1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2023

കവൻട്രി : ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പതിനൊന്നു ഗായകസംഘങ്ങൾ. മാലാഖമാരുടെ സ്വർഗീയ സംഗീതത്തോടൊപ്പം അവർ ചേർന്നു പാടിയപ്പോൾ കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഉയർന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവർണ്ണഗീതങ്ങൾ.

കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ ൯ ശനിയാഴ്ച്ച കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം ടിവിയും , ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദി വേൾഡ് കരോൾ ഗാന മത്സരത്തിന്റെ ആറാം പതിപ്പിൽ പങ്കെടുത്തത് യുകെയിലെ മികച്ച പതിനൊന്ന് ഗായകസംഘങ്ങൾ. ‘ജോയ് ടു ദി വേൾഡ്’ സീസൺ 6 ഓൾ യുകെ കരോൾ ഗാന മത്സരത്തിൽ കിരീടം ചൂടിയ കവൻട്രി വർഷിപ്പ് സെന്ററിന് ആയിരം പൗണ്ട് കാഷ് അവാർഡും ‘ജോയ് ടു ദി വേൾഡ്’ വിന്നേഴ്സ് ട്രോഫിയും ലഭിച്ചു.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ പള്ളികളെയും , സംഘടനകളെയും പ്രതിനിധീകരിച്ചു എത്തിയ പതിനൊന്നു ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ ഹെർമോൻ മാർത്തോമാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും, ഹാർമണി ഇൻ ക്രൈസ്റ്റ് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെന്റ് ജെയിംസ് മാർത്തോമാ ചർച്ച് ലണ്ടൻ നാലാം സ്ഥാനവും, സഹൃദയ ടൺബ്രിഡ്ജ് വെൽസ് അഞ്ചാം സ്ഥാനവും നേടി. ഈ വർഷം മുതൽ ഏർപ്പെടുത്തിയ ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്ററ് അപ്പിയറൻസ്’ അവാർഡിന് ബിർമിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ അർഹരായി. രണ്ടാം സ്ഥാനം നേടിയ ടീമിന് അഞ്ഞൂറ് പൗണ്ടും ട്രോഫിയും , മൂന്നാം സമ്മാനം നേടിയ ടീമിന് ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും , നാലും അഞ്ചും ടീമുകൾക്കു ട്രോഫിയും സമ്മാനിച്ചു.

കവൻട്രി സെന്റ്. ജോൺ വിയാനി കാത്തലിക് ചർച്ച് വികാരി റവ. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുത്ത് പരിപാടി ഉത്‌ഘാടനം ചെയ്തു. . ചർച്ച് ഓഫ് ഗോഡ് യുകെ ആൻഡ് യൂറോപ്പ് ഓവര്സീർ റവ. ഡോ. ജോ കുര്യൻ, കവൻട്രി വർഷിപ്പ് സെന്റർ ചർച്ച് മിനിസ്റ്റർ പാസ്റ്റർ ജിജി തോമസ് എന്നിവർ ക്രിസ്മസ് സന്ദേശം നൽകി സംസാരിച്ചു.

ചലച്ചിത്ര പിന്നണി ഗായിക ഡെൽസി നൈനാൻ, ഗായകനും മ്യൂസിഷ്യനുമായ അജിത് യോഗി, കംപോസറും സംഗീതജ്ഞനുമായ സാബു ജോസ്, ഗായകനും സുവ്‌സേഷകനുമായ ഡോ. ബ്ലെസൻ മേമന എന്നിവർ അതിഥികളായി എത്തിയിരുന്നു. കരോൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി.

മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ഡെൽസി നൈനാൻ, അജിത് യോഗി, സാബു ജോസ്, ഡോ. ബ്ലെസൻ മേമന, ദീപേഷ് സ്കറിയ, മനോജ് തോമസ്, ഗർഷോം ടി വി ഡയറക്ടർമാരായ ജോമോൻ കുന്നേൽ , ബിനു ജോർജ്, ലണ്ടൻ അസാഫിയൻസ് സെക്രട്ടറി സുനീഷ് ജോർജ്, ബാൻഡ് ലീഡർ ജോയ് തോമസ്, ജോയ് ടു ദി വേൾഡ് ചീഫ് കോ-ഓർഡിനേറ്റർ ജോഷി സിറിയക് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയ് ടു ദി വേൾഡ് സീസൺ 7 2024 ഡിസംമ്പർ 7 നു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.