1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2016

സ്വന്തം ലേഖകന്‍: കറന്‍സി പിന്‍വലിക്കല്‍, ആശയക്കുഴപ്പത്തില്‍ വലഞ്ഞ് പ്രവാസികളും പണവിനിമയ സ്ഥാപനങ്ങളും. മോഡി സര്‍ക്കാര്‍ ഒറ്റയടിക്ക് 500, 1000 നോട്ടുകള്‍ അസാധുവാക്കിയതോടെ പ്രവാസികള്‍ക്കിടയിലും ആശയക്കുഴപ്പം വ്യാപിക്കുകയാണ്. ഇന്ത്യന്‍ രൂപ കൈവശമുള്ള പ്രവാസികളാണ് ആശയക്കുഴപ്പത്തില്‍പ്പെട്ടിരിക്കുന്നത്. ബാങ്കിലും പോസ്റ്റാഫീസിലും ഈ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഡിസംബര്‍ 30 വരെ സമയമുണ്ടങ്കിലും പണം മാറ്റാനായി മാത്രം നാട്ടിലേക്ക് വരുന്നത് പ്രായോഗികമല്ല.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലെ ഫോറിന്‍ മണി എക്‌സ്‌ചേഞ്ചുകളില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. എന്നാല്‍ ഇങ്ങനെ ലഭിച്ചതും നേരത്തെ കൈവശമുള്ളതുമായ ഇന്ത്യന്‍ രൂപ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് പണമിടമാട് സ്ഥാപനങ്ങള്‍. ചില സ്ഥാപനങ്ങള്‍ ഇടപാടുകാരില്‍ നിന്ന് പണം എടുക്കുന്നത് നിര്‍ത്തിവച്ചിട്ടുമുണ്ട്.

ചൊവ്വാഴ്ച രാത്രി മുതല്‍ 1,000, 500 രൂപകള്‍ മാറ്റിയെടുക്കുന്നതിനായി നൂറുകണക്കിന് ആളുകളാണ് രൂപയുമായി എക്‌സ്‌ചേഞ്ചുകളിലെത്തുന്നത്. എന്നാല്‍, ഇവരെയെല്ലാം തിരിച്ചയക്കുകയാണ് ചെയ്യുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. നാട്ടില്‍ നിന്ന് വരുമ്പോള്‍ കൊണ്ടുവന്ന 5,00 രൂപ മുതലുള്ള തുകയും പലവിധ ഇടപാടുകളിലൂടെ കൈകളിലെത്തിയ ലക്ഷക്കണക്കിന് രൂപയും കൈവശം സൂക്ഷിക്കുന്ന പ്രവാസികളുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഖത്തറിലെ യു.എ.ഇ.എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ മത്തായി വൈദ്യന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, പണവിനിമയ സ്ഥാപനങ്ങളുടെ കൈവശമുള്ള നോട്ടുകള്‍ തിരികെ ഇന്ത്യന്‍ ബാങ്കുകളിലേക്ക് അയയ്ക്കാനായി പ്രത്യേക സംവിധാനം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ പണവിനിമയ സ്ഥാപനങ്ങളുടെ കൈവശമുള്ള നോട്ടുകള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനുള്ള പ്രത്യേക അനുമതി ലഭിച്ചാല്‍ മാത്രമേ വിദേശ രാജ്യങ്ങളിലെ പ്രവാസികളുടെ കൈവശമുള്ള 500, 1000 നോട്ടുകള്‍ ഇന്ത്യയിലേക്ക് അയക്കാന്‍ കഴിയൂ. പ്രവാസികളുടെ പക്കലുളള ഇന്ത്യന്‍ രൂപ മാറിയെടുക്കുന്നതിന് എംബസികളില്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യവും ശക്തമായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.