1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2011

മലയാള സിനിമയിലെ യുവതാരങ്ങളുടെ അപമര്യാദയും അച്ചടക്കമില്ലായ്‌മയും സംബന്ധിച്ച വാര്‍ത്തകളാണ്‌ കഴിഞ്ഞദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്‌. സിബിമലയില്‍ ചിത്രത്തിന്റെ ക്‌ളൈമാക്‌സ്‌ രംഗത്ത്‌ അഭിനയിക്കാതെ മുങ്ങിയ റീമ കല്ലിംഗലും നിര്‍മ്മാതാക്കളെ അപമാനിച്ച നിത്യമേനോനുമാണ്‌ വിവാദ നായികമാര്‍. ഈ സംഭവങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്‌ കടന്നിരിക്കുകയാണ്‌. റീമ കല്ലിംഗല്‍ തെറ്റു ചെയ്‌തിട്ടില്ലെന്നും, വീഴ്‌ച പറ്റിയത്‌ പ്രൊഡക്ഷന്‍ മാനേജര്‍ക്കുമാണെന്നുമാണ്‌ താരസംഘടനയായ അമ്മ നിലപാടെടുത്തിരിക്കുന്നത്‌. ഇതനുസരിച്ച്‌ പ്രശ്‌നം പറഞ്ഞുതീര്‍ത്ത റീമ കല്ലിംഗല്‍ കഴിഞ്ഞദിവസം സിബി മലയിലിന്റെ ഉന്നം എന്ന ചിത്രത്തിന്റെ സെറ്റിലെത്തി അഭിനയം തുടര്‍ന്നു.

പ്രൊഡക്ഷന്‍ മാനേജരെ പഴിചാരി റീമ രക്ഷപ്പെട്ടെങ്കിലും നിര്‍മ്മാതാവ്‌ ആന്റോ ജോസഫിനെ അപമാനിച്ച നടി നിത്യാമേനോനെതിരായ വിലക്ക്‌ തുടരും. പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി സുരേഷ്‌കുമാര്‍ അറിയിച്ചതാണിക്കാര്യം. മലയാള സിനിമയില്‍ വിലക്ക്‌ ഏര്‍പ്പെടുത്തുന്നത്‌ മണ്ടത്തരമാണെന്ന നിത്യയുടെ അഭിപ്രായത്തോട്‌, ചെറിയ കുട്ടിയുടെ വിവരക്കേടായി കണ്ടാല്‍ മതിയെന്നാണ്‌ സുരേഷ്‌കുമാര്‍ പറയുന്നത്‌. മറ്റ്‌ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നിന്ന്‌ നിത്യയെ വിലക്കാനുള്ള നീക്കവും നടത്തുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച കത്ത്‌ ദക്ഷിണേന്ത്യയിലെ ചലച്ചിത്ര സംഘടനകള്‍ക്ക്‌ അയച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. റീമ കല്ലിംഗലിനെ സംരക്ഷിച്ച താരസംഘടനയായ അമ്മ, പക്ഷെ നിത്യമേനോന്റെ കാര്യത്തില്‍ നിലപാട്‌ വ്യക്‌തമാക്കിയിട്ടുമില്ല.

ടി.കെ. രാജീവ്‌കുമാറിന്റെ ‘തത്സമയം ഒരു പെണ്‍കുട്ടി’യുടെ ഷൂട്ടിംഗ്‌ സെറ്റിലെത്തിയ നിര്‍മാതാക്കളോടു നിത്യ മോശമായി പെരുമാറിയെന്നാണ്‌ ആരോപണം. നടി വിശ്രമിക്കുകയായിരുന്നതിനാല്‍ സംസാരിക്കാന്‍ മാനേജരെ ഏര്‍പ്പെടുത്തിയതാണു നിര്‍മാതാക്കളെ ചൊടിപ്പിച്ചത്‌. സൂപ്പര്‍താരങ്ങള്‍ പോലും സിനിമാകാര്യങ്ങള്‍ നേരിട്ടു നോക്കിനടത്തുമ്പോള്‍ യുവനടിമാര്‍ ഒരു സിനിമയില്‍ അഭിനയിച്ചു കഴിയുമ്പോഴേക്കു മാനേജര്‍മാരെ നിയമിച്ചു ജാഡ കാട്ടുകയാണത്രേ. ഇത്‌ സംവിധായകനുമായുള്ള ആശയവിനിമയത്തിനു തടസമാകുന്നു.

കഴിഞ്ഞദിവസമാണ്‌ ഉന്നം എന്ന ചിത്രത്തിന്റെ ക്‌ളൈമാക്‌സ്‌ രംഗത്തില്‍ അഭിനയിക്കാതെ തിരുവനന്തപുരത്തെ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ റീമ കല്ലിംഗല്‍ പോയത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി സംവിധായകന്‍ സിബി മലയില്‍ ഫെഫ്‌കയ്‌ക്കും അമ്മയ്‌ക്കും പരാതി നല്‍കി. റീമയുടെ നടപടി കാരണം രണ്ടുലക്ഷം രൂപയുടെ നഷ്‌ടമാണ്‌ നിര്‍മ്മാതാവിന്‌ ഉണ്ടായതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ രാജീവ്‌ നെല്ലിമൂടിനെ അറിയിച്ചശേഷമാണ്‌ താന്‍ പോയതെന്ന്‌ റീമ കല്ലിംഗല്‍ അമ്മ ഭാരവാഹികളെ അറിയിച്ചതോടെയാണ്‌ പ്രശ്‌നത്തിന്‌ പരിഹാരമായത്‌. ഇതേത്തുടര്‍ന്ന്‌ ചിത്രത്തില്‍ അഭിനയിക്കാന്‍ സിബി മലയിലും നിര്‍മ്മാതാവ്‌ ഡേവിഡ്‌ കാച്ചപ്പിള്ളിയും ചേര്‍ന്ന്‌ റീമയെ വിളിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.