1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2011

സന്തോഷ് ഏച്ചിക്കാനത്തിന്‍റെ പ്രശസ്തമായ കഥയാണ് ‘കൊമാല’. ടി കെ രാജീവ്കുമാര്‍ ആ കഥ ചലച്ചിത്രമാക്കാന്‍ തീരുമാനിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പുള്ള കഥയാണ് പറഞ്ഞുവരുന്നത്. മോഹന്‍ലാലിനെ ആ ചിത്രത്തില്‍ നായകനാക്കാനും തീരുമാനിച്ചു. ‘ബ്രേക്കിംഗ് ന്യൂസ്’ എന്ന് സിനിമയ്ക്ക് പേരിട്ടു. ചിത്രീകരണം തുടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

അങ്ങനെയിരിക്കെയാണ് ശ്രീനിവാസന്‍ ഈ തിരക്കഥ വായിക്കാനിടയായത്. തിരക്കഥ വായിച്ച ശ്രീനി പറഞ്ഞത്രേ – “ഇത് സിനിമയാക്കിയാല്‍ നിര്‍മ്മാതാവ് മണിയന്‍‌പിള്ള രാജു കുത്തുപാളയെടുക്കേണ്ടിവരും”. തിരക്കഥയുടെ തമ്പുരാനായ ശ്രീനി ഇത്തരമൊരു അഭിപ്രായം പറഞ്ഞാല്‍ പിന്നെ ആ പ്രൊജക്ട് ഉപേക്ഷിക്കാന്‍ വേറെ കാരണം വല്ലതും വേണോ? മറ്റൊന്നും ആലോചിക്കാതെ രാജീവ് കുമാര്‍ ആ പ്രൊജക്ടിന് ഫുള്‍സ്റ്റോപ്പിട്ടു.

പകരം ശ്രീനിവാസന്‍റെ തിരക്കഥയില്‍ ‘ഒരുനാള്‍ വരും’ എന്ന ചിത്രമെടുത്തു. ആ സിനിമ ബോക്സോഫീസില്‍ തകര്‍ന്നു തരിപ്പണമായത് ചരിത്രം. അതുകഴിഞ്ഞ് നാളുകള്‍ ഏറെ കടന്നുപോയി. രാജീവ് കുമാര്‍ ‘രതിനിര്‍വേദം’ സൂപ്പര്‍ഹിറ്റാക്കി. അടുത്ത ചിത്രത്തേക്കുറിച്ച് ആലോചിച്ചുകൊടിരിക്കവേയാണ് – പണ്ട് മോഹന്‍ലാലിനെ നായകനാക്കി എടുക്കാന്‍ ആലോചിച്ച ‘കൊമാല’യുടെ ആശയം രാജീവിന്‍റെ മനസിലെത്തുന്നത്.

‘കൊമാല’യെ ആസ്പദമാക്കി രാജീവ് കുമാറും റിപ്പോര്‍ട്ടര്‍ ചാനലിലെ വേണു ബാലകൃഷ്ണനും ചേര്‍ന്നായിരുന്നു ‘ബ്രേക്കിംഗ് ന്യൂസ്’ എന്ന തിരക്കഥ രചിച്ചത്. മോഹന്‍ലാല്‍ ഒരു റിയാലിറ്റി ഷോയുടെ അവതാരകനായും ശ്രീനിവാസന്‍ ഒരു കര്‍ഷകനായും അഭിനയിക്കുന്നതായിരുന്നു ചിത്രം. കൃഷിനാശവും കടക്കെണിയും കാരണം ആത്മഹത്യ ചെയ്യാന്‍ ശ്രീനി അവതരിപ്പിക്കുന്ന കഥാപാത്രവും കുടുംബവും തീരുമാനിക്കുന്നു. മറ്റ് ഗതിയില്ലാതെ തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഒരു ബോര്‍ഡെഴുതി ഇവര്‍ വീടിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ വിഷയം ഒരു സ്വകാര്യ ചാനല്‍ ഏറ്റെടുക്കുന്നു. അവര്‍ ഇതൊരു റിയാലിറ്റി ഷോയായി അവതരിപ്പിക്കുകയാണ്. ചര്‍ച്ചകളും അന്വേഷണങ്ങളും എസ് എം എസുമൊക്കെയായി ‘ഒരു കര്‍ഷന്‍റെ ആത്മഹത്യ’ എന്ന റിയാലിറ്റി ഷോ പുരോഗമിക്കുന്നു.

എന്തായാലും ‘ഒരുനാള്‍ വരും’ പരാജയപ്പെട്ടതോടെ മോഹന്‍ലാലിന്‍റെ ഡേറ്റ് രാജീവ്കുമാറിന് വീണ്ടും കിട്ടുക എളുപ്പമായിരുന്നില്ല. അങ്ങനെ മോഹന്‍ലാലിനു പകരം ഒരു പെണ്‍കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കാമെന്ന ആലോചന വന്നു. ‘കൊമാല’യുടെ ബേസിക് കണ്‍സെപ്ട് മാത്രമെടുത്തു. പഴയ തിരക്കഥ ചവറ്റുകുട്ടയിലെറിഞ്ഞു. സണ്ണി ജോസഫ്, മാനുവല്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് പുതിയ തിരക്കഥയെഴുതി. ചിത്രത്തിന് പേരിട്ടു – തല്‍‌സമയം ഒരു പെണ്‍കുട്ടി!

നിത്യാ മേനോന്‍ ചിത്രത്തില്‍ നായികയായി. കൊമാലയുടെ കഥയില്‍ നിന്നാണ് ‘തല്‍‌സമയം ഒരു പെണ്‍കുട്ടി’യുടെ ആദ്യ ആലോചനയെങ്കിലും ജിം കാരിയുടെ ‘ദി ട്രൂമാന്‍ ഷോ’യോടാണ് ഈ ചിത്രത്തിന് കൂടുതല്‍ സാമ്യം. എന്തായാലും ‘തല്‍‌സമയം ഒരു പെണ്‍കുട്ടി’ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിതം ഒട്ടേറെ ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ റിയാലിറ്റി ഷോയായി മാറുന്നതാണ് സിനിമയുടെ പ്രമേയം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.