1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2012

യുകെയിലെ ശക്തമായ മഴയെയും വെളളപ്പൊക്കത്തെയും തുടര്‍ന്ന് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് കനത്ത ബാധ്യത വരുന്നതിനാല്‍ യുകെയിലെ എല്ലാ വീടുകള്‍ക്കും ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന്റെ പത്ത് ശതമാനം ലെവി ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നു. ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ഗവണ്‍മെന്റിന് ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വെളളപ്പൊക്ക ബാധിത പ്രദേശങ്ങളെന്ന് മുന്നറിയിപ്പ് കിട്ടിയ സ്ഥലങ്ങളിലെ വീടുകളുടേയും മറ്റും ഇന്‍ഷ്വറന്‍സ് പ്രീമിയം കുത്തനെ ഉയരും. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും കനത്ത മഴയായിരിക്കും ഈ വര്‍ഷം ലഭിക്കാന്‍ പോകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില പ്രദേശങ്ങളില്‍ പതിനേഴ് ഇഞ്ച് വരെ മഴ ലഭിച്ചിട്ടുണ്ട്. അടുത്തമാസം വരെ ഇതേ അവസ്ഥ തുടരുമെന്നാണ് കരുതുന്നത്. ആയിരക്കണക്കിന് വസ്തുവകകളെ വെളളപ്പൊക്കം ബാധിക്കുമെന്നാണ് കരുതുന്നത്. ഇവര്‍ക്കുളള ഇന്‍ഷ്വറന്‍സ് തുകയായി നൂറുകണക്കിന് മില്യണ്‍ പൗണ്ട് നല്‍കേണ്ടിവരും. ഇത് ഇന്‍ഷ്വറന്‍സ് കമ്പനികളെ നഷ്ടത്തിലേക്ക് തളളിവിടാന്‍ കാരണമാകുമെന്നാണ് കരുതുന്നത്.

ഒരോ കുടുംബവും തങ്ങളുടെ ഇന്‍ഷ്വറന്‍സ് ബില്ലിന്റെ പത്ത് ശതമാനം അധികം അടക്കാനാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണന്നാണ് എന്‍വയോണ്‍മെന്റ് സെക്രട്ടറി കരോലിന്‍ സ്‌പെല്‍മാന്‍ അറിയിച്ചു. സാധാരണ അടക്കുന്ന ഇന്‍ഷ്വറന്‍സ് പ്രീമിയത്തിനൊപ്പം ലെവിയായിട്ടാണ് ഈ തുക കൂടി അടയ്‌ക്കേണ്ടത്. വരുന്ന മാസത്തില്‍ തന്നെ ഇത് നടപ്പിലാക്കാനാണ് തീരുമാനം. കനത്ത വെളളപ്പൊക്ക ബാധ ഉണ്ടായാല്‍ ബില്യണ്‍ കണക്കിന് പൗണ്ട് ഇന്‍ഷ്വറന്‍സ് ക്ലെയിമായി നല്‍കേണ്ടി വരും. എന്നാല്‍ വെളളപ്പൊക്കം ബാധിക്കാത്ത പ്രദേശങ്ങളിലെ ജനങ്ങളും ഇത്തരമൊരു ലെവി നല്‍കുന്നത് നീതീകരിക്കാനാകില്ലന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജൂണില്‍ റെക്കോര്‍ഡ് മഴയാണ് യുകെയില്‍ ലഭിച്ചത്. ഇതെ തുടര്‍ന്ന് നൂറ് കണക്കിന് പ്രദേശങ്ങളിലാണ് വെളളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയത്. ജനങ്ങളോട് വെളളത്തില്‍ ഇറങ്ങി നടക്കുകയോ വാഹനമോടിക്കുകയോ ചെയ്യരുതെന്ന് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗ്രീഷ്മകാലത്തെ ഈ വെളളപ്പൊക്കം ഇന്‍ഷ്വറന്‍സ് പ്രീമിയം ഉയരാന്‍ കാരണമാകുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ മുന്നറിയിപ്പ്. വെളളപ്പൊക്കം ബാധിച്ച മേഖലകളിലെ ഇന്‍ഷ്വറന്‍സ് പ്രീമിയം അഞ്ച് ശതമാനം വരെ വര്‍ദ്ധിച്ചിട്ടുണ്ട്. മറ്റ് ചില കമ്പനികള്‍ അടുത്ത ക്ലെയിം അവകാശപ്പെടണമെങ്കില്‍ 5000 പൗണ്ട് മുന്‍കൂറായി അടക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

2000ത്തിലുണ്ടായ വെളളപ്പൊക്കത്തെ തുടര്‍ന്ന് ഒരു ബില്യണ്‍ പൗണ്ടിന്റെ നാശനഷ്ടമാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് ലേബര്‍ഗവണ്‍മെന്റും ഇന്‍ഷ്വറന്‍സ് ഇന്‍ഡസ്ട്രിയുമായി ഒരു കരാറില്‍ ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് വെളളപ്പൊക്കം തടയാനുളള നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കുകയും പിന്നെയുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ക്ലെയിം നല്‍കുകയും ചെയ്യും. ഈ കരാറിന്റെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കുകയാണ്. പുതിയ കരാറിനെ പറ്റി തീരുമാനമാകാത്തതിനാല്‍ വെളളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വീടുകളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം കുത്തനെ ഉയരുമെന്നാണ് കരുതുന്നത്.

ഇന്‍ഷ്വറന്‍സ് ഇന്‍ഡസ്ട്രിയുമായി ചര്‍ച്ചകള്‍ നടത്തികൊണ്ടിരിക്കുകയാണന്നും ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പരിസ്ഥിതി മന്ത്രി മിസിസ് സ്‌പെല്‍മാന്‍ എംപിമാര്‍ക്കയച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.