1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2012

ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ വരുന്ന മന്ത്രിമാര്‍ ഔദ്യോഗിക വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. സ്വന്തമായി ടിക്കറ്റ് എടുക്കാതെ മന്ത്രിമാര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ ഒളിമ്പിക്‌സ് കാണാനായി കൊണ്ടുവരരുതെന്നും കാമറൂണ്‍ മന്ത്രിസഭാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രിമാരെ പ്രധാനപ്പെട്ട ആതിഥികളായി തന്നെ ക്ഷണിക്കുമെന്നും എന്നാല്‍ മന്ത്രിമാരും മറ്റും തങ്ങളുടെ പദവികള്‍ ദുരുപയോഗം ചെയ്യരുതെന്നും കാമറൂണ്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒളിമ്പിക്‌സ് കാണാന്‍ താന്‍ പൊതു ഗതാഗത സൗകര്യമാണ് ഉപയോഗിക്കാന്‍ പോകുന്നതെന്ന് കാമറൂണ്‍ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. എല്ലാവരും തന്റെ പാത പിന്തുടരുമെന്നാണ് കരുതുന്നതെന്നും കാമറൂണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ കാമറൂണിന്റെ തീരുമാനം എംപിമാരില്‍ കടുത്ത പ്രതിക്ഷേധത്തിന് കാരണമായി. ബസില്‍ കയറി ഒളിമ്പിക്‌സ് കാണാന്‍ പോകുന്നതില്‍ ഭേദം വീട്ടിലിരുന്ന് ടിവിയില്‍ കാണുന്നതാണ് നല്ലതെന്നായിരുന്നു ഭൂരിഭാഗം എംപിമാരുടേയും അഭിപ്രായം. എന്നാല്‍ മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്ന് ഭയന്ന് പലരും പരസ്യമായ പ്രതികരണത്തിന് മുതിര്‍ന്നില്ല. തുറന്ന് പറഞ്ഞാല്‍ കാമറൂണിന്റെ നിലപാട് വിഷമമുണ്ടാക്കിയെന്ന് ഒരു മുതിര്‍ന്ന മന്ത്രി പ്രതികരിച്ചു. ഈ നിലപാടുകള്‍ തികച്ചും പഴഞ്ചനാണ്. ഗാര്‍ഡുകള്‍ക്ക് മുന്നില്‍ ചെന്ന് തങ്ങള്‍ ആരാണ് എന്ന് വെളിപ്പെടുത്തേണ്ട ഗതികേടിലാണ് മന്ത്രിമാര്‍ – അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി അടക്കമുളള എല്ലാ മന്ത്രിമാരും എംപിമാരും പൊതുഗതാഗത സൗകര്യമാണ് ഒളിമ്പിക്‌സ് കാണാന്‍ ഉപയോഗിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഒളിമ്പിക്‌സിനെത്തുന്ന വിഐപികളെ സ്വീകരിക്കാനും മറ്റുമായി ചുരുങ്ങിയത് അറുപത് മന്ത്രിമാരേയും മുതിര്‍ന്ന എംപിമാരേയും പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതല പ്പെടുത്തിയിരുന്നു. ഗെയിംസിന്റെ ക്ഷണിക്കപ്പെട്ട അതിഥികളായി പോകുമ്പോള്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കാം. ഓപ്പണിങ്ങ് സെറിമണിയുടേയും ക്ലോസിങ്ങ് സെറിമണിയുടേയും ടിക്കറ്റുകളില്‍ ഭൂരിഭാഗവും വിഐപികള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.