1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2021

ബിനു ജോർജ്ജ് (കവൻട്രി): ദേവദൂതർ ആർത്തുപാടിയ ആമോദരാവിന്റെ അനുസ്മരണം. ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ചു കൊണ്ടുള്ള കരോൾസന്ധ്യക്ക് ഇനി രണ്ടു ദിവസം കൂടി. യുകെ മലയാളികൾക്കായി ഗർഷോം ടിവിയും അസാഫിയൻസും ചേർന്ന് നടത്തിവരുന്ന ക്രിസ്‌മസ്‌ കരോൾ ഗാനമത്സരത്തിന്റെ നാലാം സീസൺ ആസ്വദിക്കാൻ കവൻട്രിയിലേക്ക് വരൂ. ഡിസംബർ11 ശനിയാഴ്ച കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളിൽ വച്ച് ഉച്ചയ്ക്ക് 1 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ച് ഗായകസംഘങ്ങൾ മാറ്റുരക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും ഉണ്ടായിരിക്കും.

കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി അലൈഡ് മോർട്ഗേജ് സർവീസസ് നൽകുന്ന 1000 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനമായി ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് നൽകുന്ന 500 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനമായി ഹോളിസ്റ്റിക് ഗാർമെൻറ്സ് നൽകുന്ന 250 പൗണ്ടും ട്രോഫിയുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. നാലും അഞ്ചും സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് ട്രോഫികളും കൂടാതെ മികച്ച അവതരണത്തിനായി ഈ വർഷം പ്രത്യേക അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്.

കരോൾ ഗാന സന്ധ്യയിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സിഞ്ചെല്ലൂസ് റെവ. ഫാ. ജോർജ് ചേലക്കൽ, ഐഎജി യുകെ & യൂറോപ്പ് ചെയർമാൻ റെവ. ബിനോയ് എബ്രഹാം എന്നിവർ പങ്കെടുത്ത ആശംസകൾ നേരും. പ്രോഗ്രാമിന് മിഴിവേകുവാൻ പ്ളേബാക്ക് സിങ്ങർ ഡെൽസി നൈനാൻ, ഗായകൻ ഡോ:ബ്ലെസ്സൺ മേമന, ഗായിക റോസ്‌മേരി ജോൺസൻ എന്നിവർ ജോയ് ടു ദി വേൾഡിന്റെ വേദിയിൽ എത്തും.

ഈ വർഷത്തിന്റെ ആരംഭത്തിൽ ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും സംയുക്തമായി സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ‘ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റ് 2021’ ന്റെ ഗ്രാൻഡ് ഫിനാലെയും ഈ വേദിയിൽ വച്ച് തന്നെ നടക്കും. മൂന്ന് ക്യാറ്റഗറികളിയായി ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 ഗായകരാണ് ജോയ് ടു ദി വേൾഡിന്റെ വേദിയിൽ മത്സരിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നടത്താൻ കഴിയാതെ വന്ന ജോയ് ടു ദി വേൾഡിന്റെ സീസൺ 4 ആണ് ഈ വർഷം നടത്തപ്പെടുക. ആദ്യ രണ്ടു വർഷങ്ങളിലും ആതിഥ്യമരുളിയ കവൻട്രിയിൽ തന്നെയാണ് ഈ വർഷവും പ്രോഗ്രാം നടക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സഹചര്യത്തിൽ ഗവണ്മെന്റ് അനുശാസിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പ്രോഗ്രാമിന് നടത്തപ്പെടുക. ഈ വർഷത്തെ മത്സരങ്ങളും സംഗീത സന്ധ്യയും കൂടുതൽ മികവുറ്റതാക്കാൻ ഗർഷോം ടിവിയോടൊപ്പം ദൃശ്യ ശ്രാവ്യ രംഗത്തെ പ്രഗത്ഭരായ ടെക്‌നീഷ്യന്മാരുൾപ്പെടുന്ന ടീമായിരിക്കും പ്രവർത്തിക്കുക. കുട്ടികൾക്കും മുതിർന്നവർക്കുമായി രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.