1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2012

എന്‍എച്ച്എസ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പതിനായിരക്കണക്കിന് വൃദ്ധര്‍ക്ക് അവരുടെ കിടപ്പാടങ്ങള്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. പ്രായമായതിന് ശേഷം നഴ്‌സിങ്ങ് ഹോമിലേക്ക് ചികിത്സകള്‍ക്കായി മാറുന്നവര്‍ക്കാണ് പലപ്പോഴും ചെലവുകള്‍ കണ്ടെത്താന്‍ കിടപ്പാടം വില്‍്ക്കേണ്ടി വരുന്നത്. മുതിര്‍ന്നവര്‍ക്കുളള പരിചരണം സൗജന്യമായി നല്‍കാന്‍ ഗവണ്‍മെന്റിന് പദ്ധതിയുളളപ്പോഴാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം ഭൂരിഭാഗം വൃദ്ധര്‍ക്കും ഈ സേവനം കിട്ടാതെ സ്വന്തം വീട് വില്‍ക്കേണ്ടി വരുന്നത്. വൃദ്ധരായ ആളുകളുടെ നഴ്‌സിങ്ങ് ഹോമിലെ ബില്ലുകള്‍ കണ്ടെത്താന്‍ എന്‍എച്ചഎസ് ബാധ്യസ്ഥരാണ്.

ഫെയര്‍ലി ഡ്വെക് എന്ന നിയമസ്ഥാപനത്തിന്റെ കണക്ക് അനുസരിച്ച് 2004 നും 2011നും ഇടയില്‍ നഴ്‌സിങ്ങ് ഹോമില്‍ പോകുന്നതിനായി പതിനായിരത്തിലധികം വൃദ്ധരാണ് തങ്ങളുടെ വീട് വിറ്റത്. എന്നാല്‍ എന്‍എച്ച്എസ് കണ്ടിന്യൂയിംഗ് ഹെല്‍ത്ത്‌കെയര്‍ സ്‌കീം അനുസരിച്ച് വൃദ്ധരുടെ പരിചരണവും അതിനുളള ചെലവും എന്‍എച്ച് എസ് വഹിക്കണം. രോഗികള്‍ ആശുപത്രികളില്‍ അഡ്മിറ്റ് അല്ലെങ്കില്‍ പോലും ഈ മരുന്നുകള്‍ വൃദ്ധര്‍ക്ക് സൗജന്യമായി എത്തിച്ച് നല്‍കണം. എന്നാല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഇത്തരം സേവനങ്ങള്‍ ഭൂരിഭാഗം വരുന്നവര്‍ക്കും ലഭിക്കാറില്ല.

സൗജന്യമായി സേവനം ലഭിക്കേണ്ടുന്ന പലര്‍ക്കും ഉദ്യോസ്ഥരുടെ അനാസ്ഥ മൂലം അത് ലഭിച്ചില്ലെന്ന് എന്‍എച്ച്എസ് സമ്മതിച്ചു. ഇത്തരത്തില്‍ പണം തിരികെ കിട്ടാന്‍ അര്‍ഹതയുളളവര്‍ക്ക് എന്‍എച്ച്എസ് പണം തിരികെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. 2004 ഏപ്രില്‍ ഒന്നിനും 2011 മാര്‍ച്ച് 31 നും ഇടയില്‍ നഴ്‌സിങ്ങ് ഹോമിലെ ചെലവുകള്‍ക്കായി നല്‍കിയ തുകയാണ് ഇത്തരത്തില്‍ തിരികെ നല്‍കുന്നത്. പണം തിരികെ കിട്ടാന്‍ അര്‍ഹതയുളളവര്‍ 2012 സെപ്റ്റംബര്‍ 20 ന് മുന്‍പ് എന്‍എച്ച്എസില്‍ അപേക്ഷ നല്‍കണം.

ലക്ഷകണക്കിന് പൗണ്ടാണ് ഇത്തരത്തില്‍ എന്‍എച്ച്എസ് തിരികെ നല്‍കേണ്ടത്. എന്നാല്‍ ഇതിനോടകം തന്നെ 5,750 പേരാണ് തുക തിരികെ കി്ട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുളളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രംഗത്തെത്തുമെന്നാണ് കരുതുന്നത്. ഉദ്യോഗസ്ഥരുടെ പിശക് കാരണം ജീവിതകാലത്തെ മുഴുവന്‍ സ്വപ്‌നമാണ് പലര്‍ക്കും നഷ്ടമായത്. യാതൊരു ആവശ്യവുമില്ലാതെയാണ് പലരും വീട് വിറ്റത്. പലര്‍ക്കും പാരമ്പര്യമായ കിട്ടിയ സ്വത്തുക്കളാണ് കൈമോശം വന്നത്. ഈ അഴിമതി രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണന്നും ഫെയര്‍ലി ഡ്വെക്കിന്റെ പാര്‍ട്ണറായ ആന്‍ഡ്രൂ ഫെര്‍ലി പറഞ്ഞു.

നിലവില്‍ 380,000ത്തിലധികം വൃദ്ധരാണ് ഇംഗ്ലണ്ടില്‍ മാത്രം റെസിഡന്‍ഷ്യല്‍ കെയറില്‍ കഴിയുന്നത്. ഇതില്‍ മൂന്നിലൊന്ന് ആളുകളും ചെലവ് സ്വയം വഹിക്കുകയാണ് ചെയ്യുന്നത്. ദീര്‍ഘകാല പരിചരണം ആവശ്യമായി വരുന്ന വൃദ്ധര്‍ക്ക് അവരുടെ ഉയര്‍ന്ന ചെലവുകള്‍ കണ്ടെത്താന്‍ വീട് വില്‍്ക്കുകയല്ലാതെ മ്റ്റ് മാര്‍ഗ്ഗമില്ലാതെ വരുന്നു. നിലവില്‍ ഒരാഴ്ചത്തേക്ക് ശരാശരി 800 പൗണ്ടാണ് നഴ്‌സിങ്ങ് ഹോമിലെ ചെലവാകുന്നത്. ഈ ഫീസ് തിരികെ കിട്ടാന്‍ ബന്ധുക്കള്‍ ഏറ്റവും അടുത്തുളള ലോക്കല്‍ പ്രൈമറി കെയര്‍ ട്രസ്റ്റുമായി ബന്ധപ്പെടുകയാണ് വേണ്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.