1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2015

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: ഇനി മണിക്കൂറുകള്‍ മാത്രം. മാഞ്ചസ്റ്ററിലെ മലയാളികള്‍ ഒരുങ്ങി. യുകെയിലെ മലയാറ്റൂരെന്നു വിശേഷിപ്പിക്കപ്പെടുന്ന പള്ളിയിലെ തിരുന്നാള്‍ കൂടാന്‍ മലയാളി സമൂഹം പ്രവഹിക്കുകയാണ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇന്ന് വൈകിട്ടോടെ മലയാളികള്‍ മാഞ്ചസ്റ്ററിലെത്തും. തിരുനാള്‍ തിരുകര്‍മങ്ങളില്‍ മുഖ്യകാര്‍മികനാകുവാന്‍ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും ഗാനമേള നയിക്കുവാന്‍ മലയാളത്തിന്റെ പ്രിയ ഗായകന്‍ കെ.ജി. മാര്‍ക്കോസും ഇന്നലെ മാഞ്ചസ്റ്ററില്‍ എത്തിച്ചേര്‍ന്നതോടെ മാഞ്ചസ്റ്റര്‍ ഉത്സവലഹരിയില്‍.

ഖത്തര്‍ എയര്‍വേസില്‍ ഉച്ചയ്ക്ക് 12.45ഓടെ കെ.ജി. മാര്‍ക്കോസാണ് ആദ്യം എത്തിയത്. തൊട്ടുപിന്നാലെ മൂന്നുമണിയോടെ എത്തിഹാദ് എയര്‍വേസില്‍ പെരുന്തോട്ടം പിതാവും എത്തിച്ചേര്‍ന്നു. ഇരുവര്‍ക്കും ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി, തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണി, കമ്മിറ്റി അംഗങ്ങള്‍, ട്രസ്റ്റിമാര്‍ എന്നിവര്‍ ചേര്‍ന്ന് ഹൃദ്യമായ വരവേല്‍പാണ് നല്‍കിയത്.

ഹോട്ടലില്‍ വിശ്രമിക്കുന്ന മാര്‍ക്കോസ് ഇന്ന് അവസാനവട്ട പരിശീലനം നടത്തും. ഇന്ന് വിശ്രമിക്കുന്ന പെരുന്തോട്ടം പിതാവ് മറ്റ് ഒഫീഷ്യല്‍ പരിപാടികളില്‍ പങ്കെടുക്കില്ല. തിരുനാള്‍ തിരുകര്‍മങ്ങള്‍ക്കുശേഷം നാളെ വൈകുന്നേരത്തോടെ പിതാവ് സ്വിറ്റ്‌സര്‍ലണ്ടിലേക്ക് യാത്രതിരിക്കും.

യുകെയിലെ മലയാളി സമൂഹം പ്രാര്‍ഥനയോടെ കാത്തിരുന്ന മലയാറ്റൂര്‍ തിരുനാളിന് ഒരു ദിവസം മാത്രം അവശേഷിക്കെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നായി എത്തിച്ചേരുന്ന വിശ്വാസ സമൂഹത്തെ വരവേല്‍ക്കാന്‍ തിരുനാള്‍ കമ്മിറ്റി സുസജ്ജമായതായി ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണി അറിയിച്ചു. മാഞ്ചസ്റ്ററിലെ മലയാളി ഭവനങ്ങള്‍ എല്ലാം അതിഥികളാല്‍ നിറഞ്ഞുകഴിഞ്ഞു. തിരുനാള്‍ കമ്മിറ്റി ഇന്നലെ രാത്രി ഏറെ വൈകിയും ഒത്തുചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. തിരുനാള്‍ തിരുകര്‍മങ്ങള്‍ നടക്കുന്ന വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയവും പ്രദക്ഷിണവഴികളും അലങ്കരിച്ച് മോടിപിടിപ്പിച്ചുകഴിഞ്ഞു.

