1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2011
തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് നാളെ തമിഴ്‌നാടൊട്ടുക്ക് ‘കള്ള് ചെത്തിയിറക്കി’ പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നന്ന കള്ളുചെത്ത് തൊഴിലാളികള്‍ക്കൊപ്പം സമത്വ മക്കള്‍ കക്ഷിയുടെ അധ്യക്ഷനും തമിഴ് നടന്‍ ശരത്‌കുമാറും അണിചേരുന്നു. ശനിയാഴ്ചയാണ് കള്ളുചെത്ത് തൊഴിലാളികള്‍ കള്ളിറക്കി വില്‍‌ക്കുക. എന്നാല്‍ സമരം പൊളിക്കാനായി തമിഴ്നാട് സര്‍ക്കാര്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ മദ്യം നിരോധിക്കണമെന്നും പകരമായി പ്രകൃതി പാനീയമായ കള്ള് വില്‍‌പന പുനരാരംഭിക്കണം എന്നുമാണ് ശരത്‌കുമാറിന്റെ ആവശ്യം.

ഓരോ തെരുവിലും സര്‍ക്കാര്‍ മദ്യ വില്‍‌പന ശാലയും ബാറും തുറന്നിട്ടുള്ള സര്‍ക്കാര്‍ നടപടി ജനവിരുദ്ധമാണ്. രാവിലെ പത്ത് തൊട്ട് രാത്രി പത്ത് വരെയാണ് മദ്യ വില്‍‌പന ശാല പ്രവര്‍ത്തിക്കുന്നതെങ്കിലും ബാറുകളില്‍ അധികവിലയ്ക്ക് മദ്യം രണ്ടുമണി വരെ സുലഭമാണ്. വ്യാജനും അല്ലാത്തതുമായ വിദേശമദ്യം കുടിച്ച് ജനങ്ങളുടെ ആരോഗ്യം നശിക്കുകയാണ്.”

“പാരമ്പര്യ പാനീയമായ കള്ള് നിരോധിച്ച് സ്പിരിറ്റ് കലക്കുന്ന വിസ്കിയും ബ്രാന്‍‌ഡിയും മറ്റും വില്‍‌ക്കുന്ന സര്‍ക്കാര്‍ നയം ആരെ രക്ഷിക്കാനാണ്? ഇവിടെ പരമ്പരാഗതമായി കള്ളുചെത്തി ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവരുടെ വയറ്റത്തടിക്കുകയാണ് മാറിമാറി വരുന്ന തമിഴ്‌നാട് സര്‍ക്കാരുകള്‍. ഇതിനി അനുവദിക്കില്ല. ഒന്നുകില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം അല്ലെങ്കില്‍ കള്ള് വില്‍‌ക്കാനുള്ള അനുമതി. അതിനാണ് നാളത്തെ പോരാട്ടം” – ശരത്‌കുമാര്‍ പറയുന്നു.

സര്‍ക്കാര്‍ കള്ള് നിരോധിച്ചിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ഏറെപ്പേര്‍ ഈ തൊഴില്‍ ചെയ്താണ് ജീവിക്കുന്നത്. പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് ഇവര്‍ ചെത്തുന്നതും വില്‍‌പന നടത്തുന്നതും. ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഈ പാനീയത്തിന്റെ വില്‍‌പനയ്ക്കുള്ള നിരോധനം മാറ്റി, കള്ളുചെത്ത് തൊഴിലാളികളെ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാടൊട്ടുക്ക് നാളെ കള്ളുചെത്ത് തൊഴിലാളികള്‍ കള്ളിറക്കി സമരം ചെയ്യുന്നത്.

കഴിഞ്ഞ 23 വര്‍ഷമായി കള്ള് വില്‍‌പന തമിഴകത്തില്‍ നിരോധിച്ചിരിക്കുകയാണ്. എം‌ജി രാമചന്ദ്രന്റെ ഭരണക്കാലത്ത് 1987-ലാണ് കള്ള് നിരോധിക്കപ്പെട്ടത്. തുടര്‍ന്ന് ഓരോ സര്‍ക്കാരുകള്‍ വരുമ്പോഴും കള്ളുചെത്ത് തൊഴിലാളികള്‍ കള്ളിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം നീക്കാന്‍ ആവശ്യപ്പെടാറുണ്ടെങ്കിലും മദ്യലോബിയുടെ സമ്മര്‍ദ്ദത്തില്‍ ആരും അതിന് തയ്യാറായില്ല. തമിഴ്നാട്ടില്‍ നിരോധനം ഉണ്ടെങ്കിലും അയല്‍‌സംസ്ഥാനമായ കേരളത്തില്‍ കള്ള് സുലഭമാണെന്നതും ശ്രദ്ധേയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.