1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2011

അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന മമ്മൂട്ടി, പൃഥ്വിരാജ് സിനിമയ്ക്കു വേണ്ടി പ്രേക്ഷകര്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. ആ ചിത്രം എന്നു നടക്കുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ വന്നപ്പോളാണ് അമല്‍നീരദിന്റെ നീക്കങ്ങള്‍ ഒന്നു പിന്തുടരാമെന്നു തോന്നിയത്. അത് വെറുതെയായില്ല. യുവതാരങ്ങളെ അണിനിരത്തി വേട്ടനായ്ക്കള്‍ എന്ന ചിത്രമൊരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ സ്റ്റൈലിഷ് സംവിധായകന്‍. മിക്കവാറും സംവിധായകന്റെ കഥയ്ക്ക് തിരക്കഥ, സംഭാഷണമൊരുക്കുന്നത് പ്രശസ്ത ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമായിരിക്കും.

പൃഥ്വിരാജ്, ആസിഫ്അലി, ഫഹദ്ഫാസില്‍ എന്നിവരാണ് വേട്ടനായ്ക്കളിലെ പ്രധാനതാരങ്ങള്‍. രഞ്ജിത്തിന്റെ പൃഥ്വിരാജ് ചിത്രമായ ഇന്ത്യന്‍ റുപ്പീയില്‍ ആസിഫ് അലിയും ഫഹദ് ഫാസിലും അതിഥിതാരങ്ങളായിരുന്നെങ്കിലും മൂവരും ഒരുമിച്ചുള്ള രംഗം ആ ചിത്രത്തിലില്ലായിരുന്നു. ആ കുറവ് വേട്ടനായ്ക്കളിലൂടെ പരിഹരിക്കപ്പെടുകയാണ്. മുമ്പ് സൂപ്പര്‍ താരങ്ങള്‍ തന്നെ വിളിച്ച് അഭിനന്ദിച്ചിട്ടില്ല പൃഥ്വിയുടെ പരാതിയ്ക്ക് ബദലായി പൃഥ്വി തന്നെയും ഇതുവരെ വിളിച്ചിട്ടില്ല എന്ന് ആസിഫ് അലി പരാതിപ്പെട്ടിരുന്നു.

ആസിഫിന്റെ ട്രാഫിക് എന്ന ചിത്രം മാത്രമേ താന്‍ കണ്ടിട്ടുള്ളെന്നും അതു കണ്ടപ്പോള്‍ തോന്നിയത് അതിന്റെ തിരക്കഥാകൃത്തുക്കളെ വിളിക്കാനാണെന്നും അങ്ങനെ ചെയ്‌തെന്നും പൃഥ്വിരാജ് അതിനു മറുപടി നല്‍കിയിരുന്നു. വേട്ടനായ്ക്കള്‍ ഒരുക്കുന്നത് പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ആഗസ്റ്റ് സിനിമയുടെ ബാനറിലായതിനാല്‍ ഡേറ്റിന്റെ കാര്യത്തിനു വേണ്ടിയെങ്കിലും പൃഥ്വി ആസിഫിനെ വിളിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

അരിവാള്‍ ചുറ്റിക നക്ഷത്രം എന്നു തുടങ്ങാമെന്നതു സംബന്ധിച്ച് മമ്മൂട്ടിയില്‍ നിന്ന് ഉറപ്പ് ലഭിക്കാത്തതാണ് ചിത്രം വൈകാന്‍ കാരണമെന്നറിയുന്നു. ഡിസംബറില്‍ ചിത്രീകരണമാരംഭിക്കാനായിരുന്നു അമലിന്റെ ഉദ്ദ്യേശം. അതിന്‍ പ്രകാരം ഡിസംബറില്‍ ആ ചിത്രത്തിനു വേണ്ടി പൃഥ്വി തന്റെ ഡേറ്റുകള്‍ ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ മമ്മൂട്ടി ലാല്‍ ചിത്രമായ കോബ്രയിലാണെന്നു വ്യക്തമാക്കിയതോടെ പൃഥ്വിയുടെ ഡേറ്റുകള്‍ പാഴായിപ്പോകുന്ന അവസ്ഥയുണ്ടായി.

ഈ അവസരത്തിലാണ് തന്റെ മനസ്സിലുണ്ടായിരുന്ന (അതോ സി.ഡി.യിലോ?) കഥ അമല്‍ പൊടിതട്ടിയെടുത്തത്.
അമല്‍ നീരദിന്റെ മുന്‍ കാലചിത്രങ്ങളെപ്പോലെ ആക്ഷനാണീ സിനിമയെന്നു കരുതിയെങ്കില്‍ തെറ്റി. ഇത്തവണ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് അമല്‍. പോസ്റ്ററുകളില്‍ മലയാളത്തിലെ ആദ്യത്തെ സ്ലോമോഷന്‍ കോമഡി എന്ന പരസ്യവാചകമുണ്ടാവുമോ എന്ന് കണ്ടറിയണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.