1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2016

സ്വന്തം ലേഖകന്‍: സൗദിയിലെ തൊഴില്‍ പ്രതിസന്ധി, തൊഴിലാളികള്‍ക്ക് താല്‍ക്കാലിക ആശ്വാസം, മന്ത്രി വികെ സിങ് ഇന്ത്യയിലേക്ക് മടങ്ങി. ചര്‍ച്ചകള്‍ക്കും ലേബര്‍ ക്യാമ്പ് സന്ദര്‍ശനങ്ങള്‍ക്കുമൊടുവില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ശേഷമാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് തിരിച്ചുപോയത്.

തൊഴിലാളികളുടെ താമസരേഖ സൗജന്യമായി പുതുക്കി നല്‍കാമെന്നും നാട്ടിലേക്ക് മടക്കി അയക്കുന്നതിന്റെ ചെലവ് വഹിക്കാമെന്നും സൗദി അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കൂടാതെ തൊഴിലാളികള്‍ക്ക് മറ്റു കമ്പനികളിലേക്ക് മാറാന്‍ അനുമതിയും ആനുകൂല്യങ്ങള്‍ കിട്ടാനുള്ളവര്‍ക്ക് നിയമസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം, നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ യാത്രാ സമയം തീരുമാനമായിട്ടില്ല. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍നിന്നായി 400 പേരാണ് മടങ്ങുന്നത്. ഇവരുടെ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ അധികൃതരുടെ കണക്കനുസരിച്ച് സൗദിയില്‍ മൊത്തം പ്രതിസന്ധിയിലായ ഇന്ത്യക്കാരുടെ എണ്ണം 9520 ആണ്.

റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്നുള്ള കണക്കുകളാണിത്. വി.കെ. സിങ്ങിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചത്. തുടക്കത്തില്‍ റിയാദില്‍ മാത്രം 2016 പേരാണ് നാട്ടില്‍ പോകാന്‍ തയാറായിരുന്നത്. എന്നാല്‍, മന്ത്രിയുടെ വരവുണ്ടാവുകയും തൊഴില്‍ വകുപ്പിന്റെ ഇടപെടലുണ്ടാവുകയും ചെയ്തതോടെ മഹാഭൂരിപക്ഷം തൊഴിലാളികളും നാട്ടില്‍ പോകുന്നതില്‍നിന്ന് പിന്മാറി.

സൗദി തൊഴില്‍ വകുപ്പ് നിയമസഹായം വാഗ്ദാനം ചെയ്തതോടെ ദീര്‍ഘനാളായി ഈ കമ്പനികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷ കൈവന്നിട്ടുണ്ട്. രേഖകള്‍ പുതുക്കിക്കിട്ടുന്നതോടെ മറ്റു കമ്പനികളിലേക്ക് മാറാമെന്ന കണക്കുകൂട്ടലും തൊഴിലാളികളെ ഇവിടത്തെന്നെ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതയാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.