1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2011

ബൈജു പുല്‍ത്തകിടിയില്‍

തിക്കും തിരക്കും നിറഞ്ഞ യു കെയിലെ പ്രവാസി ജീവിതത്തില്‍ നമ്മള്‍ മലയാളികള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് കുട്ടികളെ വളര്‍ത്തലും കുടുംബ ജീവിതത്തിലെ പൊരുത്തക്കേടുകളും.ഇന്നാട്ടിലെ സാഹചര്യങ്ങളില്‍ വളരുന്ന മക്കള്‍ കൈവിട്ടു പോകാതെ സൂക്ഷിക്കുകയെന്നത്‌ മക്കളെ സ്നേഹിക്കുന്ന നമ്മള്‍ക്കൊരു വെല്ലുവിളി തന്നെയാണ്.അവരുടെ നന്മയ്ക്കും ഉന്നമനത്തിനും മത സാമൂഹിക സംഘടനകള്‍ ഒരുക്കുന്ന വേദികള്‍ ഉപകരിക്കുമെന്നതില്‍ സംശയമില്ല.കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്കായി ബര്‍മിംഗ്ഹാമില്‍ ഫാദര്‍ സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ചകളിലെ ശുശൂഷകള്‍ വഹിക്കുന്ന പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണ്.ഓരോ മാസവും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും എണ്ണം കൂടുന്നതിന്റെ കാരണം ആത്മീയ വളര്‍ച്ചയില്‍ യു കെ മലയാളികള്‍ക്ക് എത്രമാത്രം ഉത്കണ്ഠയുണ്ട് എന്നതാണ്.

ഇനി കുടുംബപ്രശ്നങ്ങളുടെ കാര്യമെടുക്കാം.ജോലിയിലെയും വീട്ടിലെയും സമ്മര്‍ദവും പരസ്പര ധാരണക്കുറവും
മൂലം മിക്ക യു കെ മലയാളികളുടെയും കുടുംബ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ കടന്നുകൂടിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ വയ്യ.ഭൗതികമായ എല്ലാ സൌകര്യങ്ങളും ഉണ്ടെങ്കിലും മലയാളി ഇന്ന് സംതൃപ്തനല്ല.കാറും വീടും മറ്റാധുനിക സൌകര്യങ്ങളും ഉണ്ടായപ്പോള്‍ മനസമാധാനം എവിടെയോ കളഞ്ഞു പോയിരിക്കുന്നു.ചുരുക്കം ചിലര്‍ നവീകരണ പ്രസ്ഥാനങ്ങളിലൂടെ കുടുംബ സമാധാനത്തിലേക്ക് തിരിച്ചു വരുമ്പോള്‍,മൃഗീയ ഭൂരിപക്ഷം ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടില്‍ മുഖം തിരിച്ചു നില്‍ക്കുകയാണ്.ചില നവീകരണ പ്രസ്ഥാനങ്ങളിലെ അനാവശ്യ തീവ്രതയും,അസഹിഷ്ണുതയും,കച്ചവടക്കണ്ണ്‍ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന രീതികളും സാധാരണക്കാരനെ കൂട്ടായ്മകളില്‍ നിന്നും അകറ്റുന്നുമുണ്ട്.

ഇത്തരത്തില്‍ ത്രിശങ്കുവില്‍ നില്‍ക്കുന്ന യു കെ മലയാളിക്ക് അനുഗ്രഹത്തിന്‍റെ നാളുകള്‍ സമ്മാനിക്കാന്‍ നാട്ടില്‍ നിന്നും എത്തിയ വൈദികനാണ് ഫാദര്‍ ജോസഫ്‌ പുത്തന്‍പുരക്കല്‍.നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത് കുടുംബ ജീവിതത്തിലെ ഗുരുതര പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന ലോക പ്രശസ്തനായ അദ്ദേഹം നമുക്കൊക്കെ സുപരിചിതനാണ്.ഇക്കഴിഞ്ഞ രണ്ടു മാസമായി യു കെയില്‍ ഇരുപതോളം വേദികളില്‍ കുടുംബ നവീകരണ ധ്യാനങ്ങള്‍ നടത്തിയ അദ്ദേഹം അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങിപ്പോവുകയാണ്.ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ യു കെയിലെ പല ഭാഗത്തും അദ്ദേഹത്തിന്‍റെ ധ്യാനം നടത്താന്‍ ആളുകള്‍ ആഗ്രഹിച്ചിരുന്നെങ്കിലും സമയക്കുറവു മൂലം അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.അതുകൊണ്ട് യു കെയിലെ സാധാരണ മലയാളികള്‍ക്ക് വേണ്ടി ഒരു വീഡിയോ അഭിമുഖത്തിനായി എന്‍ ആര്‍ ഐ മലയാളി ടീം അദ്ദേഹത്തെ സമീപിക്കുകയായിരുന്നു.

സാധാരണക്കാരന് തികച്ചും ആവശ്യമായ കാര്യങ്ങള്‍ അവനു മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു തരുന്ന ജോസഫ്‌ അച്ചന്‍ യു കെ മലയാളികളുടെ മനസിലെ പല സംശയങ്ങള്‍ക്കും മറുപടി നല്‍കി.നമ്മുടെയൊക്കെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായിരിക്കും അച്ചന്റെ വാക്കുകള്‍ എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട് .കുടുംബ ജീവിതത്തില്‍ ഈഗോ വെടിഞ്ഞ് വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം പ്രാര്‍ഥനയും പ്രവര്‍ത്തിയും ഒരുമിച്ചു കൊണ്ടു പോകേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.അച്ചനുമായുള്ള അഭിമുഖം കാണുവാന്‍ മുകളിലോ താഴെയോ കൊടുത്തിരിക്കുന്ന ലിങ്കിലോ ഇവിടെയോ ക്ലിക്ക് ചെയ്യുക.

അഭിമുഖം നടത്തിയിരിക്കുന്നത് പ്രശസ്ത ഗാന രചയിതാവായ റോയ്‌ കാഞ്ഞിരത്താനമാണ്.ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് യു കെയിലെ പ്രമുഖ വീഡിയോഗ്രാഫറായ ജിസ്മോന്‍ കൂട്ടുങ്കല്‍ (Mob . 07983402006 ) ആണ്.www.rosedigitalvision.co.uk

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.