1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2012

ലണ്ടന്‍ : വിദേശത്ത് ബ്രാഞ്ചുകള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യമുളള എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണന്ന് ഗവണ്‍മെന്റ് അറിയിച്ചു. നാട്ടിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിനും ഒപ്പം ബ്രിട്ടനിലെ ആരോഗ്യ രംഗത്തിന്റെ യശസ്സ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുന്നതിനും വേണ്ടിയാണ് വിദേശത്ത് എന്‍എച്ച്എസ് ആശുപത്രികളുടെ ശാഖകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.

ബ്രട്ടീഷ് ആരോഗ്യ വകുപ്പും യുകെ ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ ശരത്കാലത്തോടെ പദ്ധതി നടപ്പിലാക്കാനാകുമെന്നാണ് കരുതുന്നത്. വിദേശത്ത് ആശുപത്രി ശാഖകള്‍ ആരംഭിക്കാന്‍ താല്‍പ്പര്യമുളള ഹോസ്പിറ്റല്‍ മാനേജ് മെന്റിനും ഒപ്പം ബ്രട്ടീഷ് ആരോഗ്യ രംഗത്തിന്റെ സേവനം ആവശ്യമുളള വിദേശ രാജ്യങ്ങളിലെ ഗവണ്‍മെന്റിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുളള എല്ലാ സഹായവും ബ്രട്ടീഷ് ഗവണ്‍മെന്റ് ചെയ്തുതരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ആശുപത്രി, റോയല്‍ മാര്‍സ്ഡണ്‍. ഗൈസ്, സെന്റ് തോമസ് തുടങ്ങിയ ആശുപത്രികള്‍ വിദേശത്ത് തങ്ങളുടെ ശാഖകള്‍ ആരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതി അനുസരിച്ച് വിദേശ രാജ്യത്ത് നിക്ഷേപിക്കുന്ന പണത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാകും ആശുപത്രി പ്രവര്‍ത്തിക്കുക. അവിടെ നിന്ന് ലഭിക്കുന്ന ലാഭം തിരികെ യുകെയിലേക്ക് തന്നെ എത്തിക്കും. അമേരിക്കയിലെ അശുപത്രികള്‍ ഈ പദ്ധതി നേരത്തെ നടപ്പിലാക്കിയിട്ടുണ്ട്.

എന്‍എച്ച്എസ് ഹോസ്പിറ്റലുകള്‍ വിദേശ രാജ്യങ്ങളില്‍ സ്ഥാപിക്കുക വഴി ഭിക്കുന്ന ലാഭം സ്വന്തം രാജ്യത്തെ ആശുപത്രികളില്‍ മികച്ച സൗകര്യം ലഭ്യമാക്കുന്നതിന് ഉപയോഗിക്കാന്‍ സാധിക്കും. എന്‍എച്ച്എസിനെ ആശ്രയിക്കുന്ന രോഗികളെ സംബന്ധിച്ചിടത്തോളം ഇത് ആശ്വാസകരമായ കാര്യമാണന്ന് ആരോഗ്യമന്ത്രി ആന്‍ മില്‍ട്ടണ്‍ പറഞ്ഞു. ബ്രട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്കും ഇത് ഉണര്‍വ്വ് പകരുമെന്ന് ആന്‍ മില്‍ട്ടണ്‍ ചൂണ്ടിക്കാട്ടി. വിദേശത്ത് ആശുപത്രികള്‍ സ്ഥാപിക്കുക വഴി നിരവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവുകയും രാജ്യത്തെ മികച്ച ആരോഗ്യസേവനത്തെ പറ്റി ലോകമെമ്പാടുമുളള ജനങ്ങളെ അറിയിക്കാനും സാധിക്കുമെന്നും ആന്‍ മില്‍ട്ടണ്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ലാഭത്തിന് വേണ്ടി വിദേശ രാജ്യങ്ങളില്‍ ആശുപത്രികള്‍ കെട്ടിപ്പൊക്കുന്നതിനെ പേഷ്യന്‍്‌സ് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് കാതറീന്‍ മര്‍ഫി വിമര്‍ശിച്ചു. ലാഭത്തേക്കാള്‍ രോഗികള്‍ക്ക് നല്‍കുന്ന മികച്ച പരിചരണമാണ് എന്‍എച്ച്എസിന്റെ പ്രധാന നയമെന്ന് കാതറീന്‍ ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളില്‍ ആശുപത്രികള്‍ സ്ഥാപിച്ച് അവ ലാഭമുണ്ടാക്കുന്നത് വരെ സ്വന്തം രാജ്യത്തെ രോഗികള്‍ മികച്ച പരിചരണം ലഭിക്കാതെ കാത്തിരിക്കണമെന്ന് പറയുന്നത് അനാസ്ഥയാണ്. ഗവണ്‍മെന്റിന്റേയും എന്‍എച്ച്എസ് ട്രസ്റ്റിന്റേയും ഒപ്പം ഡോക്ടര്‍മാരുടേയും പ്രധാന ലക്ഷ്യം എന്‍എച്ച്എസിലെത്തുന്ന രോഗികളായിരിക്കണമെന്നും കാതറീന്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.