1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2011

കഥ പറയുമ്പോള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാണിക്യക്കല്ല്. ഗുരുശിഷ്യ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം കണ്ടുമടുത്ത മലയാള ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൃഥ്വിരാജ്, സംവൃതാ സുനില്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്..

വണ്ണമല എന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌ക്കൂളിലേക്ക് സ്ഥലംമാറിവരുന്ന വിനയചന്ദ്രന്‍ എന്ന അധ്യാപകന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഈ സ്‌ക്കൂളിലെ കായിക അധ്യാപികയുടെ റോളില്‍ സംവൃത സുനിലുമുണ്ട്.

ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചതാണ് വണ്ണമലയിലെ സ്‌ക്കൂള്‍. ഒരുകാലത്ത് അടുത്തുള്ള പഞ്ചായത്തുകളില്‍ നിന്നുപോലും കുട്ടികള്‍ ഇവിടെ പഠിക്കാനെത്തുമായിരുന്നു. ഏകദേശം മൂവായിരത്തോലം കുട്ടികള്‍ പഠിച്ചിരുന്ന സ്‌ക്കൂള്‍. ഇന്ന് ഇത് വണ്ണാമല ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌ക്കൂളാണ്. ഓരോ ക്ലാസിലും വിരലിലെണ്ണാവുന്ന കുട്ടികള്‍. വൃത്തിയും അച്ചടക്കവുമില്ലാത്ത വിദ്യാലയം. ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന സ്‌ക്കൂള്‍ കെട്ടിടം. അവിടെ പഠിപ്പിക്കാന്‍ അധ്യാപകരില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. ഇങ്ങനെയൊരു സ്‌ക്കൂള്‍ ഉണ്ടെന്ന വിചാരം പോലും ബന്ധപ്പെട്ട അധികൃതര്‍ക്കില്ല. അവിടെയുള്ള അധ്യാപകര്‍ക്ക് മറ്റ് ബിസിനസുകളിലാണ് താല്‍പര്യം.

ഈ സ്‌ക്കൂളിലേക്കാണ് വിനയചന്ദ്രന്‍ മാസ്റ്റര്‍ എത്തുന്നത്. ലക്ഷ്യബോധവും ഉത്തരവാദിത്വവുമുള്ള ചെറുപ്പക്കാരനാണിയാള്‍. വെറും തൊഴില്‍ എന്ന നിലയിലല്ല മറിച്ച് ഒരു അധ്യാപകനാകാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാണ് വിനയചന്ദ്രന്‍ ഈ ജോലി നേടിയത്.

പൃഥ്വിരാജ് സ്‌ക്കൂളിലേക്ക് എത്തിയത് എല്ലാവരേയും ഞെട്ടിച്ചു. പുതിയൊരാള്‍ എത്തുന്നു എന്ന് കേട്ടെങ്കിലും അതൊരു തമാശയായിട്ടാണ് കരുതിയത്. കഴിഞ്ഞ എട്ടുവര്‍ഷമായി ഇതുവരെ ആരും പുതുതായി ഈ സ്‌ക്കൂളില്‍ നിയമിക്കപ്പെട്ടിട്ടില്ല. പിരിഞ്ഞു പോയവര്‍ക്കും സ്ഥലം മാറിപ്പോയവര്‍ക്കും പകരക്കാരായി ഇതുവരെ ആരുമെത്തിയിട്ടില്ല. ആകെയെത്തിയത് കായികാധ്യാപിക ചാന്ദിനിയാണ്. ചാന്ദിനിയുടെ പ്രധാന തൊഴില്‍ കോഴിവളര്‍ത്തലും മറ്റുമാണ്. കരുണാകരക്കുറുപ്പും മോശമല്ല. വളം മൊത്തക്കച്ചവടക്കാരനാണ് ഈ ഹെഡ്മാസ്റ്റര്‍ .

ഈ സ്‌ക്കൂളിലെത്തുന്ന വിനയചന്ദ്രന്‍ സ്‌ക്കൂളിലും ആ നാട്ടിലും സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് മാണിക്യക്കല്ല് എന്ന ചിത്രത്തില്‍ എം.മോഹനന്‍ ദൃശ്യവത്കരിക്കുന്നത്. നന്മയും സ്‌നേഹവുമുള്ള അധ്യാപകന്‍ സമൂഹത്തിലും കുട്ടികളിലും എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് മാണിക്യക്കല്ല്.

ഗൗരീ മീനാക്ഷി മൂവീസിന്റെ ബാനറില്‍ എ.എസ്. ഗിരീഷ്‌ലാല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാര്‍ നിര്‍വഹിക്കുന്നു.

ജഗതി ശ്രീകുമാര്‍, ജഗദീഷ്, നെടുമുടിവേണു, മണിയന്‍പിള്ള രാജു, ദേവന്‍, പി. ശ്രീകുമാര്‍, അനൂപ് ചന്ദ്രന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, മണികണ്ഠന്‍, മന്‍രാജ്, ജോബി, ശശി കലിംഗ, മുന്‍ഷി വേണു, ബാലു ജെയിംസ്, മുത്തുമണി, കെ.പി.എ.സി. ലളിത, ദീപിക, ജാനറ്റ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒപ്പം ഗാനരചയിതാവായ അനില്‍ പനച്ചൂരാനും സംഗീതസംവിധായകനായ എം. ജയചന്ദ്രനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അനില്‍ പനച്ചൂരാന്‍, രമേശ് കാവില്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം. ജയചന്ദ്രനാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.