1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2012

ഫ്രാന്‍സിലെ ആല്പ്സില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടയില്‍ കുടുംബാംഗങ്ങള്‍ ദാരുണമായി കൊല്ലപ്പെടുന്നതിനു സാക്ഷിയാകേണ്ടിവന്ന നാലുവയസ്സുകാരി സീനയെ ലോകം നിറകണ്ണുകളോടെയാണ് നോക്കുന്നത്. ജീവിതയാത്രയില്‍ താങ്ങും തണലുമാകേണ്ടവര്‍ നിമിഷനേരംകൊണ്ട് കണ്മുന്‍പില്‍ നിശബ്ദരാകുക, അമ്മയുടെയും വല്യമ്മയുടെയും നിശ്ചല ശരീരങ്ങള്‍ക്കിടയില്‍ എട്ടുമണിക്കൂറുകള്‍ കിടക്കേണ്ടിവരിക. കൂടെപ്പിറപ്പ് അബോധാവസ്ഥയില്‍ മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍. ഈ ലോകത്തില്‍ ഒരു കുഞ്ഞിനും ഇങ്ങനൊരു ഗതി വരരുതേ എന്ന് പ്രാര്‍ഥിക്കുംപോഴും ലോകം ഇത്ര ക്രൂരമാണോ എന്ന് ചിന്തിച്ചുപോകുന്നു. ഹെലികോപ്റ്റര്റില്‍നിന്നും തെര്‍മല്‍ ഇമേജിംഗ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു തിരഞ്ഞിട്ടുപോലും അവളുടെ ജീവന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതും വിധിയുടെ ക്രൂരതയാവം. കണ്ടെത്തിയപ്പോഴോ ഭയപ്പെട്ട് അനങ്ങാന്‍പോലുമാകാതെ നിശ്ചലാവസ്ഥയിലായിരുന്നു കുഞ്ഞു സീന. അവള്‍ വണ്ടിയില്‍നിന്നും തന്നെ കോരിയെടുത്ത പോലീസുകാരോട് നിഷ്കളങ്കമായി പറഞ്ഞത് ഇത്രമാത്രം: “ഒരു വലിയ ഒച്ചകേട്ടു; ഞാന്‍ പേടിച്ചുപോയി”.

മക്കളുടെ മുന്പില്‍വച്ചു മാതാപിതാക്കള്‍ മുറിവേല്‍പ്പിക്കപ്പെടുമ്പോള്‍ അവരുടെ മനസ്സില്‍ സൃഷ്ടിക്കപ്പെടുന്ന അരക്ഷിതാവസ്ഥ വലുതാണെന്ന് മനശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. പോസ്റ്റ്‌ ട്രൌമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ എന്നു വിളിക്കുന്ന ഈ അവസ്ഥ ചിലരെ ജീവിതകാലം മുഴുവന്‍ ഒരു ദുസ്വപ്നമായി പിന്തുടരും. സീനയുമായി സംസാരിക്കേണ്ടിവരുന്ന പോലീസ്‌ ഉദ്യോഗസ്ഥരും നേരിടുന്ന വെല്ലുവിളി നടന്ന ദുരന്തങ്ങള്‍ മനസ്സില്‍ പുനസൃഷ്ടിക്കപ്പെട്ടാല്‍ അവളുടെ കുഞ്ഞുമനസ്സ് വീണ്ടും മുറിവേല്‍പ്പിക്കപ്പെടുമോ എന്നതാണ്.

