1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2019

സ്വന്തം ലേഖകൻ: പണം വാങ്ങി വഞ്ചിച്ചുവെന്നും കരാര്‍ ലംഘിച്ചെന്നും ആരോപിച്ചുള്ള നിര്‍മാതാവ് ജോബി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ മറുപടിയുമായി ഷെയ്ന്‍ നിഗം. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിനുള്ള വിശദീകരണമല്ലെന്നും എന്നാല്‍ നിര്‍മാതാവ് പറഞ്ഞ ഒരൊറ്റ വരിക്ക് മറുപടി നല്‍കുന്നു എന്ന ആമുഖത്തോടെയാണ് ഷെയ്ന്‍ തുടങ്ങുന്നത്.

ജോബി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് വാര്‍ത്താസമ്മേളനത്തിനുള്ള മറുപടിയല്ല. അതിലുള്ള ഒരു വരിക്കുള്ള മറുപടിയാണ്, ആ വിഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്ന നല്ലവരായ ജനങ്ങളോടുള്ള മറുപടി കൂടിയാണ്. വെല്ലുവിളിയല്ല, എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കില്‍, എന്റെ റബ്ബ് ഉണ്ടെങ്കില്‍ ഞാനിനി മറുപടി തരുന്നില്ല, റബ്ബ് തന്നോളും- ഷെയ്ന്‍ പറഞ്ഞു.

ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയതായും ആക്ഷേപിച്ചതായും ആരോപിച്ച് നടന്‍ ഷെയ്ന്‍ നിഗം കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ‘വെയില്‍’ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞ ശേഷം മറ്റൊരു ചിത്രമായ ‘കുര്‍ബാനി’ക്കുവേണ്ടി പിന്നിലെ മുടി വെട്ടിയതിനെ തുടര്‍ന്ന് വെയിലിന്റെ ഷൂട്ടിങ് മുടക്കാനാണ് ഇത് ചെയ്തതെന്ന് ആരോപിച്ചാണ് നിര്‍മാതാവ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ന്‍ നിഗത്തിന്റെ ആരോപണം. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയാണ് ഷെയ്ന്‍ ജോബിക്കെതിരേ ആരാപണവുമായി രംഗത്തെത്തിയത്.

തുടര്‍ന്ന് ജോബി കൊച്ചിയില്‍ വാര്‍ത്തസമ്മേളനം നടത്തി. ഷെയ്‌നെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ ജോബി, 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ന്‍ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോള്‍ അത് 40 ലക്ഷമാക്കിയെന്നും ജോബി പറയുന്നു. ഭീഷണിപ്പെടുത്തുകയല്ല തന്റെ അവസ്ഥ പറയുകയാണുണ്ടായിരുന്നത്. സിനിമയുമായി സഹകരിക്കാതെ പോയാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു.

വെയിലിനായി വായ്പയെടുത്താണ് പൈസ മുടക്കിയത്. 4 കോടി 82 ലക്ഷം ഇതിനകം മുടക്കി. ചിത്രീകരണം ഇനിയും നീണ്ടുപോയാല്‍ സാമ്പത്തികമായി ബാധിക്കും. അതിനാലാണ് നായകനോട് കൂടുതല്‍ സമയം ഈ പടവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടത്. 30 ലക്ഷം കൈപ്പറ്റിയിട്ടും പടം മുഴുവനാക്കാന്‍ നിന്നു തന്നിട്ടില്ല.

വെയിലിന്റെ ഷൂട്ട് തീരുന്നതു വരെ താടിയും മുടിയും വടിക്കരുതെന്ന നിബന്ധന ഉണ്ടായിരുന്നു അതില്‍ ഒപ്പുവച്ച ഷെയ്ന്‍ നിബന്ധന ലംഘിച്ചു, ഇതിന്റെ എഗ്രിമെന്റ് തന്റെ കൈവശമുണ്ട്. ഉറക്കത്തില്‍ മുടി വെട്ടിയത് അറിഞ്ഞില്ലെന്നാണ് ഷെയ്ന്‍ പറയുന്നത്. ‘സ്വന്തം മുടി വെട്ടുന്നതു പോലും അറിയാത്ത വിധം ഷെയിനെ എന്താണ് സ്വാധീനിക്കുന്നത്?’- ഈ വാചകത്തിനാണ് ഇപ്പോള്‍ ഷെയ്ന്‍ മറുപടി നല്‍കിയിരിക്കുന്നത്.

https://www.instagram.com/p/B3vl_ZjJMOL/?utm_source=ig_web_copy_link

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.