1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2011

സാന്‍ഡല്‍വുഡിലെ ചലഞ്ചിങ് സ്റ്റാര്‍ എന്നു വിശേഷണമുള്ള ദര്‍ശന്റെ ജീവിതം തകര്‍ത്തെന്ന ആരോപണത്തെ തുടര്‍ന്ന് പ്രമുഖ നടി നികിത തുക്രാലിന് സാന്‍ഡല്‍വുഡ് വിലക്ക് കല്‍പ്പിച്ചു. കന്നടത്തില്‍ കൈ നിറയെ ചിത്രങ്ങളുമായി താരപദവിയിലേക്കുയരുന്നതിനിടെ മൂന്ന് വര്‍ഷത്തേക്കാണ് കര്‍ണാടക ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നികിതയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ദര്‍ശനും ഭാര്യ വിജയലക്ഷ്മിയും തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ കലഹത്തിനിടെ വിജയലക്ഷ്മിക്ക് മര്‍ദനമേല്‍ക്കുകയും ദര്‍ശന്‍ പോലീസ് കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ നികിതയ്‌ക്കെതിരെ വിജയലക്ഷ്മി പരാതി നല്‍കുകിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ സാന്‍ഡല്‍വുഡില്‍ വിലക്ക് ലഭിച്ച മൂന്നാമത്തെ നടിയാണ് നികിത.

ചില കന്നട ചിത്രങ്ങളില്‍ ദര്‍ശന്റെ നായികയായി തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ട നികിതയ്ക്ക് നടനുമായി ബന്ധമുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ദര്‍ശനുമായി തനിക്ക് സുഹൃദ് ബന്ധം മാത്രമാണുള്ളതെന്ന് നികിത വ്യക്തമാക്കി. തനിക്കെതിരെയുയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും വിലക്കേര്‍പ്പെടുത്തിയതില്‍ വിഷമമുണ്ടെന്നും നികിത പറഞ്ഞു.

ആസ്ത്മയെ തുടര്‍ന്ന് ആസ്പത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ദര്‍ശനും നികിതയുമായുള്ള ബന്ധം നിഷേധിച്ചു. അതിനിടെ നടനെതിരെ നല്‍കിയ പരാതി ഭാര്യ പിന്‍വലിച്ചെങ്കിലും നികിതയ്ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ അസോസിയേഷന്‍ തയ്യാറായിട്ടില്ല. 2002 ല്‍ ഫാസിലിന്റെ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് നികിത തുക്രാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

എന്നാല്‍ പിന്നീട് മലയാളത്തില്‍ അധികം അവസരങ്ങള്‍ ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് നികിത തെലുങ്കിലേക്കും തമിഴിലേക്കും പിന്നാലെ കന്നടയിലേക്കും ചേക്കേറുകയായിരുന്നു. 2005 ല്‍ മഹാരാജ എന്ന ചിത്രത്തിലൂടെയായിരുന്നു സാന്‍ഡല്‍വുഡിലെ അരങ്ങേറ്റം. മലയാളം കൈവിട്ട നികിതയെ പിന്നീട് സാന്‍ഡല്‍വുഡ് ഏറ്റെടുക്കുകയായിരുന്നു. ഇടയ്ക്ക് ബസ് കണ്ടക്ടര്‍ എന്ന മമ്മൂട്ടി ചിത്രത്തിലും നികിത അഭിനയിച്ചിരുന്നു.

ഇതുവരെ അഭിനയിച്ച കന്നട ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച നികിത പൂജാഗാന്ധി, രമ്യ തുടങ്ങിയ മുന്‍നിര നായികമാരുടെ നിരയിലേക്കുയരുമ്പോഴാണ് വിലക്ക്. ഈ വര്‍ഷം ചില താരങ്ങള്‍ക്ക് കന്നഡ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ താരസംഘടന ഇടപെട്ട് നീക്കിയിരുന്നു. പക്ഷേ, മുംബൈ സ്വദേശിനിയായ നികിതയെ പിന്തുണച്ച് ഒരു സംഘടനയും ഇതുവരെ രംഗത്തെത്തിയിട്ടില്ല

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.