1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2016

സ്വന്തം ലേഖകന്‍: സൗദിയിലും കുവൈത്തിലും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ഇന്ത്യക്കാര്‍ പ്രയാസം അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിദേശകാര്യ സഹമന്ത്രിമാരായ വി.കെ. സിങ്, എം.ജെ. അക്ബര്‍ എന്നിവരെ ചുമതലപ്പെടുത്തി.

ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി വി.കെ. സിങ് അടുത്ത ദിവസം സൗദിക്ക് പോകും. സൗദിയിലെയും കുവൈത്തിലെയും ഭരണാധികാരികളുമായി എം.ജെ. അക്ബര്‍ ചര്‍ച്ച നടത്തുമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് റിയാദിലെ ഇന്ത്യന്‍ എംബസി അധികൃതരോട് ആവശ്യപ്പെട്ടതായും സുഷമ സ്വരാജ് പറഞ്ഞു.

തൊഴില്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ ഒറ്റ ഇന്ത്യക്കാരനും സൗദിയില്‍ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാവില്ല. ഓരോ മണിക്കൂര്‍ ഇടവിട്ടും താന്‍ നേരിട്ട് സ്ഥിതി അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിരവധി ഇന്ത്യക്കാര്‍ തൊഴില്‍ നഷ്ടപ്പെട്ടും ശമ്പളം കിട്ടാതെയും ഫാക്ടറി അടച്ചുപൂട്ടുക വഴിയും പ്രയാസപ്പെടുന്നതായി മന്ത്രി വിശദീകരിച്ചു.

ഇതുമൂലം ഒട്ടേറെ ഇന്ത്യക്കാര്‍ കടുത്ത ദുരിതത്തിലാണ്. കുവൈത്തിലെ സ്ഥിതി കൈകാര്യംചെയ്യാന്‍ എളുപ്പമാണെങ്കിലും, സൗദിയിലെ കാര്യം അതല്ല. ഈ വിഷയം നേരിട്ട് ഇടപെട്ട് പരിഹരിക്കുന്നതിനാണ് സഹമന്ത്രിമാരെ നിയോഗിച്ചിരിക്കുന്നതെന്നും സുഷമ സ്വരാജ് പറഞ്ഞു. ജിദ്ദയില്‍ തൊഴില്‍ നഷ്ടപ്പെട്ട 800 ഇന്ത്യന്‍ തൊഴിലാളികള്‍ പട്ടിണിയിലാണെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് കേന്ദ്രം പ്രശ്‌നത്തില്‍ ഇടപെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.