1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2012

പ്രവാസികളുടെ സ്വന്തം വിമാനക്കമ്പനിയെന്ന നിലയില്‍ എയര്‍ കേരളയെ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുനഃസംഘടിപ്പിച്ച ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അറിയിച്ചു. എയര്‍ കേരളയുടെ സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിയാല്‍ എം.ഡി വി.ജെ. കുര്യനെ ചുമതലപ്പെടുത്തി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പദ്ധതിക്കായി പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ഇതിന്റെ കണ്‍സള്‍ട്ടന്‍സി ഏണസ്റ്റ് യെങ് കമ്പനിക്ക് നല്‍കാനും യോഗം തീരുമാനിച്ചു.

ബജറ്റ് എയര്‍ ലൈനായാവും എയര്‍ കേരള സര്‍വീസ് നടത്തുക. നിലവില്‍ വിമാന ക്കമ്പനികള്‍ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലാവും എയര്‍ കേരള സര്‍വീസ് നടത്തുകയെന്നും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

കമ്പനിക്കായി അഞ്ചു വിമാനങ്ങള്‍ വാടകക്കെടുക്കും. ഇന്ധനമടക്കമുള്ളവ നല്‍കാന്‍ വിദേശ രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിദേശത്തേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തണമെന്നും 20 വിമാനങ്ങള്‍ വേണമെന്നുമാണ് കേന്ദ്ര നിയമം. ഇതില്‍ ഇളവ് അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അനുകൂലമായാണ് അദ്ദേഹം പ്രതികരിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് അടുത്തമാസം ദല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനും യോഗം തീരുമാനിച്ചു. എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയെന്ന നിലയില്‍ രൂപം നല്‍കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഇത്തരം നിബന്ധനകളൊന്നും ബാധകമായിരുന്നില്ല. രണ്ട് വിമാനവുമായാണ് അവര്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും കേരള സര്‍ക്കാര്‍ സ്ഥാപിക്കുന്ന എയര്‍ കേരളക്കും ലഭ്യമാക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്.സാധാരണക്കാരെയും പങ്കാളികളാക്കിയാവും കേരളം വിമാനക്കമ്പനിക്ക് രൂപം നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ പദ്ധതിക്ക് തുരങ്കംവെക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഇതിനെയെല്ലാം അതിജീവിച്ച് പദ്ധതിയുമായി മുന്നോട്ടുപോകും. വിമാനക്കൂലി അടിക്കടി വര്‍ധിപ്പിക്കുന്നതടക്കമ്മുള്ള പ്രശ്‌നങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് പലതവണ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടി ഉണ്ടാവാത്തതിനാലാണ് സ്വന്തം വിമാനക്കമ്പനിയെന്ന തീരുമാനമായി മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എയര്‍ കേരളക്ക് സാമ്പത്തിക പ്രതിസന്ധി തടസ്സമാവില്ലെന്ന് എം.എ. യൂസഫലിയും പറഞ്ഞു. കേരളം ആരംഭിക്കുന്ന വിമാനക്കമ്പനിക്ക് ഗള്‍ഫിലെ വിമാനക്കമ്പനികള്‍ പിന്തുണ നല്‍കാന്‍ സന്നദ്ധ അറയിച്ചിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.പുനഃസംഘടിപ്പിച്ച ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ. ബാബു, കെ.സി. ജോസഫ്, സിയാല്‍ എം.ഡി വി.ജെ. കുര്യന്‍, ഡയറക്ടര്‍മാരായ എം.എ. യൂസഫലി, സി.വി. ജേക്കബ് എന്നിവര്‍ പങ്കെടുത്തു. 2013 മാര്‍ച്ചില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കാനായാല്‍ ഒരു വര്‍ഷം കഴിഞ്ഞ് അന്താരാഷ്ട്ര സര്‍വീസും നടത്താനാകുമെന്ന് സര്‍ക്കാരും സിയാലും കണക്കുകൂട്ടുന്നു. കൊച്ചയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ് എന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.