1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2015

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: ഒരു നാട് ഒന്നിച്ചെത്തി വിശുദ്ധനോട് അനുഗ്രഹത്തിനായി അപേക്ഷിച്ചു. പൊന്‍. വെള്ളി, മരക്കുരിശുകളുമായി പ്രദക്ഷിണം നടത്തി അവര്‍ വിശുദ്ധനോടുള്ള ആദരവ് അര്‍പ്പിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിച്ചു. ചെണ്ടമേളവും സ്‌കോട്ടിഷ് ബാന്‍ഡും ആഘോഷത്തിന്റെ മാറ്റു കൂട്ടി. മാര്‍ക്കോസിന്റെ ഗാനമേള വിശ്വാസികളെ ഭക്തിയുടെ പുതിയ തലത്തിലേക്കുയര്‍ത്തി. യുകെയിലെ മലയാറ്റൂര്‍ പള്ളിയെന്ന് അറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ ഇന്നലെ അരങ്ങേറിയത് നാട്ടിലെ ആഘോഷങ്ങളെ വെല്ലുന്ന പെരുന്നാളാണ്.

ഒരിക്കലും മറക്കാനാവാത്ത ഒരപൂര്‍വ സുന്ദരദിനത്തിനാണ് ഇന്നലെ മാഞ്ചസ്റ്റര്‍ സാക്ഷ്യംവഹിച്ചത്. മലയാളത്തിന്റെ പ്രിയ ഗായകന്‍ കെ.ജി. മാര്‍ക്കോസ് പാടിതിമിര്‍ത്തപ്പോള്‍ ഏവര്‍ക്കും ആവേശം. ദശാബ്ദിവര്‍ഷത്തെ ദുക്‌റാനാ തിരുനാളില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് ഇന്നലെ മാഞ്ചസ്റ്ററിലേക്ക് ഒഴുകിയെത്തിയത്. മാഞ്ചസ്റ്ററിന്റെ തെരുവീഥികള്‍ മലയാളികളാല്‍ തിങ്ങിനിറഞ്ഞപ്പോള്‍ ഈ വര്‍ഷത്തെ ദുക്‌റാനാ തിരുനാള്‍ മികച്ച ജനപങ്കാളിത്തംകൊണ്ടും സംഘാടക മികവിനാലും ചരിരതമായി. ചട്ടയും മുണ്ടും ധരിച്ച അമ്മച്ചിമാരും സ്ത്രീപുരുഷാരവത്താലും മാഞ്ചസ്റ്റര്‍ തിങ്ങിനിറഞ്ഞപ്പോള്‍ പെരുന്നാള്‍ പറമ്പിലെ കാഴ്ചകളാലും മാഞ്ചസ്റ്റര്‍ ഇന്നലെ കൊച്ചുകേരളമായി മാറുന്ന കാഴ്ചയാണ് കണ്ടത്.

രാവിലെ പത്തരയോടെ ആരംഭിച്ച തിരുനാള്‍ തിരുകര്‍മങ്ങളും മാര്‍ക്കോസിന്റെ ഗാനമേളയും എല്ലാം രാത്രി ഏഴുമണിയോടെ സമാപിച്ചു. ബേമയില്‍നിന്നും അഭിവന്ദ്യ പിതാക്കന്മാരെയും വൈദിക ശ്രേഷ്ഠരെയും പ്രസുദേന്തിമാരും പുതുതായി ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളും ചേര്‍ന്ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അള്‍ത്താരയിലേക്ക് ആനയിച്ചപ്പോള്‍ ആഘോഷപൂര്‍വമായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്കു തുടക്കമായി. ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാറമികനായപ്പോള്‍ പന്ത്രണ്ടോളം വൈദികര്‍ സഹകാര്‍മികരായി.

