1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2016

സ്വന്തം ലേഖകന്‍: സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം എത്തുന്നു. തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും ശമ്പളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി ആദ്യ വിമാനം നാളെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും. പ്രത്യേക ഹജ്ജ് വിമാനമാണ് ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരുന്നതിനായി ഉപയോഗിക്കുക.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് മടക്കിക്കൊണ്ടുവരന്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും. മാസങ്ങളായി തൊഴിലും ശമ്പളവുമില്ലാതെ പതിനായിരത്തിലേറെ ഇന്ത്യക്കാരാണ് സൗദിയില്‍ കഴിയുന്നത്. ഇവരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് വി.കെ സിംഗ് ജിദ്ദയില്‍ എത്തിയിരുന്നു. സൗദി തൊഴില്‍ മന്ത്രാലയവുമായി സിംഗും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തുകയും ചെയ്തു.

തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും തൊഴിലാളികളുടെ ക്യാമ്പ് സന്ദര്‍ശിക്കുന്നതിനും മൂന്ന് ദിവസം വി .കെ. സിങ് സൗദിയില്‍ തങ്ങും. കഴിഞ്ഞയാഴ്ച സൗദിയിലെ ഏറ്റവും വലിയ കോണ്‍ട്രാക്ടിoഗ് കമ്പനിയായ സൗദി ഓജര്‍ കമ്പനി പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍ ജിദ്ദ, മക്ക,തായിഫ് തുടങ്ങിയ ആറു ലേബര്‍ ക്യാമ്പുകളില്‍ 2500 ഇന്ത്യന്‍ തൊഴിലാളികളാണ് വഴിയാധാരമായത്.

റിയാദ്, മക്ക, മദീന, ജിസാന്‍, ഹായില്‍, അല്‍കോബാര്‍ തുടങ്ങിയ സൗദി കമ്പനിയിലും ആയിരക്കണക്കിന് തൊഴിലാളികളായ ഇന്ത്യക്കാരാണ് പ്രതിസന്ധിയിലാണ്. 58 ,000 ത്തോളം പേര്‍ ജോലിനോക്കുന്ന സൗദി ഓജര്‍ കമ്പനി കഴിഞ്ഞ ഏഴ് മാസത്തോളമായി തൊഴിലാളികള്‍ക്ക് വേതനം നല്‍കിയിട്ട്. കഴിഞ്ഞ 10 ദിവസം മുന്‍പ് ഇവിടുത്തെ തൊഴിലാളികളുടെ ക്യാമ്പില്‍ മെസും നിര്‍ത്തിയതോടെ ഇവര്‍ പട്ടിണിയിലുമായി.

വന്‍കിട കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനെ തുടന്ന് ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളുടെ വിവര ശേഖരണം ഇന്ത്യന്‍ എംബസിയും, ജിദ്ദ കോണ്‍സുലേറ്റും ആരംഭിച്ചു. ജിദ്ദയിലെ അല്‍ ഖുംറ, ശുമൈസി, ഹംദാനിയ, റിയാദിലെ ഖാദിസിയ്യ എന്നിവടങ്ങളിലാണ് കണക്കെടുപ്പുകള്‍ ആരംഭിച്ചത്. തൊഴില്‍ നഷ്ടപ്പെട്ടും, വേതനം ലഭിക്കാതെയും നാട്ടില്‍ പോകാന്‍ കഴിയാതെയുമായി പതിനായിരത്തോളം ഇന്ത്യക്കാര്‍ ഈ ക്യാമ്പുകളില്‍ മാത്രമായി ഉണ്ടെന്നാണ് കണക്ക്.

ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ വിലയിടവ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് വന്‍കിട നിര്‍മ്മാണ കമ്പനികള്‍ തകര്‍ന്നിടഞ്ഞത്. ശമ്പളമോ, ഭക്ഷണമോ, ചികിത്സയോ ലഭിക്കാതെ കഴിഞ്ഞിരുന്ന തൊഴിലാളികള്‍ ട്വിറ്ററിലൂടെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവരുടെ ദുരിതം പുറംലോകം അറിഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.