1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2011

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.8 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി തിരമാലകള്‍ അടിച്ചുയര്‍ന്നു. കപ്പലുകളും കെട്ടിടങ്ങളും തകര്‍ന്നടിയുന്ന ദൃശ്യങ്ങളില്‍ ടെലിവിഷനില്‍ ദൃശ്യമായിരുന്നു. ടോക്കിയോക്ക് 400 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്. തലസ്ഥാനത്ത് കെട്ടിടങ്ങള്‍ പലതവണയായി പ്രകമ്പനം കൊണ്ടു.

കടലില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഭുകമ്പത്തിന്റെ പ്രഭവസ്ഥാനം. കടലില്‍ നിന്നും ഉയര്‍ന്ന തിരമാലകള്‍ 20 അടി ഉയരത്തില്‍വരെ ആഞ്ഞടിച്ചിട്ടുണ്ട്. ജപ്പാന്‍ സമയം ഉച്ചക്ക് 11.35 ന് ആണ് ഭൂകമ്പവും സുനാമിയും ഉണ്ടായിരിക്കുന്നത്. ഓഫീസുകളും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും പ്രവര്‍ത്തിക്കുന്നതിനാല്‍ അനവധിയാളുകള്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

ഭൂപ്രദേശങ്ങളിലേക്ക് കടലില്‍ നിന്നും തിരമാലകള്‍ ഇരച്ചുകയറുകയാണ്. മറ്റ് രാഷ്ട്രങ്ങളായ തായ് വാന്‍, ഫിലിപ്പെയന്‍സ്, ഇന്‍ഡോനേഷ്യ, എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ രാജ്യത്തെ ആണവനിലയങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സുനാമിയെ തുടര്‍ന്ന് ജപ്പാനിലെ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. നിക്കെ സൂചിക ക്ലോസ് ചെയ്തു. ജപ്പാന്‍ നാണയമായ യെന്നിന്റെ മൂല്യത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തി.

ഇന്ത്യക്ക് ഭീഷണിയില്ല
ജപ്പാന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച സുനാമി ഇന്ത്യയെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ തീരങ്ങളിലെവിടെയെങ്കിലും സുനാമി അടിച്ചതായോ ഭൂകമ്പമുണ്ടായതായോ റിപ്പോര്‍ട്ടില്ല.ജപ്പാനിലെ ഭൂചലനം ഇടുക്കി മാപിനിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌വാന്‍, റഷ്യ എന്നീ രാഷ്ട്രങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയത്.

ഇനിയും തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് പല നഗരങ്ങളിലും തീപിടുത്തം ഉണ്ടായിട്ടുണ്ട്. ഈയാഴ്ച്ച ഇത് രണ്ടാംതവണയാണ് ജപ്പാനില്‍ ഭൂകമ്പമുണ്ടായിരിക്കുന്നത്. ജപ്പാനിലെ റോഡ്-റെയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടുണ്ട്.

സുനാമിക്കു കാരണം ‘സൂപ്പര്‍മൂണ്‍’?
ചന്ദ്രന്‍ ഭൂമിക്ക് അടുത്തെത്തുന്ന പ്രതിഭാസമായ സൂപ്പര്‍ മൂണ്‍ ആയിരിക്കാം ശക്തമായ ഭുകമ്പത്തിനും സുനാമിക്കും കാരണമെന്നാണ് പ്രാഥമിക നിഗമനം. മാര്‍ച്ച് 19ന് ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്തെത്തുമെന്നും ഇത് ഭൂമിയില്‍ വന്‍ ദുരന്തത്തിന് കാരണമാകുമെന്നും ശാസ്ത്രജ്ഞര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സൂപ്പര്‍ മൂണ്‍ പ്രതിഭാസം കാലാവസ്ഥാ വ്യതിയാനം മുതല്‍ ഭൂമികുലുക്കം, അഗ്‌നിപര്‍വ്വത സ്‌ഫോടനം തുടങ്ങിയ ദുരന്തങ്ങള്‍ക്കുവരെ കാരണമാകുമെന്ന് ഭയപ്പെട്ടിരുന്നു.

1955,1974,1992,2005 എന്നീ വര്‍ഷങ്ങളിലും ഇത്തരം സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടായിരുന്നു. അന്നും ചില കാലാവസ്ഥാ മാറ്റങ്ങളുണ്ടായിട്ടുമുണ്ട്.

2005ല്‍ സൂപ്പര്‍ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ടാഴ്ചമുന്‍പാണ് ആയിരക്കണക്കിനാളുകളുടെ മരണത്തിന് കാരണമായ ഭൂമികുലുക്കമുണ്ടായത്. 1974ലെ ക്രിസ്മസ് ദിനത്തില്‍ ആസ്‌ട്രേലിയയിലുണ്ടായ ചുഴലിക്കാറ്റിനെയും ഇവര്‍ ചണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.