1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2015

സ്വന്തം ലേഖകന്‍: കരിപ്പൂര്‍ റണ്‍വേ നവീകരണം ത്വരിതഗതിയില്‍, പുതിയ ആഗമന ടെര്‍മിനലും വരുന്നു, ഇരട്ടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സൗകര്യം. 140 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടക്കുന്നത്. നിലവിലെ അന്താരാഷ്ട്ര ടെര്‍മിനലിനും ഫയര്‍ സ്റ്റേഷനുമിടയിലായാണ് 85.18 കോടി രൂപ ചെലവില്‍ പുതിയ ആഗമന ടെര്‍മിനല്‍ നിര്‍മിക്കുക.

ബംഗളൂരു ആസ്ഥാനമായ യു.ആര്‍.സി കമ്പനിക്കാണ് നിര്‍മാണ ചുമതല. നിലവിലുള്ള അന്താരാഷ്ട്ര ആഗമന ടെര്‍മിനലില്‍ സൗകര്യമില്ലാത്തതിനാലാണ് പുതിയ ടെര്‍മിനല്‍ വരുന്നത്. 17,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ ടെര്‍മിനല്‍ കെട്ടിടം നിര്‍മിക്കുക. ഇതോടൊപ്പം നിലവിലുള്ള ടെര്‍മിനലിന്റെ നവീകരണ പ്രവൃത്തികളും നടക്കും.

വിശാലമായ കസ്റ്റംസ് ഹാള്‍, കൂടുതല്‍ എക്‌സ്‌റേ മെഷീന്‍, കണ്‍വെയര്‍ ബെല്‍റ്റ് എന്നിവയെല്ലാം പുതിയ ടെര്‍മിനലിലുണ്ടാകും. ടെര്‍മിനല്‍ കെട്ടിടത്തില്‍ എയര്‍ കണ്ടീഷനര്‍, ലിഫ്റ്റ്, എയ്‌റോബ്രിഡ്ജ്, എസ്‌കലേറ്റര്‍, ഇന്‍ലൈന്‍ എക്‌സ്‌റേ തുടങ്ങിയവ സ്ഥാപിക്കാന്‍ 35 കോടിയോളം രൂപ അനുവദിച്ചേക്കും. നിലവില്‍ 916 യാത്രക്കാരെയാണ് ടെര്‍മിനലില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുക. പുതിയ ടെര്‍മിനലില്‍ ഒരേസമയം 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

സെപ്റ്റംബറില്‍ ആരംഭിച്ച റണ്‍വേ നവീകരണ പ്രവൃത്തകളും വേഗത്തിലായി. നിലവിലെ ടേണിങ് പാഡില്‍ അറ്റകുറ്റപ്പണി നടത്താന്‍ നേരത്തേ പുതിയതൊന്ന് തയാറാക്കിയിരുന്നു. റണ്‍വേ 6000 അടിയുണ്ടായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന ടേണിങ് പാഡാണ് വിമാനങ്ങള്‍ തിരിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ടേണിങ് പാഡിന്റെ പ്രവൃത്തി പൂര്‍ത്തിയായതോടെ റണ്‍വേയിലെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ടാറിങ്ങിന് ശേഷമുള്ള റണ്‍വേയുടെ ലെവല്‍ നിശ്ചയിക്കാനുള്ള സര്‍വേ പൂര്‍ത്തിയായി. മൂന്ന് പാളികളായാണ് ടാറിങ് നടത്തുക. സര്‍വേയുടെ അടിസ്ഥാനത്തിലുള്ള അലൈമെന്റ് ഒരുക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.