1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2023

ഫാ. ടോമി അടാട്ട് (എയ്‌ൽസ്‌ഫോർഡ്): കർമ്മലനാഥയുടെ തിരുസ്വരൂപം എയ്‌ൽസ്‌ഫോർഡിലെ ചരിത്രമുറങ്ങുന്ന സ്വർഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോയ്‌ക്ക്‌ വലം വച്ചപ്പോൾ അപൂർവ്വമായി നാദം പൊഴിക്കാറുള്ള ദേവാലയമാണികൾ ഒരുമിച്ചു മുഴങ്ങി. നടുത്തളത്തിൽ തിങ്ങിനിറഞ്ഞ മരിയഭക്തരുടെ ഹൃദയങ്ങളിൽ ഗാഢമായ ദൈവസ്നേഹം വലയം ചെയ്തു നിന്നു. കാപ്പയണിഞ്ഞ പുരോഹിതർ കർമ്മലനാഥയെ കരങ്ങളിൽ വഹിച്ചുകൊണ്ട് നടത്തിയ ‘ഫ്ളോസ് കാർമലി’ പ്രദിക്ഷണം എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനത്തിലെ അനുഗ്രഹ ശുശ്രൂഷയായി മാറി. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനമാണ് ‘ഫ്ളോസ് കാർമലി’ യിലൂടെ ശ്രദ്ധേയമായത്.

2023 മെയ് 27 ശനിയാഴ്ച രാവിലെ 11: 15 ന് ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ലണ്ടൻ റീജിയൻ ഡയറക്ടർ റവ. ഫാ. ലിജേഷ് മുക്കാട്ട് ആശീർവദിച്ചു നൽകിയ തീർത്ഥാടന പതാക എയ്‌ൽസ്‌ഫോർഡ് പ്രയറിയിലെ പ്രിയോർ റവ. ഫാ. ഫ്രാൻസിസ് കെംസ്‌ലി ഉയർത്തിയതോടുകൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. കൊടിയേറ്റിനു ശേഷം കാന്റർബറി റീജിയണിലെ സെന്റ്. മാർക് മിഷനിൽ നിന്നും കൊണ്ടുവന്ന നേർച്ചയുടെ സ്വീകരണവും ആശീർവാദവും റവ. ഫാ. ഷിൻറ്റോ വർഗീസ് വാളിമലയിൽ നിർവഹിച്ചു.

തുടർന്ന് 11 .45 ന് രൂപതയിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ എയ്‌ൽസ്‌ഫോർഡിലെ പ്രസിദ്ധമായ ജപമാലരാമത്തിലൂടെ കർമ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചു കൊണ്ടുള്ള ജപമാലപ്രദിക്ഷണം നടന്നു. രൂപതാധ്യക്ഷനോടൊപ്പം ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് മരിയഭക്തർ ജപമാലയിൽ പങ്കുചേർന്നു. ഉച്ചക്ക് 1.15 ന് വിശുദ്ധ കുർബാനക്ക് മുന്നോടിയായി ആരംഭിച്ച പ്രദിക്ഷണത്തിൽ കർമ്മലമാതാവിന്റെ സ്കാപുലർ ധരിച്ച പ്രസുദേന്തിമാരും, അൾത്താരബാലന്മാരും, കാർമ്മികരായി എത്തിയ പതിനെട്ടോളം വൈദികരും അഭിവന്ദ്യ പിതാവും പങ്കുചേർന്നു. പ്രസുദേന്തി വാഴ്ചയ്ക്ക് ശേഷം അഭിവന്ദ്യ പിതാവിനോടൊപ്പം പ്രോട്ടോ-സിഞ്ചെല്ലൂസ് റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ് റവ. ഫാ. ജോർജ് ചേലയ്ക്കൽ, സിഞ്ചെല്ലൂസ് റവ. ഫാ. ജിനോ അരീക്കാട്ട്, പിൽഗ്രിമേജ് ചീഫ് കോ-ഓർഡിനേറ്റർ റവ. ഫാ. ടോമി എടാട്ട്, കാർമ്മികരായ വൈദികർ, പിൽഗ്രിമേജ് കോ-ഓർഡിനേറ്റർമാർ എന്നിവർ ചേർന്ന് തീർത്ഥാടനത്തിന്റെ തിരി തെളിയിച്ചു.

ഉച്ചക്ക് 1.30 ന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുനാൾ കുർബാന നടന്നു. സ്വർഗ്ഗാരോപിതമാതാവിന്റ ഗ്രോട്ടോയ്‌ക്ക്‌ മുൻപിൽ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലാണ് വിശുദ്ധ കുർബാന അർപ്പിച്ചത്. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾക്കൊപ്പം എത്തിയ വൈദികർ വിശുദ്ധ കുർബാനയിൽ സഹകാർമികരായി.

