1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2011

തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശനെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചു.ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ വൈകുന്നേരം പുറത്തിറങ്ങി. 1980കളിലും 1990കളിലും നിരവധി ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇദ്ദേഹം മലയാളം കൂടാതെ ബോളിവുഡിലും കോളിവുഡിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സിനിമാ നിര്‍മ്മാതാവെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും പ്രതിഭ തെളിയിച്ച പ്രിയദര്‍ശന്‍ വിവിധ ഭാഷകളിലായി എണ്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1983ല്‍ പൂച്ചക്കൊരു മൂക്കൂത്തി എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം സംവിധാന രംഗത്തേക്കു വരുന്നത്. ഹാസ്യത്തിനും സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും പ്രാധാന്യം നല്‍കി പ്രിയദര്‍ശന്‍ അവതരിപ്പിച്ച നിരവധി ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി.

മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ അത്തരത്തിലുള്ള ചിത്രങ്ങളേറെയുണ്ടായി. ബോയിംഗ് ബോയിംഗ്, വെള്ളാനകളുടെ നാട്, കിലുക്കം, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, അരം+അരം=കിന്നരം, താളവട്ടം, മിഥുനം, ചിത്രം, വന്ദനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ആര്യന്‍, അഭിമന്യു, അദൈ്വതം, തേന്മാവിന്‍ കൊമ്പത്ത്, മിന്നാരം, കാലാപാനി, കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകള്‍ മലയാളം നെഞ്ചേറ്റി.

സൂപ്പര്‍ ഹിറ്റായ മലയാള സിനിമകളുടെ ഹിന്ദിപ്പതിപ്പിറക്കി അദ്ദേഹം ബോളിവുഡിന്റെയും പ്രിയ സംവിധായകനായി. 1993 ല്‍ മുസ്‌കുരാഹത് എന്ന ഹിന്ദിചിത്രവുമായാണ് ബോളിവുഡിലെത്തിയത്. കിലുക്കത്തിന്റെ ഹിന്ദി പതിപ്പായിരുന്നു ഇത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ കിരീടം ഹിന്ദിയില്‍ പ്രിയദര്‍ശന്‍ ഗര്‍ദ്ദിഷ് എന്ന പേരിലെടുത്തപ്പോള്‍ അവിടെയുമത് സൂപ്പര്‍ ഹിറ്റായി.

ആക്രോശ്, ഭും ഭും ബോലെ, ഖാട്ടാമീട്ടാ, ബില്ലു തുടങ്ങിയവയാണ് പ്രിയദര്‍ശന്റെ ഹിന്ദി ചിത്രങ്ങള്‍. 2008ല്‍ പ്രകാശ്‌രാജിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം കാഞ്ചീവരം ദേശീയതലത്തില്‍ ശ്രദ്ധ നേടി. നല്ല സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ഈ ചിത്രത്തിനു ലഭിച്ചു. തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രിയന്‍ ഒരുക്കി.

1957 ജനുവരി 30ന് ജനിച്ച അദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്. ഇപ്പോള്‍ അമേരിക്കയിലുള്ള പ്രിയന്‍ കേരളത്തിലെത്തിയ ശേഷം ചുമതല ഏറ്റെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.