1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2021

സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ സൗജന്യമായി കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പരിശോധന സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നടത്തി ഫലം ഉടന്‍ തന്നെ അയച്ചു കൊടുക്കും.

രാജ്യത്തെ കൊവിഡ് കേസുകളില്‍ കഴിഞ്ഞ ഒരാഴ്ചകൊണ്ട് 31 ശതമാനം വര്‍ധനവാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ എയര്‍പോര്‍ട്ട് നിരീക്ഷണം കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനത്തിനും സാധ്യതയുണ്ട്. അതിനാലാണ് വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് വീണ്ടും പരിശോധന നിര്‍ബന്ധമാക്കിയതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

വിദേശത്ത് നിന്ന് കുഞ്ഞുങ്ങളടക്കം എല്ലാ പ്രായക്കാര്‍ക്കും ഇന്ത്യയിലേക്ക് യാത്രചെയ്യണമെങ്കില്‍ ഇനിമുതല്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വീണ്ടും സ്വന്തം ചെലവില്‍ പരിശോധന നടത്തണമെന്നാണ് ചട്ടം.

ഇതിനു പുറമേ 14 ദിവസം ക്വാറന്റീനും നിര്‍ബന്ധമാണ്. ഇതിനെതിരെ പ്രവാസികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രിയുടെ പ്രസ്താവന.

സംസ്ഥാനത്ത് കൊവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാൻ ഒരുങ്ങുകയാണ് സര്‍ക്കാര്‍. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളുടെ എണ്ണം കൂട്ടാനാണ് തീരുമാനം. ഇതിനായി സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ ടെണ്ടര്‍ നല്‍കി.

ഒരു പരിശോധനയ്ക്ക് 448 രൂപയാവും നിരക്ക്. നിരക്ക് കുറയ്ക്കുമ്പോള്‍ കൂടുതല്‍ പേര്‍ പരിശോധനയ്‌ക്കെത്തുമെന്നാണ് കണക്കുകൂട്ടല്‍. സ്വകാര്യ ലാബുകളില്‍ 1700 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈടാക്കുന്നത്. മൊബൈല്‍ ലാബുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

കൊവിഡ് പരിശോധന ഫലത്തില്‍ വീഴ്ച ഉണ്ടായാല്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കും. 24 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം നല്‍കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.