1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം പ്രതിദിനം ഉയരുന്നതോടെ കർശന നിയന്ത്രണങ്ങളാണ് വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. രോഗ ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നനരെയും രോഗ ലക്ഷണങ്ങളുള്ളവരെയുമാണ് വിമാനത്താവളത്തിൽ പരിശോധനകൾക്ക് വിധേയരാക്കുന്നത്. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ നിരീക്ഷണത്തിലാക്കുന്ന നടപടികളാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ നടന്നുവരുന്നത്. തെർമൽ സ്ക്രീനിംഗിന് വിധേയമാക്കിയാണ് വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനെയും വിട്ടയയ്ക്കുന്നത്.

അതിന് പുറമേ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയാനും രോഗ ലക്ഷണങ്ങൾ പ്രകടമായാൽ ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിക്കാനും നിർദേശമുണ്ട്. വിദേശത്ത് നിന്നെത്തിയവർ ഇക്കാര്യം അധികൃതരെ ആരോഗ്യ വകുപ്പ് അറിയിക്കാനും നിർദേശിച്ചിരുന്നു. മാർച്ച് മൂന്നിന് ശേഷം മാത്രമാണ് രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തുന്ന എല്ലാവരെയും തെർമൽ സ്ക്രീനിംഗിന് വിധേയമാക്കുന്നത്. നേരത്തെ 12 രാജ്യങ്ങളിൽ നിന്നുള് യാത്രക്കാർക്ക് മാത്രമായിരുന്നു തെർമൽ സ്ക്രീനിംഗ് ബാധകമായിട്ടുള്ളത്.

ഇന്ത്യയിലെത്തുന്ന എല്ലാ വിമാന യാത്രക്കാരും കഴിഞ്ഞ രണ്ടാഴ്ചക്കിടെ അവർ സഞ്ചരിച്ച രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾക്കൊപ്പം വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ട രണ്ട് സെൽഫ് ഡിക്ലറേഷൻ ഫോമുകൾ വിമാനത്താവളങ്ങളിൽ സമർപ്പിക്കേണ്ടത് നിർബന്ധമാക്കിയിരുന്നു. അടുത്തകാലത്ത് വിദേശരാജ്യങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തുന്നവരിൽ കുടുതൽ പേർക്ക് കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യം വന്നതോടെയാണ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമാക്കിയത്. 12. 29 ലക്ഷത്തിലധികം യാത്രക്കാരെയാണ് ഇതിനകം ഇന്ത്യയിൽ തെർമൽ സ്ക്രീനിംഗിന് വിധേയരാക്കിയതെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ. ജീവനക്കാരെയും യാത്രക്കാരെയും ബോധവൽക്കരിക്കുന്നതിനായി ക്യാമ്പെയിനുകളും രാജ്യത്ത് സംഘടിപ്പിച്ച് വരുന്നുണ്ട്.

ചെക്ക് ഇൻ കൌണ്ടറുകളിലും ബോർഡിംഗ് കാർഡ് കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിലുമുള്ള ജീവനക്കാർക്ക് ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിച്ച് കൈകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാനാണ് അധികൃതർ നൽകിയിട്ടുള്ള നിർദേശം. യാത്രക്കാരുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന എയർപോർട്ട് ജീവനക്കാർക്കും ഇതേ നിർദേശമാണ് നൽകിയിട്ടുള്ളത്. ഗേറ്റുകൾ, ചെക്ക് ഇൻ കൌണ്ടറുകൾ, ടച്ച് സ്ക്രീൻ, എന്നിങ്ങനെ വ്യത്യസ്ത ഉപയോക്താക്കൾ ഉപയോഗിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അണുനശീകരണം നടത്താനും നിർദേശമുണ്ട്. വിമാനത്തിൽ യാത്രക്കാർ കയറുന്നതിന് മുമ്പായി അണുനാശിനികൾ തളിക്കാനാണ് പ്രധാന നിർദേശം. കൊറോണ ബാധിതർ വിമാനത്തിലുണ്ടെന്ന സംശയം തോന്നിയാൽ ഇതിന് പുറമേ ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. എന്നാണ് ചട്ടം. യാത്രക്കാർക്കും വിമാനത്തിൽ നിന്ന് മാസ്കുകൾ ലഭിക്കും.

ഇറാനിലും ചൈനയിലും കുടുങ്ങിക്കിടന്ന നിരവധി ഇന്ത്യക്കാരെ രാജ്യത്ത് തിരികെയെത്തിച്ചത് എയർ ഇന്ത്യയായിരുന്നു. രോഗബാധിതർ വിമാനത്തിലുണ്ടെന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ ഇവർ ഇറങ്ങിയ ശേഷം വിമാനത്തിന്റെ സീറ്റ് ഉൾപ്പെടെയുള്ള ഉൾഭാഗം, ചവറ്റുകുട്ടകൾ, ഓവർഹെഡ്, ശുചിമുറി എന്നിവ ആൽക്കഹോൾ അടങ്ങിയ ക്ലെൻസർ കൊണ്ട് ശുചിയാക്കുന്ന രീതിയാണ് എയർ ഇന്ത്യ പിന്തുടർന്നുവന്നത്.

വിമാനത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചാൽ വിമാനത്തിന്റെ ഉൾഭാഗം പൂർണ്ണമായി അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കുന്ന രീതിയാണ് വിസ്താര എയർലൈൻസ് ചെയ്തുുവന്നിരുന്നത്. കാർപെറ്റ്, ഓവർഹെഡ് കംപാർട്ട്മെന്റ്, ട്രേ ടേബിൾ, തറയിലിട്ടിരിക്കുന്ന മാറ്റുകൾ, എന്നിവയുൾപ്പെടെ വിമാനത്തിന്റെ എല്ലാ ഭാഗങ്ങളും ശുചീകരിക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. ആറ് മണിക്കൂർ നീണ്ട വൃത്തിയാക്കവാണ് ഗോ എയർ നടത്തിവരുന്നത്. ഇതിനായി ജീവനക്കാർക്ക് കയ്യുറകൾ, അണുനാശിനികൾ, സാനിറ്റൈസറുകൾ എന്നിവയും വിമാന കമ്പനികൾ നൽകുന്നുണ്ട്. യാത്രക്കാരുമായി നിരന്തരം ബന്ധം പുലർത്തുന്നവർക്കാണ് കൂടുതൽ ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.