തിരുനാള്‍ തിരുകര്‍മങ്ങള്‍ രാവിലെ 10 മുതല്‍

തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് രാവിലെ 10 മുതല്‍ തുടക്കമാകും. മുഖ്യകാര്‍മികനായ മാര്‍ ജോസഫ് പെരുന്തോട്ടം, ഷ്രൂഷ്ബറി ബിഷപ് മാര്‍ക്ക് ഡേവിസ് എന്നിവരെയും യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തിച്ചേരുന്ന വൈദിക ശ്രേഷ്ഠരേയും മുത്തുക്കുടകളുടെയും താലപ്പൊലികളടെയും അകമ്പടിയോടെ സ്വീകരിച്ച് രപദക്ഷിണമായി പുഷ്പാലങ്കാരങ്ങളാല്‍ മോടിപിടിപ്പിച്ചിരിക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അള്‍ത്താരയിലേക്ക് ആനയിക്കുന്നതോടെ ആഘോഷപൂര്‍വമായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്കു തുടക്കമാകും. ദിവ്യബലിമധ്യേ ബിഷപ് മാര്‍ക്ക് ഡേവിസ് തിരുനാള്‍ സന്ദേശം നല്‍കും. തിരുനാള്‍ തിരുകര്‍മങ്ങള്‍ നടക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിനുള്ളില്‍ ആയിരംപേര്‍ക്ക് ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനുവേണ്ട സൗകര്യമാണ് ക്രമീകരിച്ചിരിക്കുന്നത്. റെക്‌സിന്റെ നേതൃത്വത്തില്‍ എത്തുന്ന 30ഓളം ഗായകസംഘത്തിന്റെ ആലാപനങ്ങള്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കും.

തിരുനാള്‍ പ്രദക്ഷിണം എപ്പോള്‍? എങ്ങനെ?

തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്നാണ് അനുഗ്രഹങ്ങള്‍ ചൊരിയുന്ന ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണത്തിനു തുടക്കമാകുക. സെന്റ് ആന്റണീസ് ദേവാലയത്തില്‍നിന്നും ഇരുനിരയായി നീങ്ങുന്ന തിരുനാള്‍ പ്രദക്ഷിണം ഡങ്കറി റോഡുവഴി പോര്‍ട്ട്വേയില്‍ എത്തിയശേഷം തിരികെ ദേവാലത്തില്‍ പ്രവേശിക്കും. പള്ളി പരിസരങ്ങളും പ്രദക്ഷിണ വഴികളും മോടിപിടിപ്പിക്കുന്നതിനായുള്ള പണികള്‍ അവസാനഘട്ടത്തിലാണ്. മരക്കുരിശുകളും പൊന്‍-വെള്ളി കുരിശുകളും നൂറോളം മുത്തുക്കുടകളും കൊടികളും ഫാമിലി യൂണിറ്റുകളുടെ പതാകകളും എല്ലാം പ്രദക്ഷിണത്തില്‍ അണിനിരക്കും. സണ്‍ഡേ സ്‌കൂള്‍ കുട്ടികളും യൂത്തും പ്രസുദേന്തിമാരും എല്ലാം പ്രത്യേക ഡ്രസുകള്‍ ധരിച്ച് പ്രദക്ഷിണത്തില്‍ പങ്കെടുക്കും. ബര്‍ക്കിന്‍ഹെഡ് ദൃശ്യകലയും ബോള്‍ട്ടണ്‍ ബീറ്റ്‌സും സ്‌കോര്‍ട്ടിഷ് പൈപ്പ് ബാന്‍ഡും പ്രദക്ഷിണത്തില്‍ മേളപ്പെരുമഴ തീര്‍ക്കുമ്പോള്‍ വിശുദ്ധ തോമാശ്ലീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങളും പ്രദക്ഷിണത്തില്‍ സംവഹിക്കും. നാട്ടിലെ പള്ളിപ്പെരുനാള്‍ അനുഭവങ്ങളെക്കാള്‍ ഒരുപടി മികച്ച അനുഭവമായിരിക്കും ഇക്കുറി മാഞ്ചസ്റ്റര്‍ തിരുനാളില്‍ ലഭിക്കുക.

അടിമവയ്ക്കുന്നതിനും കഴുന്നുകള്‍ എടുക്കുവാനും സൗകര്യം

തിരുനാഹ പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ചശേഷഗ വിശ്വാസികള്‍ക്ക് വിശുദ്ധരുടെ മധ്യസ്ഥം തേടി പ്രാര്‍ഥിച്ച് കഴുന്നുകള്‍ എടുക്കുന്നതിനും അടിമവയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. ഇതിനായി വിശുദ്ധരുടെ തിരുസ്വരൂപങ്ങളുടെ സമീപമുള്ള വോളന്റിയേഴ്‌സിന്റെ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

