1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2012

സാമ്പത്തിക പ്രതിസന്ധി മൂലം പല എന്‍എച്ച്എസ് ആശുപത്രികളും അടച്ചുപൂട്ടലിന്റെ വക്കിലാണന്നും സാമ്പത്തിക ഞെരുക്കം കാരണം പല ആശുപത്രികളിലും ചികിത്സയുടെ ഗുണനിലവാരം കുറഞ്ഞിട്ടുണ്ടെന്നും വിദഗ്ദ്ധര്‍. ഭാവിയില്‍ എന്‍എച്ച്എസിന്റെ ബഡ്ജറ്റ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും കിംഗ്‌സ് ഫണ്ടിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോണ്‍ ആപ്പിള്‍ബൈ ചൂണ്ടിക്കാട്ടി. സാമ്പത്തിക ഞെരുക്കം കാരണം ചെലവാക്കുന്ന ഓരോ പൗണ്ടിനും 5ശതമാനം അധികം മൂല്യം ആശുപത്രി മാനേജര്‍മാര്‍ ആവശ്യപ്പെടുന്നുണ്ടെന്നും പ്രായമായ ആളുകളുടെ ചികിത്സാ ആവശ്യങ്ങള്‍ പകുതി മാത്രമേ നിറവേറ്റപ്പെടുന്നുളളുവെന്നും ആപ്പിള്‍ബൈ പറഞ്ഞു. ഇതിന്റെ ഫലം അനുഭവിക്കുന്നത് രോഗികളാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തില്‍ ഒന്‍പത് ഹോസ്പിറ്റല്‍ ട്രസ്റ്റുകളും അടിയന്തിരമല്ലാത്ത ശസ്ത്രക്രീയകള്‍ക്കും മറ്റും റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇടുപ്പ്, മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയ, തിമിര ശസ്ത്രക്രീയ, ശരീരഭാരം കുറക്കാനുളള ശസ്ത്രക്രീയ തുടങ്ങിയവക്കായി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ് രോഗികള്‍. ഇത്തരം ശസ്ത്രക്രീയകള്‍ നടത്താന്‍ കടുത്ത നിബന്ധനകളാണ് എന്‍എച്ച്എസ് മുന്നോട്ട് വെക്കുന്നത്. നിബന്ധനകള്‍ എല്ലാം പാസ്സായാലും നാളുകള്‍ കാത്തിരിക്കണം ശസ്ത്രക്രീയ നടത്തികിട്ടാന്‍. എന്നാല്‍ ശസ്ത്രക്രീയ നീട്ടിവെയ്ക്കുന്നത് നല്ലതല്ലെന്നും ചിലവുകൂടാന്‍ മാത്രമേ ഇത് ഉപകരിക്കുളളുവെന്നും ഡോക്ടര്‍മാരും രോഗികളും ഒരേ സ്വരത്തില്‍ പറയുന്നു.

എന്നാല്‍ സാമ്പത്തിക ഞെരുക്കം അത്ര വലുതാണന്നും രണ്ടായിരത്തി പതിനഞ്ച് വരെ ഇത്തരം നിയന്ത്രണങ്ങള്‍ തുടരേണ്ടി വരുമെന്നാണ് കരുതുന്നതെന്നും പ്രൊഫ. ആപ്പിള്‍ബൈ ചൂണ്ടിക്കാട്ടി. പ്രൈമറി കെയര്‍ ട്രസ്റ്റുകളുടെ സാമ്പത്തിക നിലവാരം ഉയര്‍ത്തണമെന്നും ഒപ്പം വര്‍ഷം തോറും എന്‍എച്ച്എസ് ട്രസ്റ്റുകള്‍ തങ്ങളുടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2020 ഓടെ ഹോസ്പിറ്റല്‍ ട്രസ്റ്റുകളുടെ ഉല്‍പ്പാദക്ഷമത 50 ബില്യണിലേക്ക് ഉയര്‍ത്തിയാല്‍ മാത്രമേ ട്രസ്റ്റുകള്‍ക്ക് പിടിച്ച് നില്‍ക്കാനാകും. അനാവശ്യമായ ഓപ്പറേഷനുകള്‍ ഒഴിവാക്കിയും വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചും ആശുപത്രിയില്‍ രോഗികളെ അഡ്മിറ്റ് ചെയ്യുന്ന കാലാവധി കുറച്ചും ഈ ലക്ഷ്യത്തിലേക്ക് എത്താവുന്നതാണ്. പല ആശുപത്രികളും തെറ്റായ സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നതെന്നതും ആശുപത്രികളുടെ ലാഭം കുറയാന്‍ കാരണമാണന്ന് അ്ദ്ദേഹം അറിയിച്ചു. രോഗികള്‍ക്ക് നല്‍കുന്ന പരിചരണവും ഹോസ്പിറ്റല്‍ ഘടനയും മെച്ചപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സൗത്ത് ലണ്ടന്‍ ഹെല്‍ത്ത് കെയര്‍ ട്രസ്റ്റ് ഗവണ്‍മെന്റ് ഏറ്റെടുത്തത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടി വരുമോ എന്ന ചോദ്യത്തിന് വരും എന്നായിരുന്നു പ്രൊഫ. ആപ്പിള്‍ബൈയുടെ ഉത്തരം. ഒന്നുകില്‍ മുഴുവന്‍ ആശുപത്രികളും അടച്ചുപൂട്ടും അല്ലെങ്കില്‍ മൊത്തം ചികിത്സ ഒഴിവാക്കിയിട്ട് പല ആശുപത്രികളും സ്‌പെഷ്യലിസ്റ്റ് സേവനങ്ങള്‍ മാത്രം നല്‍കാന്‍ തയ്യാറാകും. സാമ്പത്തിക ഞെരുക്കം കാരണം ചികിത്സയുടെ ഗുണനിലവാരം കുറയുമ്പോള്‍ കെയര്‍ ക്വാളിറ്റി കമ്മീഷന് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കേണ്ടി വരും. ഇത് ഭയാനകമായ ഒരു അവസ്ഥയാണ് – അ്ദ്ദേഹം ചൂണ്ടിക്കാട്ടി

ഒരു മഞ്ഞുമലയുടെ മുകളിലിരിക്കുന്ന ടാങ്കറിന്റെ അവസ്ഥയാണ് എന്‍എച്ചഎസിനെന്നും അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും എന്‍എച്ചഎസ് കോണ്‍ഫെഡറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ഫെററര്‍ പറഞ്ഞു. ചെലവു ചുരുക്കിയില്ലെങ്കില്‍ എന്‍എച്ച്എസിന് പിടിച്ച് നില്‍ക്കാനാകില്ലന്നും കൂടുതല്‍ പണം നിക്ഷേപിക്കേണ്ടത് അത്യാവശ്യമാണന്നും ആരോഗ്യവകുപ്പിന്റെ പ്രതിനിധി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.