ഇതേസമയം സെന്റ് ആന്റണീസ് ദേവാലയവും പരിസരവും കൊടിതോരണങ്ങളാല്‍ അലങ്കരിച്ച് മോടിയില്‍ തിളങ്ങുകയായിരുന്നു. റെക്‌സിന്റെ നേതൃത്വത്തില്‍ എത്തിയ ഗായകസംഘത്തിന്റെ ശ്രുതിശുദ്ധമായ ആലാപനങ്ങള്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. യേശുവിന് സാക്ഷ്യംവഹിച്ച് സഭയെ പടുത്തുയര്‍ത്തുവാന്‍ യുകെയിലെമലയാളി സമൂഹത്തിന് സാധിക്കട്ടെ എന്നും കുടുംബ ജീവിതത്തിന്റെ മാഹാത്മ്യം കാത്തുസൂക്ഷിച്ച് അതിലൂടെ വരും തലമുറയെ വിശ്വാസത്തില്‍ പടുത്തുയര്‍ത്തുവാന്‍ ദിവ്യബലിമധ്യേ നല്‍കിയ സന്ദേശത്തില്‍ ഷ്രൂഷ്ബറി ബിഷപ് മാര്‍ക്ക് ഡേവിസ് വിശ്വാസികളോടു ആഹ്വാനം ചെയ്തു. രൂപതയിലെ വിവിധ ഇടവകകളെയും ഫാമിലി യൂണിറ്റുകളുമാണ് ദിവ്യബലിമധ്യേയുള്ള കാഴ്ചവയ്പ് നടത്തിയത്.

ഇടവകയില്‍ മാതൃവേദിക്ക് തുടക്കമായി

ദിവ്യബലിയെ തുടര്‍ന്ന് കുട്ടി ഗായകസംഘം ‘മേലേ മാനത്തെ ഈയോയെ” എന്ന ഗാനം ആലപിച്ചു. ഇതേത്തുടര്‍ന്ന് ഇടവകയിലെ മാതൃവേദിയുടെ ഉദ്ഘാടനം അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് നിര്‍വഹിച്ചു. ബാനറും കൈയില്‍ മെഴുകുതിരികളും ഏന്തി മാതാക്കള്‍ പ്രദക്ഷിണമായി അള്‍ത്താരയിലേക്ക് എത്തിയതോടെ പിതാവ് തിരികളിലേക്ക് വെളിച്ചം പകര്‍ന്നു. റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി മാതാക്കള്‍ക്ക് പ്രതിജ്ഞാവാചകം ചെല്ലിക്കൊടുത്തതോടെ ഇടവകയിലെ മാതൃസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ദിവ്യബലിയെ തുടര്‍ന്ന് ലോനപ്പന്‍ അച്ചന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷവും

മാതൃവേദിയുടെ ഉദ്ഘാടനത്തെ തുടര്‍ന്നാണ് ലോനപ്പന്‍ അച്ചന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷം നടന്നത്. ഇടവക ജനങ്ങളെ പ്രതിനിധീകരിച്ച് പ്രത്യേകം തയാറാക്കിയ നാലടി ഉയരത്തിലുള്ള കാര്‍ഡും ഗിഫ്റ്റും കുട്ടികള്‍ ചേര്‍ന്ന് അച്ചന് കൈമാറി.

പ്രവാസികളായ നിങ്ങള്‍ വിശ്വാസത്തിന്റെ സാക്ഷികള്‍ ആവുക: മാര്‍ ജോസഫ് പെരുന്തോട്ടം

പ്രവാസികളായ നിങ്ങള്‍ വിശ്വാസത്തിന്റെ സജീവ സാഷികളാകുവാന്‍ ദിവ്യബലിയെ തുടര്‍ന്ന് നല്‍കിയ സന്ദേശത്തില്‍ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശ്വാസികളോട് ആഹ്വാനം ചെയ്തു. വിശുദ്ധ തോമാശ്ലീഹായുടെ പാരമ്പര്യം പേറുന്ന നാം വിശ്വാസത്തില്‍ സ്ഥിരതയുള്ളവരായി മറ്റുള്ളവര്‍ക്ക് മാതൃകയായി തിരുവാന്‍ പിതാവ് ഏവരെയും ഉദ്‌ബോദിപ്പിച്ചു.

തിരുനാള്‍ പ്രദക്ഷിണം വിശ്വാസ അനുഭവമായി

ദിവ്യബലിയെ തുടര്‍ന്ന് നടന്ന ലദിഞ്ഞോടെയാണ് തിരുനാള്‍ പ്രദക്ഷിണത്തിനു തുടക്കമായത്. മരക്കുരിശും പേപ്പല്‍ പതാകകളും ബ്രിട്ടന്റെയും ഇന്ത്യയുടെയും പതാകകളും പ്രദക്ഷിണത്തിന്റെ മുന്‍നിരയില്‍ നീങ്ങിയപ്പോള്‍ പുതുതായി ആദ്യകുര്‍ബാന സവീകരിച്ച കുട്ടികളും സണ്‍ഡേ സ്‌കൂള്‍ കുട്ടികളും പതാകകളുമായി പ്രദക്ഷിണത്തിന്റെ മുന്‍നിരയില്‍ നീങ്ങിയപ്പോള്‍ ഒരേ ഡ്രസ് കോഡില്‍ എത്തിയ സ്ത്രീജനങ്ങള്‍ മുത്തുക്കുടകളുമായി പ്രദക്ഷിണത്തില്‍ അണിനിരന്നു. #ാപെന്നിന്‍ കുരിശുകളും വെള്ളി കുരിശുകളുമെല്ലാം പ്രദക്ഷിണത്തില്‍ അണിനിരന്നപ്പോള്‍ സ്‌കോര്‍ട്ടിഷ് പൈപ്പ് ബാന്‍ഡും ദൃശ്യകലയും ബോള്‍ട്ടണ്‍ ബീറ്റ്‌സും പ്രദക്ഷിണത്തില്‍ മേളപ്പെരുക്കം തീര്‍ത്തു. ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകളെ പ്രതിനിധീകരിച്ച് വിശുദ്ധരുടെ ഫ്‌ളാഗുകളും പ്രദക്ഷിണത്തില്‍ അണിനിരന്നു.

വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ച് മാഞ്ചസ്റ്ററിന്റെ തെരുവീഥികളിലൂടെ നീങ്ങിയ തിരുനാള്‍ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായി മാറുകയായിരുന്നു. ഡങ്കറി റോഡുവഴി പോയ പ്രദക്ഷിണം പോര്‍ട്ട്വേയില്‍ എത്തിയപ്പോള്‍ പോലീസ് ഗതാഗതം നിരോധിച്ച് പ്രദക്ഷിണത്തിനു വഴിയൊരുക്കി.

അടിമവെച്ചും കഴുന്നുകള്‍ എടുത്തും വിശ്വാസികള്‍ വിശുദ്ധരുടെ മധ്യസ്ഥം തേടി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തെ തുടര്‍ന്ന് സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടിലെ ഓപ്പണ്‍ സ്റ്റേജില്‍ പൊതുസമ്മേളനത്തിനും ഗാനമേളയ്ക്കും തുടക്കമായി.

വെല്‍ക്കം ഡാന്‍സോടെ പൊതുസമ്മേളനത്തിനു തുടക്കമായി

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് സണ്‍ഡേ സ്‌കൂളിലെ കുട്ടികള്‍ അണിനിരന്ന ഔവര്‍ ഫാദര്‍ എന്ന വെല്‍ക്കം ഡാന്‍സോടെയാണ് പൊതുസമ്മേളനത്തിനു തുടക്കമായത്. ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം നിലവിളക്കു തെളിയിച്ച് പരിപാടികള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഷ്രൂഷ്ബറി രൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ ഗാനന്‍, കൗണ്‍സിലര്‍ എഡി ന്യൂമാന്‍, ഫാ. മൈക്കിള്‍ മുറെ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തതോടെ കെ.ജി. മാര്‍ക്കോസ് ഗാനമേളയ്ക്ക് രംഗപ്രവേശനം ചെയ്തു.

ഇസ്രായേലിന്‍ നാഥനില്‍ തുടങ്ങി സംക്രിത പമഗിരി വരെ ഇരുപതോളം ഗാനങ്ങള്‍ ആലപിച്ച് കെ.ജി. മാര്‍ക്കോസ്

‘ഇസ്രായേലിന്‍ നാഥനായി വാഴും ഏക ദൈവം’ എന്ന ഗാനത്തില്‍ തുടങ്ങി ഇരുപതോളം ഗാനങ്ങള്‍ ഇടതടവില്ലാശത ആലപിച്ച് കെ.ജി. മാര്‍ക്കോസ് തിരുനാള്‍ പറമ്പായ സെന്റ് അല്‍ഫോന്‍സാ നഗറില്‍ കൂടിയ ആയിരങ്ങള്‍ക്ക് മികച്ച വിരുന്നായി. മാര്‍ക്കോസ് ആലപിച്ച ജനപ്രിയ ഗാനങ്ങളും ഭക്തിഗാനങ്ങളും ഇടവിട്ട് ആലപിച്ച് മാര്‍ക്കോസ് മലയാള സിനിമാരംഗത്തെ തന്റെ അതുല്യസ്ഥാനം ഒരിക്കല്‍കൂടി ആവര്‍ത്തിക്കുന്ന കാഴ്ചയാണ് ഇന്നലെ മാഞ്ചസ്റ്ററില്‍ കണ്ടത്. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ആലാപനം കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആസ്വദിച്ച കാഴ്ചയാണ് കണ്ടത്. മാര്‍ക്കോസിനൊപ്പം രഞ്ജിനി രാഘവ്, വി4യു മ്യൂസി ബാന്‍ഡും വിവിധ ഗാനങ്ങളുമായി വേദിയില്‍ എത്തി. മാഞ്ചസ്റ്ററിന്റെ പ്രിയ ഗായകരായ റെക്‌സും റോയിയും പാട്ടുകളുമായി വേദിയില്‍ എത്തിയപ്പോള്‍ കാണികള്‍ ഏറെ ഹര്‍ഷാരവങ്ങളോടെയാണ് അവരെ വരവേറ്റത്.

ഗാനമേളയ്ക്ക നിറംപകര്‍ന്ന് അഞ്ചോളം ഡാന്‍സ് പെര്‍ഫോമന്‍സ്

സണ്‍ഡേ സ്‌കൂള്‍ കുട്ടികളും അസോസിയേഷന്‍ കുട്ടികളും അണിനിരന്ന ഡാന്‍സ് പ്രോഗ്രാമുകള്‍ ഏവര്‍ക്കും ആവേശം പകര്‍ന്നു. ഒരു മധുരക്കിനാവിന എന്ന് ഗാനത്തിനൊപ്പം കുട്ടികള്‍ ചുവടുവച്ചാണ് ആദ്യ പെര്‍ഫോമന്‍സ് നടന്നത്. തുടര്‍ന്ന് ഗംഗം സ്റ്റൈലും രാധാ ഡാന്‍സും ബോളിവുഡ് ഡാന്‍സുകളും വേദിയില്‍ എത്തി.

നാട്ടിലെ തിരുനാള്‍പറമ്പ് മാഞ്ചസ്റ്റിലും പുനരാവിഷ്‌കരിച്ചപ്പോള്‍

നാട്ടിന്‍പുറത്തെ പള്ളി പെരുന്നാള്‍ കാഴ്ചകഹ ഓരോന്നായി ഇന്നശല മാഞ്ചസ്റ്ററില്‍ പുനരാവിഷ്‌കരിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. തട്ടുകടകളും ഭക്തസാധനങ്ങളും കൂള്‍ഡ്രിംഗ്‌സ്, ഐസ്‌ക്രീ, ഗെയിമുകള്‍, ബൗണ്‍സി കാസിലുകള്‍, പലചരക്കുകട, ഉണ്ണിയപ്പം നേര്‍ച്ച, ഒട്ടേറെ സ്റ്റാളുകള്‍ തിരുനാള്‍ പറമ്പില്‍ പ്രവര്‍ത്തിച്ചു. ഫുഡ് സ്റ്റാളില്‍ ഇടയ്ക്കുണ്ടായ താമസം മാറ്റിനിര്‍ത്തിയാല്‍ തിരുനാള്‍ പറമ്പ് ഏവര്‍ക്കും മികച്ച അനുഭവമായി.

തിരുനാള്‍ തിരുകര്‍മങ്ങളില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികള്‍ക്കും തിരുനാള്‍ വിജയത്തിനായി സഹകരിച്ചവര്‍ക്കും ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയും ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണയും നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.