1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2011

കോഴിക്കോട്: പ്രഥമ ഡൂള്‍ന്യൂസ് മലയാളം ഫിലിം-ബോര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2010ല്‍ മോശം പ്രകടനം കാഴ്ചവെച്ച അഭിനേതാവിനുള്ള ‘പുരസ്‌കാരം’ ഭരത് മോഹന്‍ലാലിന് ലഭിച്ചു. മോശം നടിക്കുള്ള പുരസ്‌കാരം അര്‍ച്ചനാ കവിയും റിമ കല്ലിങ്കലും പങ്കിട്ടു. വിജി തമ്പിയാണ് മോശം സംവിധായകന്‍. ഏറ്റവും മോശം സിനിമയായി വിജി തമ്പി സംവിധാനം ചെയ്ത ഏപ്രില്‍ ഫൂള്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഏറ്റവും ജനരോഷം ഉയര്‍ത്തിയ സിനിമ മേജര്‍രവി സംവിധാനം ചെയ്ത കാണ്ഡഹാറാണ്. ജഗദീഷ് മോശം തിരക്കഥാകൃത്തിനുള്ള ഫിലിം-ബോര്‍ അവാര്‍ഡ് നേടി. ചിത്രം ഏപ്രില്‍ഫൂള്‍. മോശം ഹാസ്യനടനായി സുരാജ് വെഞ്ഞാറമൂട് തിരഞ്ഞെടുക്കപ്പെട്ടു.
പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ഭരദ്വാജ് അധ്യക്ഷനായ ജൂറിയാണ് ഫിലിം-ബോര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ സിനിമകള്‍ തിരഞ്ഞെടുത്തത്.

ഇന്ന് 11 മണിക്ക് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജൂറി അംഗങ്ങളായ വി.എച്ച് നിഷാദ്, മജ്‌നി,നദീം നൗഷാദ്,മുഹമ്മദ് സുഹൈല്‍,ഡോ.കവിതാ രാമന്‍ എന്നിവര്‍ പങ്കെടുത്തു.

അവാര്‍ഡിന്റെ വിശദ വിവരങ്ങള്‍ താഴെ…

ഏറ്റവും മോശം സിനിമ: ഏപ്രില്‍ഫൂള്‍ (സംവിധാനം- വിജി തമ്പി)

ജൂറിയുടെ വിലയിരുത്തല്‍: സിനിമയിലുടനീളം കാഴ്ചക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന രീതി. കേവലയുക്തിയുടെ നേരിയ സ്പര്‍ശം പോലും കണ്ടുകിട്ടാത്ത കഥയും കഥാ സന്ദര്‍ഭങ്ങളും. കച്ചവടസിനിമയില്‍ പോലും പല പരീക്ഷണങ്ങളും നടത്തി വിജയിച്ച സംവിധായകന്റെ ദയനീയ മുഖം വെളിപ്പെടുത്തുന്ന സിനിമ.

ജനരോഷമുയര്‍ത്തിയ സിനിമ: കാണ്ഡഹാര്‍ (സംവിധാനം: മേജര്‍ രവി)

ജൂറിയുടെ വിലയിരുത്തല്‍:കോടികളുടെ പിന്‍ബലത്തില്‍ വന്‍പ്രതീക്ഷ നല്‍കി തിയേറ്ററിലെത്തിയ കാണ്ഡഹാര്‍ പ്രേക്ഷകരെ നിരാശപ്പെടുത്തി. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഇതിഹാസതാരമായ അമിതാഭ്ബച്ചന്റെ സാന്നിധ്യം പോലും ഫലപ്രദമായി ഉപയോഗിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. ബോക്‌സോഫീസില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും നഷ്ടമുണ്ടാക്കിയ ചിത്രം.

