1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2011

മലയാള സിനിമയില്‍ പുതുമുഖങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കണമെന്ന് സംവിധായകന്‍ സിബി മലയില്‍. സിനിമ നിര്‍മ്മിക്കുന്നതിനുള്ള ഭാരിച്ച ചിലവ് കുറയ്ക്കാനും മലയാളത്തിന് പുത്തന്‍ പ്രതിഭകളെ സംഭാവന നല്‍കാനും ഇതിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുവതാരങ്ങളെ അണിനിരത്തിക്കൊണ്ട് സിബി മലയില്‍ എടുത്ത വയലിന്‍ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് സംവിധായകന്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

സൂപ്പര്‍സ്റ്റാറുകള്‍ക്ക് പ്രതിഫലം നല്‍കുന്ന പണമുണ്ടെങ്കില്‍ യുവതാരങ്ങളെ വച്ച് ഒരു സിനിമയെടുക്കാം. ഇനി മലയാള സിനിമ കാണാന്‍ പോകുന്നത് യുവനിരയുടേതായുള്ള ഒരു കൂട്ടം ചിത്രങ്ങളാണ്. ഇത്തരം ചിത്രങ്ങള്‍ ശക്തമായ പിന്തുണ നല്‍കിക്കൊണ്ട് നിരവധി നിര്‍മ്മാതാക്കളും, വിതരണക്കാരും മുന്നോട്ടുവരുന്നുണ്ട്.

മലയാള സിനിമയില്‍ ഇപ്പോഴുള്ളത് ഈ ട്രന്റാണ്. ഇതാണ് കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ്, അപൂര്‍വ്വരാഗം തുടങ്ങിയ ചിത്രങ്ങളുടെ വിജയം സൂചിപ്പിക്കുന്നത്. മുന്‍പ് സൂപ്പര്‍താരങ്ങളെ വച്ച്മാത്രം സിനിമയെടുക്കാറുള്ള ജോഷിയെപ്പോലുള്ള സംവിധായകരും ഇത് തിരിച്ചറിഞ്ഞു തുടങ്ങി. അതാണ് പുതുമുഖങ്ങളെ വച്ച് ചിത്രങ്ങളെടുക്കാനുള്ള അവരുടെ തീരുമാനത്തിന് പിന്നില്‍.

വര്‍ഷം 80ഓളം ചിത്രങ്ങളാണ് മലയാളത്തില്‍ വരുന്നത്. ഇതില്‍ 12മുതല്‍ 15 എണ്ണം മാത്രമേ സൂപ്പര്‍താരങ്ങളുടേതായി ഇറങ്ങുന്നുള്ളൂ. അതുകൊണ്ടുതന്നെ യുവതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് വന്‍സാധ്യതയാണുള്ളത്.

ആധുനിക സൗകര്യങ്ങളില്ലാത്ത തിയ്യേറ്ററുകളുടെ കുറവ് സിനിമ കാണാനെത്തുന്നവരുടെ എണ്ണം കുറയ്ക്കുന്നുണ്ട്. നല്ല ദൃശ്യവും ശബ്ദവും, പാര്‍ക്കിംങ് സൗകര്യങ്ങളുമൊക്കെയുള്ള തിയ്യേറ്ററുകള്‍ കുറവാണെന്നും സിബി മലയില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.