1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2015

യേശു ക്രിസ്തു രാജാധി രാജനായി കഴുത പുറത്തേറി ജറുസലം നഗര പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി മാഞ്ചസ്റ്റര്‍ മലയാളികള്‍ ഓശാനാ ഞായര്‍ ആചരിച്ചു. കൈക്കുഞ്ഞുങ്ങള്‍ അടക്കം നൂറുകണക്കിന് വിശ്വാസികള്‍ കുരുത്തോലകള്‍ ഏന്തി പ്രദക്ഷിണത്തില്‍ അണി നിരന്നപ്പോള്‍ അത് പ്രവാസി മണ്ണിലെ മറ്റൊരു വിശ്വാസ പ്രഘോഷണമായി മാറി.

മാഞ്ചസ്റ്റര്‍ പീല്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടന്ന ഓശാന തിരുക്കര്‍മ്മങ്ങളില്‍ ഷ്രൂഷ്ബറി രൂപതാ സിറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി കാര്‍മ്മികത്ത്വം വഹിച്ചു. പാരീഷ് ഹാളില്‍ ചേര്‍ന്ന ആദ്യഘട്ട തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് കുരുത്തോല പ്രദക്ഷിണം പ്രധാന അള്‍ത്താരയിലേക്ക് നടന്നു.

രാജാധി രാജന് ഓശാന പാടി വിശ്വാസ സമൂഹം പ്രദക്ഷിണത്തില്‍ അണി നിരന്നു. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് എളിമയുടെയും സഹനത്തിന്റെയും പര്യായമായി യേശു ക്രിസ്തു കഴുത പുറത്ത് ഏറി ജറുശലേം നഗര പ്രദക്ഷിണം നടത്തിയതുപോലെ പ്രവാസികളായ നാം ഓരോരുത്തരും എളിമയുടെയും സഹനത്തിന്റെയും ക്ഷമയുടെയും വാഹകരാകുവാന്‍ ദിവ്യബലി മധ്യേ റവ.ഡോ.ലോനപ്പന്‍ അങ്ങാരശേരി വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഭക്തി നിര്‍ഭരമായ ഓശാന തിരുക്കര്‍മ്മങ്ങള്‍ ഏവര്‍ക്കും ആത്മനിര്‍വൃതി പകര്‍ന്ന് നല്‍കി.

പെസഹാ തിരുക്കര്‍മ്മങ്ങള്‍ വൈകന്നേരം 4 മുതല്‍ സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടക്കും. ദുഃഖ വെളളി തിരുക്കര്‍മ്മങ്ങള്‍ ഉച്ചക്ക് 2 മുതല്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി 8 മുതലും സെന്റ് എലിസബത്ത് ദേവലായത്തില്‍ നടക്കും. വിശുദ്ധ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ദൈവിക കൃപകള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും ഷ്രൂഷ്ബറി രൂപതാ സിറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.