സ്വന്തം ലേഖകന്‍: ‘ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നൊരു സ്ഥലം ഭൂമിയിലില്ല; താങ്കള്‍ ജമ്മു കശ്മീരില്‍ നിന്നാണെങ്കില്‍ തീര്‍ച്ചയായും സഹായിക്കാം; സഹായം തേടിയ യുവാവിനോട് സുഷമ സ്വരാജ്. ട്വിറ്ററിലൂടെ മന്ത്രി സുഷമ സ്വരാജിന്റെ സഹായം തേടിയ ഇന്ത്യന്‍ യുവാവ് ട്വിറ്റര്‍ പ്രൊഫൈലില്‍ ഇന്ത്യ അധീന കശ്മീരെന്ന് സ്ഥല നാമം നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം.
‘ജമ്മുകശ്മീരില്‍ നിന്നു വരുന്ന ഞാന്‍ ഫിലിപ്പീന്‍സില്‍ മെഡിസിന്‍ കോഴ്‌സ് ചെയ്യുകയാണ്. എന്റെ പാസ്‌പോര്‍ട്ട് കേടായി. പുതിയത് അപേക്ഷിച്ചിട്ട് ഒരുമാസമായി കാത്തിരിക്കുകയാണ്. വൈദ്യപരിശോധന നടത്താന്‍ നാട്ടില്‍ പോവേണ്ടതിനാല്‍ തന്നെ സഹായിക്കണം,’ എന്നായിരുന്നു ഷെയ്ഖ് അതീഖ് എന്ന യുവാവ് ചെയ്ത ട്വീറ്റ്.
തുടര്‍ന്ന് അത്തരമൊരു സ്ഥലമില്ലെന്നും താങ്കള്‍ ജമ്മുകശ്മീരില്‍ നിന്നാണെങ്കില്‍ തീര്‍ച്ചയായും സഹായിക്കുമെന്നുമുള്ള നിലപാട് വ്യക്തമാക്കി യുവാവിന് സുഷമ സ്വരാജിന്റെ മറുപടി ട്വീറ്റും വന്നു. ഉടന്‍ തന്നെ പ്രൊഫൈല്‍ തിരുത്തിയ യുവാവിനെ പ്രശംസിക്കാനും സുഷമ മറന്നില്ല. അതീഖിന്റെ പ്രൊഫൈലില്‍ ഇന്ത്യ അധീന കശ്മീരിലെ മുസ്ലീമാണെന്നതില്‍ അഭിമാനിക്കുന്നുവെന്നായിരുന്നു വിവരിച്ചിരുന്നത്.
സുഷമ സ്വരാജിന്റെ മറുപടി ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട യുവാവ് ഉടന്‍ ‘ഇന്ത്യ അധീന കശ്മീര്‍’ എന്നതില്‍ നിന്ന് ‘ജമ്മുകശ്മീര്‍’ എന്നതിലേക്ക് സ്ഥലപ്പേര് മാറ്റുകയായിരുന്നു. പ്രൊഫൈല്‍ തിരുത്തിയതില്‍ സന്തോഷമുണ്ടെന്നും ഇദ്ദേഹത്തെ സഹായിക്കൂ എന്നും മനിലയിലെ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തി കൊണ്ട് സുഷമ സ്വരാജ് മറ്റൊരു ട്വീറ്റും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല