1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2012

കനെഷ്യസ് അത്തിപ്പോഴിയില്‍

ഇന്നു പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ ലോകം മുഴുവനുമുള്ള വിശ്വാസികള്‍ ആദരപൂര്‍വ്വം കൊണ്ടാടുമ്പോള്‍ ഒരു മരിയ ഭക്തനായ എനിക്കും എന്റെ കുടുംബത്തിനും ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും അമ്മയിലൂടെ ലഭിച്ച അനുഗ്രഹങ്ങളെ ഓര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നീണ്ട 22 വര്‍ഷത്തെ പ്രവാസി ജീവിതത്തിനിടയില്‍ ഒട്ടേറെ പ്രതിസന്ധികള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ പരിശുദ്ധ അമ്മയുടെ മധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ത്ഥിക്കുകയും , അമ്മയുടെ അളവറ്റ സ്‌നേഹത്തിന്റെ പാത്രമാകുവാന്‍ ഭാഗ്യം ലഭിക്കുകയും ചെയ്തു.

നന്നേ ചെറുപ്രായത്തില്‍ തന്നെ വിദേശത്ത് പോകുവാനും ജോലി നേടുവാനും ഭാഗ്യം സിദ്ധിച്ച എനിക്ക്, നീണ്ട കാലത്തേ എന്റെ സമ്പാദ്യം ഉപയോഗിച്ച് തുടങ്ങിയ ബിസിനസ് നഷ്ടത്തിലായ ഒരു സന്ദര്‍ഭത്തില്‍ കുടുംബ സമേതം നാട്ടിലേക്കു തിരിച്ചു വരേണ്ടി വരികയും , വളരെ ഏറെ മാനസീക , സാമ്പത്തീക വിഷമം അനുഭവിക്കേണ്ടി വരികയും ചെയ്യുകയുണ്ടായി. ഗള്‍ഫില്‍ മാസം 25000 രൂപ ശമ്പളമുണ്ടായിരുന്ന നഴ്‌സായ എന്റെ ഭാര്യ മേരി , നാട്ടിലെ ഒരു ചെറിയ ഹോസ്പിറ്റലില്‍ വീണ്ടും ജോലിക്ക് പ്രവേശിച്ചു. അവിടെ നിന്നും മേരിക്ക് ശമ്പളമായി കിട്ടിയിരുന്ന 2000 രൂപ ആയിരുന്നു പിന്നീട് ഞങ്ങളുടെ ഏക വരുമാനം. വീണ്ടും ഗള്‍ഫിലേക്ക് തിരിച്ചു പോകാനുള്ള എന്റെ ശ്രമങ്ങളൊക്കെ പാഴായികൊണ്ടിരുന്നു. ഇതിനിടയില്‍ യുകെ യിലേക്ക് വരാനുള്ള ശ്രമവും തുടങ്ങിയിരുന്നു . ഈ വിഷമ ഘട്ടങ്ങളിലൊക്കെ ജപമാല മുറുകെ പിടിച്ചു കൊണ്ട് ഞങ്ങള്‍ അമ്മയുടെ അനുഗ്രഹത്തിനായി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു ….

ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലൊരു സെപ്റ്റംബര്‍ മാസമാണ് ഞാന്‍ യുകെയില്‍ എത്തിയത് . അന്നും ഇന്നും മാതാവിനോടുള്ള അജഞ്ചലമായ ഭക്തി സാകൂതം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഇതിനിടയില്‍ പാട്ട് പഠിക്കാത്ത, സംഗീതം അഭ്യസിക്കാത്ത എനിക്ക് , പരിശുദ്ധ അമ്മയെ കുറിച്ച് നിരവധി പാട്ടുകള്‍ എഴുതുവാനും ക്രിസ്തീയ ഭക്തി ഗാന ആല്‍ബം ഇറക്കുവാനുമൊക്കെ അമ്മ ഭാഗ്യം നല്‍കി. ഇന്നീ ലൗകീക ജീവിതത്തിന്റെ മായകാഴ്ച്ചകളിലും, ഓട്ട പാച്ചിലുകള്‍ക്കുമിടയില്‍ പഴയത് പോലെ പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നുണ്ടോ എന്നത് ചിന്തനീയമാണ്. ഇന്നത്തെ വാണിജ്യവല്കരിക്കപെട്ട വിശ്വാസത്തെയും , രീതികളെയും ശക്തമായി എതിര്‍ക്കുമ്പോഴും , അമ്മയോടുള്ള എന്റെ ഭക്തി അചഞ്ചലമായി തന്നെ തുടരുന്നു. ജന്മ പാപമില്ലാതെ ഉത്ഭവിച്ച , ദൈവവര പ്രസാദ പൂര്‍ണയായ ആ അമ്മയുടെ അനുഗ്രഹത്താല്‍ നമ്മളില്‍ ബോധജ്ഞാനം നിറക്കണേയെന്നു ഈ പിറവി തിരുനാളില്‍ നമുക്ക് പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.