1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2011

സുപ്പര്‍താരങ്ങള്‍  ഇരട്ടവേഷവും ദശാവതാരവുമൊക്കെയായി സ്‌ക്രീനിലെത്തിയത് നമ്മള്‍ കണ്ടതാണ്. വില്ലനോ ഹാസ്യ നടനോ ഇരട്ടകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കാം. അതില്‍ കൂടുതലൊന്നും പോയ ചരിത്രമില്ല.

എന്നാല്‍ അങ്ങനെയൊരു ചരിത്രം കുറിയ്ക്കാന്‍ ശ്രമിക്കുകയാണ് മലയാളസിനിമയില്‍ ഒട്ടേറെ വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ഭീമന്‍ രഘു. ‘ഫിലിംഫെസ്റ്റിവല്‍ എന്ന ചിത്രത്തിലെ നായകന്‍ ഭീമന്‍ രഘുവാണ്. അതുമാത്രമല്ല 12 വ്യത്യസ്ത ഗെറ്റപ്പുകളിലാണ് രഘു ചിത്രത്തിലെത്തുന്നത്.

മലയാളികളുടെ പ്രിയതാരം ജയനുമായി സാമ്യമുള്ള ഭീമന്‍ രഘു സിനിമാമേഖലയില്‍ തുടക്കം കുറിച്ചത് നായകവേഷത്തിലായിരുന്നു. എന്നാല്‍ അതിനുശേഷം ഭീമന്‍ രഘു തിളങ്ങിയത് വില്ലന്‍, കോമഡി വേഷങ്ങളിലായിരുന്നു.
പുതിയ ചിത്രത്തിലെ ഒരു ഗാനരംഗത്ത് സിനിമാസ്‌നേഹികളുടെ പ്രിയങ്കരരായ നായകതാരങ്ങളെ രഘു അനുകരിക്കുന്നുണ്ട്. ഇപ്പോള്‍ കത്തിനില്‍ക്കുന്ന താരങ്ങള്‍ മുതല്‍ മണ്‍മറഞ്ഞ മഹാരഥന്മാരെ വരെ ഈ ഗാനരംഗത്ത് കാണാം. സത്യന്‍, നസീര്‍, മധു, എം.ജി.ആര്‍, ശിവാജി ഗണേശന്‍, ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, രജനീകാന്ത്, ശങ്കര്‍ തുടങ്ങിയ വേഷങ്ങളാണ് ഭീമന്‍രഘു അവതരിപ്പിക്കുന്നത്. ഗാനരംഗത്ത് ഭീമന്‍രഘുവിന് ജോടിയായുള്ളത് ലക്ഷ്മിശര്‍മ്മയാണ്. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റായാണ് ഈ ഗാനം ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ചെമ്മീന്‍, ഒരു വടക്കന്‍വീരഗാഥ, പാണ്ഡ്യന്‍, വസന്തമാളിക, ഉലകംചുറ്റം വല്ലഭന്‍, സ്ഫടികം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഗാനരൂപങ്ങളിലാണ് രഘു എത്തുന്നത്. ചിത്രത്തിന്റെ ആദ്യഷെഡ്യൂള്‍ ചിത്രീരണമെല്ലാം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വിനോദ് ദേവിശ്രീ ഒരുക്കുന്ന റീമിക്‌സ് ഗാനമാണ് ഇതിനുപയോഗിക്കുന്നത്.

ഗാനരംഗത്ത് പന്ത്രണ്ട് ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ഭീമന്‍ രഘു ഈ സിനിമയില്‍ മൂന്ന് വേഷങ്ങളിലാണെത്തുന്നത്. തെയ്യം കലാകാരന്‍, കഥകളിനടന്‍, സിനിമാതാരം എന്നീ മൂന്ന് വേഷങ്ങളാണ് ചിത്രത്തില്‍ ലഘു അവതരിപ്പിക്കുന്നത്.

എ.കെ. ജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുരജ് വെഞ്ഞാറമൂട് , അരുണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങള്‍. കര്‍മ്മ ക്രിയേഷന്‍സിന്റെ ബാനറില്‍ വിനീഷ് പറക്കടവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.