ഈ സംഭവങ്ങള്‍ വായിച്ചപ്പോള്‍ എന്റെ ഓര്‍മ്മയില്‍ വന്നത് വര്‍ഷങ്ങള്‍ക്കുമുന്‍പ് നാട്ടില്‍ നടന്ന ഒരു പോലീസ് അറസ്റ്റാണ്. നാട്ടുപ്രമാണിയുടെ പുരയിടത്തില്‍ അതിക്രമിച്ചുകയറിയെന്ന കുറ്റത്തിനു ബാല്യകാല സുഹൃത്തിന്റെ അപ്പനെ കൊണ്ടുപോകാന്‍ വന്നതാണ് പോലീസുകാര്‍. രംഗം പന്തിയല്ലെന്നു കണ്ട അഞ്ചുവയസ്സുകാരന്‍ കൂട്ടത്തില്‍ നേതാവെന്നുതോന്നിയ പോലീസേമാന്റെ കാലില്‍ കെട്ടിപ്പിടിച്ചു നിലവിളിച്ചു. ഹൃദയശൂന്യരായ പോലീസുകാര്‍ അവനെ തട്ടിമാറ്റിയിട്ടു അപ്പനെ വലിച്ചിഴച്ചുകൊണ്ടുപോയി.

ഇതിനു സാക്ഷിയാകാന്‍ മറ്റൊരു പത്തുവയസ്സുകാരന്‍ അവിടെ വന്നു. ബാലമംഗളത്തിലെ ഡിങ്കന്‍ ആയി താന്‍ ഒരു നിമിഷം മാറിയിരുന്നെങ്കില്‍ എന്നവന്‍ ആശിച്ചു, ആ പോലീസുകാരെയെല്ലാം പാറയില്‍നിന്ന് കുട്ടിക്കാനത്തെ കൊക്കയിലേക്കു തള്ളിയിട്ടു സുഹൃത്തിന്റെ പപ്പയെ രക്ഷിക്കുമായിരുന്നു. ആ രാത്രിയില്‍ കണ്ട സ്വപ്നം അന്നു വായിച്ച മനോരമ ആഴ്ചപ്പതിപ്പിലെ ബാറ്റന്‍ബോസ് നോവലിലെ റയിന്ജര്‍ ഞാന്‍ ആവുന്നതും എ. കെ 47 തോക്കുമായി ആ പോലീസുകാരെയെല്ലാം വെടിവച്ചിടുന്നതുമായിരുന്നു. കൂട്ടുകാരന്റെ അച്ഛന്‍ പിറ്റെന്നു രാവിലെ പരിക്കൊന്നും ഇല്ലാതെ വന്നെങ്കിലും ആ സംഭവത്തിനുശേഷം എന്റെ സുഹൃത്ത് പോലീസെന്നു കേള്‍ക്കുമ്പോള്‍ ഞെട്ടുമായിരുന്നു.

ചില ദൃശ്യങ്ങള്‍ അങ്ങനെയാണ്: അവ നമ്മെ ജീവിതം മുഴുവന്‍ പിന്തുടരും. എല്ലാ കുഞ്ഞുങ്ങളുടെയും മനസ്സിലെ ഹീറോ അവരുടെ മാതാപിതാക്കളാണ്. ആ മഹത്തരമായ ഇമേജ് തകര്‍ക്കപ്പെടരുത്. ലോകം അറിയാത്ത എത്രയോ സീനമാരുടെ ഇളം മനസ്സ് ഓരോ ദിവസവും ഭീകര ദൃശ്യങ്ങളാല്‍ മുറിപ്പെടുന്നു. ഈ ലോകം നന്മയാല്‍ നിറഞ്ഞതാണെന്ന് വളര്‍ന്നുവരുന്ന ഇളം തലമുറയ്ക്ക്‌ പറഞ്ഞുകൊടുക്കാന്‍ നമുക്കാവട്ടെ. നെല്ലും പതിരും തിരിച്ചറിയാനുള്ള ശേഷിയില്ലാത്ത നിഷ്കളങ്കരോട് നമുക്ക് കരുണയുള്ളവരാകാം.

ഈ ലോകം നന്മയാല്‍ നിറഞ്ഞതാണെന്ന് വളര്‍ന്നുവരുന്ന ഇളം തലമുറയ്ക്ക്‌ പറഞ്ഞുകൊടുക്കാന്‍ നമുക്കാവട്ടെ. നെല്ലും പതിരും തിരിച്ചറിയാനുള്ള ശേഷിയില്ലാത്ത നിഷ്കളങ്കരോട് നമുക്ക് കരുണയുള്ളവരാകാം- മനോജ്‌ മാത്യു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.