മാര്‍ക്കോസിന്റെ ഗാനമേള എപ്പോള്‍ ആരംഭിക്കും. എപ്പോള്‍ തീരും

പ്രദക്ഷിണം തിരികെ പള്ളില്‍ പ്രവേശിച്ചശേഷം കൃത്യം രണ്ടുമണിക്കുതന്നെ മലയാളത്തിന്റെ പ്രിയഗായകനും ഭക്തിഗാനരംഗത്തെ കുലപതിയുമായ കെ.ജി. മാര്‍ക്കോസിന്റെ ഗാനമേളയ്ക്ക് തുടക്കമാകും. ഗാനമേളയ്ക്കു തൊട്ടുമുമ്പായി പൊതുസമ്മേളനം നടക്കും. 20 മിനിറ്റാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി ഏവര്‍ക്കും സ്വാഗതം ആശംസിക്കും. ഇതേത്തുടര്‍ന്ന് മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് സന്ദേശം നല്‍കുകയും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ ഗാനന്‍, വിഥിന്‍ഷോ എം.പി. മൈക്ക് കെയിന്‍, കൗണ്‍സിലര്‍ എഡി ന്യൂമാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് രണ്ടു മിനിറ്റുവീതം സംസാരിക്കും. ഇതേത്തുടര്‍ന്ന് ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണി നന്ദി രേഖപ്പെടുത്തുന്നതോടെ ഒഫീഷ്യന്‍ സെറിമണി സമാപിക്കുകയും ഗാനമേളയ്ക്ക് തുടക്കമാകുകയും ചെയ്യും. ഗാനമേളയ്ക്ക് ഇടയിലുള്ള 15 മിനിറ്റ് ബ്രേക്ക്‌ടൈമില്‍ യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ വി4യു മ്യൂസിക് ബാന്‍ഡിന്റെ ഷോയും പ്രത്യേകം തെരഞ്ഞെടുത്ത രണ്ടു ഡാന്‍സ് പ്രോഗ്രാമുകളും നടക്കും. വൈകുന്നേരം ആറുമണിയോടെ എല്ലാ പരിപാടികളും അവസാനിക്കുന്ന രീതിയിലാണ് പ്രോഗ്രാം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഗാനമേള നടക്കുന്ന സ്‌കൂള്‍ ഗ്രൗണ്ടില്‍ എന്തൊക്കെ കടകള്‍ പ്രവര്‍ത്തിക്കും

ഗാനമേള നടക്കുന്ന സെന്റ് അല്‍ഫോന്‍സാ നഗറില്‍ മിതമായ നിരക്കില്‍ നാടന്‍ വിഭവങ്ങളുമായി സിന്ദൂറിന്റെ തട്ടുകടകളും യൂത്തിന്റെ ഡ്രിങ്ക്‌സ് സ്റ്റാള്‍, ഐസ്‌ക്രീം സ്റ്റാള്‍, ഫെയിസ് പെയിന്റിംഗ്, ഹെന്ന, കുട്ടികള്‍ക്കായുള്ള വിവിധ ഗെയിമുകള്‍, ബൗണ്‍സികാസിലുകള്‍, ബല്‍#ൂണ്‍ മാമന്റെ കട, നേര്‍ച്ചവിതരണത്തിനായി പ്രത്യേക കൗണ്ടറുകള്‍, പയചരക്കുകട തുടങ്ങി ഇരുപതോളം സ്റ്റാളുകള്‍ തിരുനാള്‍ പറമ്പില്‍ പ്രവര്‍ത്തിക്കും.

വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണം; പാര്‍ക്കിംഗ് സുരക്ഷിതമാണോ?

തിരുനാള്‍ തിരുകര്‍മങ്ങള്‍ നടക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തില്‍നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ള കോര്‍ണിഷ്മാന്‍ പബ്ബിന്റെ കാര്‍ പാര്‍ക്കാണ് പാര്‍ക്കിംഗിനായി ക്രമീകരിച്ചിരിക്കുന്നത്. ദൂരസ്ഥലങ്ങളില്‍നിന്നും എത്തുന്നവര്‍ എം22 0ജെഎക്‌സ് എന്ന പോസ്റ്റ്‌കോഡില്‍ എത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം ദേവാലയത്തില്‍ എത്തി തിരുകര്‍മങ്ങളില്‍ പങ്കുചേരേണ്ടേതാണ്. കാര്‍ പാര്‍ക്ക് നിറഞ്ഞാല്‍ അടുത്തുള്ള സ്ട്രീറ്റുകളിലും സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. ട്രാമുകളില്‍ എത്തുന്നവര്‍ സെന്റ് ആന്റണീസ് ദേവാലയത്തിനു സമീപമുള്ള സ്റ്റോപ്പില്‍ ഇറങ്ങേണ്ടതാണ്. ഗാനമേള നടക്കുന്ന സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടിലും പ്രദക്ഷിണം കടന്നുപോകുന്ന വഴികളിലും പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. പള്ളിയുടെ മുന്‍വശം മുതല്‍ കാര്‍ പാര്‍ക്ക് വരെ വോളന്റിയേഴ്‌സിന്റെ സൗകര്യം ലഭ്യമാണ്.

തിരുനാള്‍ തിരുകര്‍മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഇംഗ്ലണ്ടിന്റെ മലയാറ്റൂരായ മാഞ്ചസ്റ്ററിലേക്ക് ഏവരേയും ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.