ഏറ്റവും മോശം നടന്‍:

മോഹന്‍ലാല്‍ (സിനിമകള്‍: അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ഒരുനാള്‍ വരും, കാണ്ഡഹാര്‍)

ജൂറിയുടെ വിലയിരുത്തല്‍:മലയാള സിനിമക്ക് അവിസ്മരണീയമായ ഒട്ടേറെ ധന്യമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച അനുഗ്രഹീത നടന്‍ മോഹന്‍ലാല്‍ ഈ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ അപഹസിച്ചുവെന്നു തന്നെ പറയേണ്ടി വരും. മോഹന്‍ ലാലിനെപോലുള്ള ഒരു മുതിര്‍ന്ന നടന്‍ മലയാള സിനിമയോട് സാമാന്യം പുലര്‍ത്തേണ്ട ഉത്തരവാദിത്തം ഈ സിനിമകളില്‍ പുലര്‍ത്തിയില്ല. മോഹന്‍ലാല്‍ എന്ന നടന്‍ കഥാപാത്രമായി പരിണമിക്കാതെ അയാളായിത്തന്നെയാണ് ഈ സിനിമകളില്‍ നില്‍ക്കുന്നത്.

ഏറ്റവും മോശം നടി: അര്‍ച്ചനകവി( ബെസ്റ്റ് ഓഫ് ലക്ക്), റീമ കല്ലിങ്കല്‍(ബെസ്റ്റ് ഓഫ് ലക്ക്)

ജൂറിയുടെ വിലയിരുത്തല്‍:സ്‌ക്രീന്‍ പ്രസന്‍സിനെ കുറിച്ചുള്ള അമിത ചിന്ത ഈ അഭിനേതാക്കള്‍ ബെസ്റ്റ് ഓഫ് ലക്കില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ന്യൂനതയായി തെളിഞ്ഞ് നില്‍ക്കുന്നു. റീമകല്ലിങ്കലും അര്‍ച്ചനകവിയും ഈ സിനിമയില്‍ കാണിക്കുന്ന വെപ്രാളങ്ങള്‍ തികച്ചും അക്ഷന്തവ്യമാണ്.

മോശം സംവിധായകന്‍: വിജി തമ്പി (ഏപ്രില്‍ഫൂള്‍ )

ജൂറിയുടെ വിലയിരുത്തല്‍:സംവിധാകന്റെ പ്രതിഭാദാരിദ്ര്യം വ്യക്തമാക്കുന്ന ചിത്രം. കോര്‍ഡിനേഷന്റെ അഭാവം, സിനിമ എന്ന മാധ്യമത്തോട് യാതൊരു പ്രതിബന്ധതയുമില്ലാതെ കഥയേയും അഭിനേതാക്കളേയും സമീപിച്ചിരിക്കുന്നു.

മോശം തിരക്കഥാകൃത്ത്: ജഗദീഷ്(ഏപ്രില്‍ ഫൂള്‍)

ജൂറിയുടെ വിലയിരുത്തല്‍:എങ്ങനെ തിരക്കഥ എഴുതരുത് എന്നതിന് ഒരു പാഠപുസ്തകമാണ് ഈ തിരക്കഥ. ദയനീയമായ ഹാസ്യവും ജീവിത ബന്ധമില്ലാത്ത കഥാ സന്ദര്‍ഭങ്ങളും വിരസമായ സംഭാഷണങ്ങളും സിനിമയില്‍ മുഴച്ച് നില്‍ക്കുന്നു.

മോശം ഹാസ്യനടന്‍: സുരാജ് വെഞ്ഞാറമൂട്(തസ്‌കരലഹള, ത്രീ ചാര്‍സൗബീസ്, മറ്റു നിരവധി ചിത്രങ്ങള്‍)

ജൂറിയുടെ വിലയിരുത്തല്‍:സംഭാഷണം, ഭാവചലനങ്ങള്‍, ശരീരഭാഷ തുടങ്ങിയവയില്‍ തന്നെത്തന്നെ ആവര്‍ത്തിച്ച് സുരാജ് ഒരു നടന്റെ സാധ്യതകള്‍ പരിമിതപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.