1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

മെഡിക്കല്‍ സ്റ്റാഫിന്റെ കൈയ്യബദ്ധം മൂലം ഒരു മാസം മരിക്കുന്നത് ആയിരത്തിലധികം രോഗികള്‍. ആശുപത്രിയിലെത്തുന്ന കേസുകളില്‍ പത്തില്‍ ഒന്ന് എന്ന കണക്കില്‍ മെഡിക്കല്‍ സ്റ്റാഫ് അബദ്ധങ്ങള്‍ വരുത്തിവെയ്ക്കുന്നുണ്ടെന്നും അതേ തുടര്‍ന്ന് രോഗികള്‍ മരിക്കുന്നുണ്ടെന്നുമാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ആശുപത്രികളില്‍ സംഭവിക്കുന്ന മരണങ്ങളെ കുറിച്ച് ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും വിശദമായ പഠനമാണ് ലണ്ടന്‍ സ്‌കൂള്‍ നടത്തിയത്. ഇത് അനുസരിച്ച് ഭൂരിഭാഗം മരണങ്ങളും തടയാനാകുമായിരുന്നുവെന്നാണ് കരുതുന്നത്.

പലപ്പോഴും ഡോക്ടര്‍മാര്‍ തെറ്റായ രോഗങ്ങള്‍ കണ്ടെത്തുന്നതും തെറ്റായ മരുന്നുകള്‍ നല്‍കുന്നതുമാണ് രോഗികളുടെ മരണത്തിലേക്ക് നയിക്കുന്നതെന്നാണ് ബിഎംജെയുടെ ക്വാളിറ്റി ആന്‍ഡ് സേഫ്റ്റി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനഫലത്തില്‍ പറയുന്നത്. പല കേസുകളിലും മെഡിക്കല്‍ സ്റ്റാഫ് രോഗിയുടെ പള്‍സോ ബ്ലഡ്പ്രഷറോ പരിശോധിക്കാന്‍ മുതിരാറില്ല. രോഗിയുടെ നില ഗുരുതരമാകുന്നതിന് അനുസരിച്ച് പ്രതികരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാത്തതും രോഗിയുടെ മരണത്തിലേക്ക് നയിക്കുന്നു. ആശുപത്രികളില്‍ മരിക്കുന്ന രോഗികളില്‍ 13 ശതമാനവും തെറ്റായ ചികിത്സാ രീതിക്ക് ഇരയാകുന്നവരാണന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആശുപത്രികളിലെത്തുന്ന കേസുകളില്‍ വെറും 5.2 ശതമാനത്തിലാണ് ഇത്തരം തെറ്റുകള്‍ വരുന്നത്. എന്നാല്‍ ഇംഗ്ലണ്ടില്‍ മാത്രം ഒരു വര്‍ഷം ഇത് 12000 പേരുടെ മരണത്തിന് ഇടയാക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ പലതും ഒഴിവാക്കാമായിരുന്ന അബദ്ധങ്ങളായിരുന്നുവെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഹെലന്‍ ഹോഗന്‍ പറഞ്ഞു. പലപ്പോഴും രോഗികളുടെ രക്ത സമ്മര്‍ദ്ദമോ വൃക്കകളുടെ പ്രവര്‍ത്തനമോ ഡോക്ടര്‍മാര്‍ പരിശോധിക്കാറില്ല. ഒപ്പം മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ വല്ലതുമുണ്ടോയെന്നും അഡ്മിറ്റ് ചെയ്യുന്നതിന് മുന്നേ പരിശോധിക്കേണ്ടതാണ്. ജൂനിയര്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കുമ്പോള്‍ അതിന് മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടം കൂടി വേണമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂനിയര്‍ ഡോക്ടര്‍മാരുടെ സേവന സമയത്താണ് മരണനിരക്ക് കൂടുന്നതെന്ന് എന്‍എച്ച്എസ് മെഡിക്കല്‍ ഡയറക്ടര്‍ സര്‍ ബ്രൂസ് കോഗ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അടുത്ത വര്‍ഷം മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ചാര്‍ജ്ജെടുക്കുന്ന ആദ്യദിവസങ്ങളില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം ജോലി ചെയ്തതിന് ശേഷം മാത്രമേ സ്വതന്ത്രമായി രോഗികളെ പരിശോധിക്കാന്‍ അനുവദിക്കുളളുവെന്നും ബ്രൂസ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.