1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2010

സീമ സാനു
എല്ലാവര്‍ഷവും മുറതെറ്റാതെ നടക്കുന്ന കേരളത്തിന്റെ ദൃശ്യസാംസ്‌കാരികോല്‍സവമായി മാറിക്കഴിഞ്ഞു നമ്മുടെ ഫിലിം ഫെസ്റ്റിവല്‍. പരാതികളില്ലാതെ മേളക്കുവരുന്ന പ്രേക്ഷകരെ നല്ലൊരു പങ്ക്‌ തൃപ്‌തരാക്കാന്‍ ഇനിയും പലതും സംഘാടകര്‍ ചെയ്യേണ്ടതുണ്ട്‌. അവര്‍ക്കു മുന്നിലേക്ക്‌ സിനിമകള്‍ വിരിവലിച്ചിടുന്ന പരിപാടി നിര്‍ത്തി ചെലവാക്കുന്ന തുക കാര്യക്ഷമമായി വിനിയോഗിക്കണം. കഴിഞ്ഞ മൂന്നു വര്‍ഷവും സിഗ്നേച്വര്‍ ഫിലിമിന്‌ കൂവലുണ്ടായെങ്കില്‍ ഇത്തവണ അതുണ്ടായില്ല. നല്ലതെന്നു തോന്നുന്നതിനെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാനുള്ള അവരുടെ താല്‍പര്യത്തിനുദാഹരണമാണിത്‌. അതിനെ ചൂഷണം ചെയ്‌ത്‌ ചിലരുടെ സ്വാര്‍ഥ താല്‍പര്യത്തിനുവേണ്ടിമാത്രം വെറുതേ സിനിമകള്‍ കുത്തിത്തിരുകി സിനിമകളുടെ എണ്ണം പറഞ്ഞ്‌ മേനി നടിക്കുന്നതിലര്‍ഥമില്ല. കാര്യമാത്രപ്രസക്തമായ ഒരഴിച്ചുപണിക്ക്‌ മേളയുടെ സംഘാടകര്‍ ഇനിയെങ്കിലും ശ്രമിക്കണം.
നൂറിലധികം രാജ്യങ്ങളില്‍ നിന്നായി 200ല്‍ അധികം ചിത്രങ്ങളാണ്‌ ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്‌. പ്രതിനിധികളുടെ എണ്ണം ഇത്തവണ പതിനായിരത്തോടടുത്തു. സംസ്ഥാനസര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ്‌ കോടിക്കണക്കിനു രൂപയാണ്‌ ചലച്ചിത്രോല്‍സവത്തിനായി ചെലവഴിക്കുന്നത്‌. പ്രതിനിധികളില്‍ നിന്ന്‌ 300 രൂപ വീതം ഈടാക്കുന്നുണ്ടെങ്കിലും സഞ്ചിയും ഫെസ്റ്റിവല്‍ ബുക്കും നല്‍കാന്‍പോലും അതിലും കൂടുതല്‍തുക ചെലവാകും. ഇത്രമാത്രം പണവും മനുഷ്യാധ്വാനവും (സംഘാടനത്തില്‍ മാത്രമല്ല, ഏഴുദിവസം തിരുവനന്തപുരത്ത്‌ ഒത്തുകൂടുന്ന ചലിച്ചിത്രാസ്വാദകര്‍ മറ്റു ജോലികള്‍ മാറ്റിവച്ചിട്ടാണു വരുന്നതെന്നകാര്യം കൂടി പരിഗണിക്കുക) ചെലവഴിക്കുന്ന ചലച്ചിത്രോല്‍സവം സത്യത്തില്‍ ബാക്കി വയ്‌ക്കുന്നതെന്താണ്‌?
പുരസ്‌കാരനിര്‍ണയത്തെപ്പറ്റി എന്തുകൊണ്ടോ കാര്യമായ എതിരഭിപ്രായങ്ങള്‍ ഒരിക്കലും ഉണ്ടാകാറില്ല. പലപ്പോഴും പ്രേക്ഷകര്‍ തള്ളിക്കളയുന്ന സിനമകള്‍ക്കാണ്‌ ജൂറി മാര്‍ക്കിടുന്നതെങ്കില്‍പോലും പ്രേക്ഷകര്‍ അത്‌ കാര്യമാക്കാറില്ല. എന്നാല്‍ പ്രേക്ഷകരുടെ ഗ്യാലപ്‌ പോള്‍ അവാര്‍ഡാകട്ടെ മേളയിലെ ആവേശം കൊള്ളിക്കുന്ന സിനിമക്കു തന്നെയാണ്‌ എല്ലാത്തവണയും ലഭിക്കുന്നത്‌. അത്തരമൊരു പുരസ്‌കാരത്തിന്റെ സാധ്യതയുള്ളതുകൊണ്ടാവണം ജൂറി തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തെച്ചൊല്ലി പ്രേക്ഷകര്‍ വേവലാതിപ്പെടാത്തത്‌. ഇത്തവണ പക്ഷേ, ‘പോര്‍ട്രെയിറ്റ്‌സ്‌ ഇന്‍ ദ സീ ഓഫ്‌ ലൈസ്‌’ എന്ന കൊളമ്പിയന്‍ സിനിമക്കു തന്നെയായിരിക്കും പുരസ്‌കാരമെന്ന്‌ ഭൂരിപക്ഷം കാണികളും മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. അത്രമാത്രം ശുഷ്‌കമായിരുന്നു മേളയിലെ മികച്ച സിനിമകളുടെ സാന്നിധ്യമെന്നതാണിതിനു കാരണം.
ഇരുനൂറിലധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോഴും ഏഴുദിവസവും മുഴുവന്‍ സമയവും മെനക്കെടുന്ന പ്രേക്ഷകന്‌ പരമാവധി കാണാനാകുന്നത്‌ 30 – 35 സിനിമകള്‍ മാത്രമാണ്‌. മല്‍സര വിഭാഗമൊഴികെയുള്ളവയില്‍ ഒരു സിനിമക്ക്‌ രണ്ട്‌ പ്രദര്‍ശനങ്ങള്‍ മാത്രമാണ്‌ ഇത്തവണ ഉണ്ടായിരുന്നത്‌. പ്രേക്ഷകര്‍ ഇടിച്ചുകയറുന്ന ചുരുക്കം ചില സിനിമകള്‍ക്ക്‌ ഒരു പ്രദര്‍ശനം കൂടി അനുവദിക്കപ്പെട്ടാക്കാം. എങ്കിലും 2000 – 2500 പ്രതിനിധികള്‍ക്കാണ്‌ പരമാവധി ഈ സിനിമ കാണാനാകുക. ഇതിനിടയില്‍ മികച്ച ചില സിനിമകളെങ്കിലും ഏഴു ദിവസവും മെനക്കെടുന്നവര്‍ക്കുപോലും നഷ്ടമായേകും.
2009ലെ മേളയില്‍ മല്‍സരവിഭാഗത്തിലുണ്ടായിരുന്ന സിനിമകളില്‍ ഭൂരിപക്ഷവും മികച്ച നിലവാരം പുലര്‍ത്തിയവയായിരുന്നെങ്കില്‍ ഇത്തവണ അത്‌ പകുതിയില്‍ താഴെമാത്രമായി ഒതുങ്ങി. ‘വൈന്‍’, ‘എ ഡേ ഇന്‍ ഓറഞ്ച്‌’ തുടങ്ങിയ സിനിമകള്‍ പ്രേക്ഷകരുടെ സംവേദനശീലത്തെപ്പോലും കളിയാക്കുന്നവയായിരുന്നു. ‘എ ഡേ ഇന്‍ ഓറഞ്ച്‌’ എന്ന സിനിമയെ മലയാളത്തിലെ ഭേദപ്പെട്ട ഒരു വാണിജ്യചിത്രത്തോടുമാത്രമേ ഉപമിക്കാനാകുകയുള്ളു. നിലവാരക്കണക്കു വച്ചു നോക്കിയാല്‍ ഇത്തവണത്തെ മേളയിലെ മല്‍സരചിത്രങ്ങളില്‍ ആദ്യ ഏഴെണ്ണത്തില്‍ തന്നെ സ്ഥാനമുണ്ട്‌ മലയാളത്തില്‍ നിന്നു മല്‍സരിച്ച ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’, ‘ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ്‌ 6 ബി’ എന്നിവയ്‌ക്ക്‌.
‘ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ്‌ 6 ബി’ എന്ന സിനിമ കഴിഞ്ഞ ഏപ്രിലില്‍ റിലീസ്‌ ചെയ്യപ്പെട്ടപ്പോള്‍തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്‌. പക്ഷെ, വേണ്ടവിധത്തില്‍ അത്‌ മാര്‍ക്കറ്റ്‌ ചെയ്യാന്‍ പിന്നണിക്കാര്‍ക്കു സാധിച്ചില്ല. എങ്കിലും ഈ സിനിമ മല്‍സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നല്ല പ്രേക്ഷകര്‍ സന്തോഷിച്ചു. എന്നാല്‍ ആ സന്തോഷത്തെ അസ്ഥാനത്താക്കുന്നതായിരുന്നു ഫലപ്രഖ്യാപനം. മികച്ച സിനിമക്കുള്ള സുവര്‍ണചകോരം ഈ സിനിമക്കു ലഭിക്കണമെന്നാഗ്രഹിച്ചാല്‍ അത്‌ അല്‍പം അത്യാഗ്രഹമാകും. പക്ഷെ, മേളയില്‍ പ്രദര്‍ശിപ്പിച്ച മികച്ച മലയാള ചിത്രത്തിനും മികച്ച നവാഗതസംവിധായകനുള്ള ചിത്രത്തിനും പരിഗണിക്കപ്പെടാന്‍ ഈ സിനിമ എന്തുകൊണ്ടും യോഗ്യമായിരുന്നു. അതേസമയം മേളയിലെ മുഖ്യ മല്‍സരവിഭാഗത്തിലുള്ള സിനിമകളെ ഈ വിഭാഗങ്ങളിലേക്കു പരിഗണിക്കില്ലെന്ന ചട്ടം ഈ സിനിമയ്‌ക്ക്‌ വിനയായി.
മല്‍സരവിഭാഗത്തിലൊഴികെ വന്ന സിനിമകളില്‍ ബഹുഭൂരിപക്ഷവും പ്രേഖരെ നിരാശരാക്കുന്നതു തന്നെയായിരുന്നു. സെലക്ഷന്‍ കമ്മിറ്റിയുടെ സൗന്ദര്യബോധത്തെത്തന്നെ ചോദ്യംചെയ്‌തു പോകും പല സിനിമകളും കാണുമ്പോള്‍. നല്ല സിനിമകളില്ലാതെ നിരാശരാകുന്ന പ്രേക്ഷകര്‍ മറ്റ്‌ നിവൃത്തിയില്ലാതെ പഴയകാല സിനിമകള്‍ക്കും മലയാളം സിനിമകള്‍ക്കും ഇടിച്ചുകയറുന്ന കാഴ്‌ചയാണ്‌ ഇത്തവണത്തെ മേളയില്‍ കണ്ടത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.