1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2017

സ്വന്തം ലേഖകന്‍: തിരുവനന്തപുരത്തേക്ക് നേരിട്ട് പറക്കാന്‍ സൗദി എയര്‍ലൈന്‍സ്, സഫലമാകുന്നത് പ്രവാസികളുടെ ഏറെ നാളത്തെ ആവശ്യം. സൗദി അറേബ്യയിലെ രണ്ട് വിമാനത്താവളങ്ങളില്‍നിന്ന് ഒക്ടോബര്‍ ഒന്നുമുതല്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചു. കൊച്ചിക്കു പുറമേ തിരുവനന്തപുരത്തേക്കും സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നതോടെ ദക്ഷിണ കേരളത്തിലുള്ള പ്രവാസികളുടെ യാത്രാക്ലേശത്തിന് ഒട്ടൊരു ആശ്വാസം ലഭിക്കും.

സൗദിയിലെ ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയിലേക്ക് മാത്രമാണ് നിലവില്‍ സൗദിയ സര്‍വീസ് നടത്തുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍നിന്ന് ആഴ്ചയില്‍ അഞ്ചുസര്‍വീസുകള്‍ തിരുവനന്തപുരം സെക്ടറില്‍ നടത്തുമെന്ന് സൗദിയ അറിയിച്ചു. റിയാദില്‍നിന്ന് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 4.40ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്ത് എത്തും. വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 3.35ന് ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്ത് എത്തുമെന്നും സൗദി എയര്‍ലൈന്‍സ് അറിയിച്ചു.

എ 330, 300 എയര്‍ബസ് വിമാനത്തില്‍ 42 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 307 സീറ്റുകളാണുള്ളത്. പുതിയ സര്‍വീസ് മാസം 6000 യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എയര്‍ ഇന്ത്യ തിരുവനന്തപുരം സെക്ടറില്‍ നേരിട്ട് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ചെറുവിമാനം ആയതിനാല്‍ 30 കിലോ ലഗേജ് മാത്രമാണ് അനുവദിക്കുന്നത്. എന്നാല്‍, സൗദിയ 46 കിലോ ലഗേജ് അനുവദിക്കും. സൗദി ആരോഗ്യവകുപ്പില്‍ ജോലിചെയ്യുന്നവര്‍ക്ക് സൗദി എയര്‍ലൈന്‍സ് ടിക്കറ്റാണ് മന്ത്രാലയം നല്‍കുന്നത്.

നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ കൊച്ചി വിമാനത്താവളം വഴിയാണ് യാത്രചെയ്യുന്നത്. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ആരോഗ്യ മന്ത്രാലയത്തിലെ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം തിരുവനന്തപുരം സര്‍വീസ് ആരംഭിക്കുന്നതോടെ കൊച്ചിയിലേക്കുള്ള തിരക്കിലും കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് സൗദി നിലവില്‍ നേരിട്ടുളള സര്‍വീസ് നടത്തുന്നത് എന്നതിനാല്‍ ഉത്സവ സീസണിലും മറ്റും ടിക്കറ്റിനായി കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.