1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2015

സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യത്തുതന്നെ വോട്ട്, തീരുമാനം കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമെന്ന് മന്ത്രിസഭാ സമിതി. കൂടുതല്‍ പഠനം ആവശ്യമാണെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധ്യക്ഷനായ മന്ത്രിമാരുടെ സമിതി ഇന്നലെ യോഗം ചേര്‍ന്നു വിലയിരുത്തിയതോടെ ഇതു സംബന്ധിച്ച നിയമഭേദഗതി വൈകുമെന്നാണ് സൂചന.

പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങള്‍ ജോലിചെയ്യുന്ന രാജ്യത്തുവച്ചുതന്നെ ഇന്ത്യയിലെ മണ്ഡലത്തില്‍ വോട്ടുചെയ്യാന്‍ അവസരമൊരുക്കണമെന്ന് ദുബായിലെ പ്രവാസി ഡോ. വി. പി. ഷംസീര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രവാസികളെ അവര്‍ ജോലിചെയ്യുന്ന രാജ്യത്തുവച്ചുതന്നെ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അനുവദിക്കാന്‍ നിയമം ഭേദഗതി ചെയ്യുന്നതിനു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

തുടര്‍ന്ന് പ്രവാസികള്‍ക്ക് നല്‍കുന്ന സൗകര്യം സൈനികര്‍ക്കും വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ ജോലി ചെയ്യുന്നവര്‍ക്കുംകൂടി ലഭ്യമാക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. ഈ ശുപാര്‍ശയും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. ഇ തപാല്‍ വോട്ടും പകരക്കാരനെ ഉപയോഗിച്ചുള്ള (പ്രോക്‌സി) വോട്ടുമാണു പ്രവാസികള്‍ക്ക് അനുവദിക്കുന്നത്.

വിപി ഷംസീര്‍ തന്റെ ഹര്‍ജിയില്‍ ഇന്ത്യയിലെ അന്യസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവരുടെ പ്രശ്‌നവും ഉന്നയിച്ചിരുന്നു. 11 മന്ത്രിമാരുള്‍പ്പെട്ട സമിതിയെക്കൊണ്ടു പ്രവാസി, സര്‍വീസ് വോട്ടര്‍മാരുടെയും അന്യസംസ്ഥാന തൊഴിലാളികളുടേയും വിഷയം കൂടുതല്‍ പഠിക്കാന്‍ സമിതി തീരുമാനിക്കുകയായിരുന്നു. മറ്റു രാജ്യങ്ങളിലെ രീതികള്‍ കൂടുതല്‍ പഠിച്ച് കുറ്റമറ്റ രീതി സ്വീകരിക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.