1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2011

ന്യൂദല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടനായി സലിം കുമാറിനെ തിരഞ്ഞെടുത്തു. ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സലിംകുമാറിന് അവാര്‍ഡ്.

ഗൗതം ഘോഷ് സംവിധാനം ബംഗാളി ചിത്രം മൊനേര്‍ മാനുഷിന് മികച്ച ദേശീയോത്ഗ്രഥന ചിത്രത്തിനുള്ള അവര്‍ഡ് നേടി. മികച്ച ജനപ്രിയ ചിത്രം ദബാങ്, മികച്ച കുട്ടികളുടെ ചിത്രം ഹെജഗലു (കന്നഡ), ചാമ്പ്യന്‍ മികച്ച സാമൂഹ്യ പ്രതിബന്ധത ചിത്രം (മറാഠി)മികച്ച അന്വേഷണാത്മക ചിത്രം പെസ്റ്ററിംഗ് ജേണി (സംവിധാനംകെ.ആര്‍ മനോജ്), ശബ്ദലേഖനംഹരികുമാര്‍ ആര്‍ നായര്‍ എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍.

നവാഗതനായ സലിം മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ആദാമിന്റെ മകന്‍ അബു. സലിംകുമാര്‍ നായകനായി അഭിനയിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. ഇതിനുമുമ്പ് സലിംകുമാര്‍ നായകനായ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിയായ സലിംകുമാര്‍ മിമിക്രിയിലൂടെയാണ് കലാരംഗത്ത് സജീവമായത്. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ അദ്ദേഹം ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായി. ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്‌കാരം സലീം കുമാറിനു ലഭിച്ചു.

വടക്കേ പറവൂരിലുള്ള ഗവര്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലും ഗവര്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലുമായിട്ടാണ് സലീം കുമാര്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് അദ്ദേഹം ബിരുദമെടുത്തു. മഹാത്മാഗാന്ധി യൂണിവേര്‍സിറ്റി യുവജനോത്സവത്തില്‍ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നിട്ടുണ്ട്.

കൊച്ചിന്‍ കലാഭവനിലാണ് മിമിക്രി ജീവിതം തുടങ്ങിയത്. പിന്നീട് ഇദ്ദേഹം കൊച്ചില്‍ സാഗര്‍ മിമിക്രി ഗ്രൂപ്പില്‍ ചേര്‍ന്നു. ഏഷ്യാനെറ്റില്‍ മുന്‍പ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയില്‍ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. സിദ്ധിക്ക് ഷമീറായിരുന്നു ഈ സിനിമയുടെ സംവിധായകന്‍. പിന്നീട് ഒട്ടേറെ സിനിമകളിലെ ഹാസ്യനടനായുള്ള റോളുകള്‍ ഇദ്ദേഹത്തെ തേടി വന്നു. അച്ഛനുറങ്ങാത്ത വീട്, ഗ്രാമഫോണ്‍, പെരുമഴക്കാലം എന്നീ സിനിമകള്‍ സലിംകുമാറിലെ അഭിനയ വൈഭവത്തെ വിളിച്ചറിയിച്ചു.

നാലു വര്‍ഷത്തോളം, കൊച്ചിന്‍ ആരതി തിയേറ്റേര്‍സിന്റെ നാടകങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. ഈശ്വരാ, വഴക്കില്ലല്ലോ എന്ന പേരില്‍ തന്റെ ജീവചരിത്രം ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുനിതയാണ് ഭാര്യ. ചന്തു, ആരോമല്‍ എന്നിവരാണ് മക്കള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.