വിശുദ്ധകുർബാനക്കു ശേഷം 3.30 ന് ലദീഞ്ഞും തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി മുത്തുക്കുടകളുടെയും കൊടികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി കർമ്മലമാതാവിന്റെയും പതിനൊന്നു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണവും നടന്നു. ലണ്ടൻ, കാന്റർബറി റീജിയനുകളിലെ വിവിധ ഇടവകകളിലും മിഷനുകളിലും നിന്നുള്ള വോളണ്ടിയേഴ്‌സ് പ്രദിക്ഷണത്തിനു നേതൃത്വം നൽകി. മെയ് മാസം ഒന്നാം തിയതി ആരംഭിച്ച ഒരു ലക്ഷം ‘ഫ്ളോസ് കാർമലി’ എന്ന പ്രാർത്ഥന പരമ്പരയിലെ നിയോഗങ്ങൾ പേറുന്ന പുഷ്പചക്രവും പ്രദക്ഷിണത്തിൽ ഉൾപ്പെടുത്തിയിരുന്നു. വിശ്വാസികളുടെ അഭൂതപൂർവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രദിക്ഷണം അളവറ്റ ആത്മീയ അനുഭൂതിയുമാണ് തീർത്ഥാടകർക്ക് സമ്മാനിച്ചത്.

പ്രദിക്ഷണത്തിന്റെ ഒടുവിൽ ഓപ്പൺ പിയാസയുടെ മുന്നിൽ പ്രത്യകം തയാറാക്കിയ കൽക്കുരിശിന് മുന്നിൽ സ്ലീവാവന്ദനവും തുടർന്ന് ‘ഫ്ളോസ് കാർമലി’ പ്രദക്ഷിണവും നടന്നു. ഓപ്പൺ പിയാസയുടെ നടുമുറ്റത്ത് തിങ്ങിനിറഞ്ഞ മരിയഭക്തരുടെയും ചാപ്പലുകൾക്കു ചുറ്റും നിരന്ന മുത്തുക്കുടകളുടെയും നടുവിലൂടെ കർമ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചുകൊണ്ട് പുരോഹിതർ നീങ്ങിയപ്പോൾ കാർമ്മലിലെ സൗന്ദര്യ പുഷ്പത്തിന്റെ പരിമളം നടുത്തളത്തിലാകെ നിറഞ്ഞുനിന്നു. അവിടെ ഉയർന്ന പ്രാർത്ഥനകളിൽ ഉത്തരീയനാഥയുടെ വാഗ്ദാനത്തിലുള്ള പ്രത്യാശ നിഴലിച്ചു നിന്നു.

റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിലുള്ള രൂപതയിലെ വിവിധ മിഷനുകളിൽ നിന്നുള്ള ക്വയർ അംഗങ്ങൾ തിരുക്കർമങ്ങൾ സംഗീത സാന്ദ്രമാക്കി. തീർത്ഥാടകർക്ക് എല്ലാ വർഷവും നൽകിവരാറുള്ള കർമ്മലമാതാവിന്റെ ഉത്തരീയം പ്രദിക്ഷണത്തിനു ശേഷം വിതരണം ചെയ്തു. നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, അടിമ എന്നിവയ്ക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിരുന്നു. കൂടാതെ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മിതമായ നിരക്കിൽ ലഘു ഭക്ഷണശാലയും ഒരുക്കിയിരുന്നു. തിരുക്കർമ്മങ്ങൾക്കൊടുവിൽ തീർത്ഥാടകരായി എത്തിയിട്ടുള്ള എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

എയ്‌ൽസ്‌ഫോർഡിലെ അനുഗ്രഹാരാമത്തിൽ കർമ്മലനാഥയുടെ സംരക്ഷണം തേടിയെത്തിയവർ സവിശേഷമായ കൃപാദാനങ്ങൾ ഹൃദയങ്ങളിൽ സ്വീകരിച്ചു മടങ്ങുന്ന അസുലഭ കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്. തീർത്ഥാടന കോ-ഓർഡിനേറ്റർമാരെ കൂടാതെ, ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷൻ ട്രസ്ടിമാർ, വിവിധ കമ്മറ്റികളുടെ ഭാരവാഹികൾ, ലണ്ടൻ, കാന്റർബറി റീജിയനിൽ നിന്നുള്ള ട്രസ്ടിമാർ, സണ്ടേസ്കൂൾ അധ്യാപകർ, ഭക്ത സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവർ തീർത്ഥാടനത്തിന് നേതൃത്വം നൽകി. അടുത്തവർഷത്തെ എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം 2024 മെയ് 25 ശനിയാഴ്ച ആയിരിക്കുമെന്ന് പിൽഗ്രിമേജ് ചീഫ് കോ-ഓർഡിനേറ്റർ ഫാ. ടോമി എടാട്ട് അറിയിച്ചു.

എയ്‌ൽസ്‌ഫോഡിലെ ശുശ്രൂഷകളിൽ സവിശേഷമായ മറ്റൊന്ന് എല്ലാ മാസവും കർമ്മലമാതാവിന്റെ സന്നിധിയിൽ വച്ച് നടക്കുന്ന ആദ്യബുധനാഴ്ച ശുശ്രൂഷയാണ്. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സൗഖ്യ ജപമാല ശുശ്രൂഷ, കർമ്മലമാതാവിന്റെ നൊവേന, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയോടുകൂടി രാത്രി 8 മണിക്ക് സമാപിക്കുന്ന രീതിയിലാണ് ഈ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.