ലണ്ടന്‍ : കെയര്‍ഹോം ബില്ലുകള്‍ കണ്ടെത്താനായി സ്വന്തം വീട് വില്‍ക്കേണ്ടി വരുന്ന പ്രായമായവര്‍ക്ക് ആശ്വാസമായി ഗവണ്‍മെന്റ് പദ്ധതി. കെയര്‍ഹോമുകളില്‍ താമസിക്കേണ്ടി വരുന്ന വൃദ്ധര്‍ക്ക് നല്‍കേണ്ടുന്ന ബില്‍ പരിധി 35,000 പൗണ്ടാക്കി. ബാക്കി വരുന്ന തുക ഗവണ്‍മെന്റ് ഏറ്റെടുക്കും. അടുത്ത പബ്ലിക് സ്‌പെന്‍ഡിങ്ങ് റിവ്യൂവില്‍ 1.7 ബില്യണ്‍ പൗണ്ട് ഇതിനായി വകയിരുത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചു. ഡില്‍നോട്ട് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് കെയര്‍ഹോം ബില്ലുകള്‍ കണ്ടെത്താന്‍ വഴികാണാതെ കിടപ്പാടം വില്‍ക്കേണ്ടിവരുന്ന വൃദ്ധരെ സഹായിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത്.
പ്രായമായവര്‍ക്കുളള കെയര്‍ഹോം ബില്ലുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്ന ഡില്‍നോട്ട് കമ്മീഷന്റെ നിര്‍ദ്ദേശം നടപ്പിലാക്കാനാകില്ലെന്ന് കഴിഞ്ഞമാസം ആരോഗ്യ സെക്രട്ടറി ആന്‍ഡ്രൂ ലെസ്‌ലി വ്യക്തമാക്കിയിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ട്രഷറിക്ക് ബാധ്യതയാകുമെന്ന് അറിയിച്ചതിനാലായിരുന്നു ഇത്. എന്നാല്‍ ലിബറല്‍ ഡെമോക്രാറ്റുകളുടേയും മുതിര്‍ന്ന ടോറി അംഗങ്ങളുടേയും അഭ്യര്‍ത്ഥന മാനിച്ച് തീരുമാനത്തില്‍ മാറ്റം വരുത്താന്‍ പ്രധാനമന്ത്രി കാമറൂണ്‍ തീരുമാനിക്കുകയായിരുന്നു.
ഈ ശരത്കാലത്തോടെ പദ്ധതിയുടെ ഔദ്യോഗികപ്രഖ്യാപനം ഉണ്ടായേക്കും. ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ്ഗിന്റെ പരിപൂര്‍ണ്ണ പിന്തുണയും പദ്ധതിക്കുണ്ട്. 2017ലെ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് ബില്ലിനൊപ്പം നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കാനാണ് ഗവണ്‍മെന്റ് തീരുമാനം. ജനലക്ഷങ്ങളെ ബാധിക്കുന്ന ഒരു വലിയ പ്രശ്‌നം പരിഹരിക്കാനായി മന്ത്രിസഭയിലെ ഇരു പാര്‍ട്ടികളും ഒറ്റക്കെട്ടായി നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് പുതിയ പദ്ധതിയെന്ന് ഗവണ്‍മെന്റ് വക്താവ് അറിയിച്ചു.
നിലവില്‍ 23,250 പൗണ്ടിന് മേല്‍ ആസ്തിയുളളവര്‍ തങ്ങളുടെ കെയര്‍ഹോം ബില്ലുകള്‍ സ്വന്തമായി വഹിക്കണം. കഴിഞ്ഞ വര്‍ഷം മാത്രം കെയര്‍ഹോം ബില്ലുകള്‍ കണ്ടെത്താനായി 24,500 ആളുകള്‍ തങ്ങളുടെ വീടുകള്‍ വിറ്റിരുന്നു. ഒരു ദശകത്തിനുളളില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡില്‍നോട്ട് കമ്മീഷന്‍ കെയര്‍ഹോം ബില്ലുകള്‍ നല്‍കാനുളള ആസ്തിയുടെ പരിധി 35,000 പൗണ്ടാക്കി ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല