1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2012

പ്രപഞ്ചോല്‍പ്പത്തിക്ക് കാരണമായ പുതിയ കണിക കണ്ടെത്തിയതായി ശാസ്ത്രലോകം. ഹിഗ്‌സ് ബോസോണ്‍ (Higgs Boson)അഥവാ ദൈവ കണത്തിന് സമാനമായ കണികയാണ് കണ്ടെത്തിയതെന്ന് സൂചനയുണ്ട്. യൂറോപ്യന്‍ ആണവോര്‍ജ ഗവേഷണഏജന്‍സി(സേണ്‍) യിലെ ശാസ്ത്രജ്ഞര്‍ ബുധനാഴ്ച സംഘടിപ്പിച്ച സെമിനാറിലാണ് സുപ്രധാന വെളിപ്പെടുത്തല്‍ നടന്നത്.

മൗലിക കണങ്ങളിലെ പിണ്ഡമുള്ള സാങ്കല്‍പിക കണമായ ഹിഗ്‌സ് ബോസോണാണ് ‘ദൈവ കണം’ എന്ന പേരില്‍ അറിയപ്പെടുന്നത്.

ദ്രവ്യകണികകള്‍ക്ക് പിണ്ഡം നല്‍കുന്ന അടിസ്ഥാനഘടകമായ ഹിഗ്‌സ് ബോസോണിന്റെ സാന്നിധ്യം കണികാ ഭൌതികജ്ഞര്‍ പ്രവചിച്ചിരുന്നതാണെങ്കിലും പരീക്ഷണത്തിലൂടെ തെളിയിക്കുന്നത് ഇതാദ്യമാണ്. ഹിഗ്‌സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കപ്പെടുന്നതോടെ അത് ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തലായി മാറും.

പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണകള്‍ കൂടുതല്‍ പുറത്തു കൊണ്ടുവരാനും ഈ കണ്ടെത്തലിന് സാധിക്കും.

ദൈവകണം എന്ത്?

പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും പിണ്ഡം നല്‍കുന്ന സൂക്ഷ്മ കണമാണ് ഹിഗ്‌സ് ബോസോണ്‍ എന്നാണ് കരുതപ്പെടുന്നത്. ഈ രംഗത്ത് ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്ഗ്‌സിന്റെയും ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ ബോസിന്റെയും പേരുകളില്‍ നിന്നാണു ‘ഹിഗ്ഗ്‌സ് ബോസോണ്‍ എന്ന പേര്.

‘ദൈവകണ’മെന്നും അറിയപ്പെടുന്ന ഇതിന്റെ സാന്നിധ്യം, പറഞ്ഞുഫലിപ്പിയ്ക്കാന്‍ മാത്രമാണ് ശാസ്ത്രജ്ഞന്‍മാര്‍ക്ക് കഴിഞ്ഞിരുന്നത്. എന്നാലിത് തെളിയിക്കാന്‍ അവര്‍ക്കായിരുന്നില്ല. മൂന്നുദശാബ്ദം നീണ്ട ഗവേഷണത്തിനൊടുവിലാണ് ദൈവകണത്തിന്റെ അസ്തിത്വം തെളിയിക്കപ്പെടുന്നതിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പ് ഉണ്ടായിരിക്കുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡ് ഫ്രാന്‍സ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ഹാഡ്രന്‍ കൊളൈഡറിലാണ് ലോകത്തെ ഏറ്റവും വലിയ പരീക്ഷണം എന്നറിയപ്പെടുന്ന കണികപരീക്ഷണം നടക്കുന്നത്. കണികാ പരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണശാലയില്‍ നിന്നാണു ദൈവകണത്തിന്റെ പുതിയ വിവരങ്ങള്‍. നാല്‍പതിനായിരം കോടി രൂപ ചെലവിട്ടാണു പ്രപഞ്ചോത്പത്തിയുടെ രഹസ്യം കണ്ടെത്താന്‍ കണികാപരീക്ഷണം നടത്തുന്നത്. ദൈവകണം കണ്ടെത്തുന്നതിന് തൊട്ടടുത്തെത്തിയെന്ന് കഴിഞ്ഞ ഡിസംബറില്‍ ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു. തുടര്‍ന്നുള്ള ആറുമാസത്തെ പരീക്ഷണങ്ങളുടെ വിവരമാണ് ബുധനാഴ്ച വെളിപ്പെടുത്തിയത്.

പ്രകാശവേഗത്തോടടുത്ത വേഗത്തില്‍ പ്രോട്ടോണുകളുടെ രണ്ടുബീമുകളെ എതിര്‍ദിശകളില്‍ നിന്നു കൂട്ടിയിടിപ്പിച്ചാണ് ഇവിടെ ഹിഗ്ഗ്‌സ് ബോസോണിനെ കണ്ടെത്താനുള്ള പരീക്ഷണം നടത്തുന്നത്. ഒരു സെക്കന്‍ഡിന്റെ നൂറുകോടിയില്‍ ഒരംശം സമയത്തില്‍ നടന്ന പ്രോട്ടോണ്‍ രശ്മികളുടെ കൂട്ടിയിടിയിലൂടെ എഴുനൂറു കോടിയുടെ നൂറുകോടി മടങ്ങ് ഇലക്‌ട്രോണ്‍ വോള്‍ട്ടാണു സ്വതന്ത്രമായത്.

പ്രോട്ടോണുകള്‍ കൂട്ടിയിടിച്ചപ്പോള്‍ ദൈവത്തിന്റെ കണമെന്ന് വിശേഷിപ്പിയ്ക്കുന്ന ഹിഗ്‌സ് ബോസണ്‍ സൃഷ്ടിയ്ക്കപ്പെട്ടുവെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇത് പൂര്‍ണമായി സ്ഥിരീകരിക്കാന്‍ കൂടുതല്‍ ഡേറ്റയും വിശകലനവും ആവശ്യമുണ്ട്. കൂടുതല്‍ ഡേറ്റ ലഭിക്കുന്നതോടെ, 2012 അവസാനത്തോടെ കുറെക്കൂടി വ്യത്യമായ ചിത്രം ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.