെ തലവൻ. റഷ്യയിലെ ഹോട്ടൽ ശൃംഖലയുടെ ഉടമയാണ് പ്രിഗോസിൻ. അവിടെ പുതിൻ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്നതിനാൽ ‘പുതിൻസ് ഷെഫ്’ എന്നും പ്രിഗോസിൻ അറിയപ്പെടുന്നു.

മനുഷ്യജീവന് തെല്ലും വിലകൽപ്പിക്കാത്ത കൂട്ടമാണ് വാഗ്നർ സൈന്യം. നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് പലയിടങ്ങളിലും ഇവർ നടത്തി വന്നത്. 2015മുതൽ സിറിയ, 2016 മുതൽ ലിബിയ തുടങ്ങയിടങ്ങളിൽ ഇവർ സജീവമായി പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തൽ, 2017ൽ മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ വജ്രഖനികൾക്ക് കാവലിരിക്കാനും ഇത്തരത്തിലുള്ള വാഗ്നർ സൈന്യത്തെയാണ് ഏൽപ്പിച്ചതെന്നാണ് വിവരം. മാലി സർക്കാർ രാജ്യത്തെ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ പ്രവർത്തിക്കാൻ ക്ഷണിച്ചതും വാഗ്നർ ഗ്രൂപ്പിനെയായിരുന്നുവെന്നാണ് വിവരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.